10,000ത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷമുള്ള 52 മണ്ഡലങ്ങള്‍; അതില്‍ 26 മണ്ഡലങ്ങളില്‍ ലീഡ് അയ്യായിരത്തില്‍ താഴെ; മഞ്ചേശ്വരവും, നേമവും, പാലക്കാടും, കുറ്റ്യാടിയും, തൃശൂരുമടക്കമുള്ള ഹോട്ട് സീറ്റുകളില്‍ നെഞ്ചിടിപ്പ്; കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കുന്ന ചാഞ്ചാടുന്ന മണ്ഡലങ്ങളെ അറിയാം

കേരളത്തില്‍ ഭരണമാറ്റമുണ്ടാക്കുന്ന ചാഞ്ചാടുന്ന മണ്ഡലങ്ങളെ അറിയാം

Update: 2026-03-31 16:56 GMT

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കുറഞ്ഞവോട്ടിന് കൈവിട്ട മണ്ഡലങ്ങള്‍ ഇത്തവണയും നിര്‍ണായകം. അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തില്‍ നിയമസഭയിലെത്തിയ 26 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. 52 മണ്ഡലങ്ങളാണ് പതിനായിരത്തില്‍ താഴെ ഭുരിപക്ഷമുള്ളത്. ഇത്തവണയും കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. ഈ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്, ഭരണമാറ്റവും ഉണ്ടാക്കുന്നത്. 140 മണ്ഡലങ്ങളില്‍ 10,000ത്തില്‍ താഴെ വോട്ടുകള്‍ക്ക് വിജയിച്ച 52 മണ്ഡലങ്ങള്‍ ഇക്കുറി ആര്‍ക്കൊപ്പം നില്‍ക്കും എന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറുന്നത

38 വോട്ടുമുതലുള്ള ചെറിയ ലീഡുകള്‍

ഇതില്‍ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം പെരിന്തല്‍മണ്ണയില്‍ നിന്ന് ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റേതാണ്. വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം എംഎല്‍എ ആയത്. കുറ്റ്യാടിയില്‍ സിപിഎമ്മിന്റെ കെ. പി. കുഞ്ഞമ്മദ് കുട്ടി വിജയിച്ചത് 333 വോട്ടിന്റെ വ്യത്യാസത്തിലാണ്. മഞ്ചേശ്വരത്ത് ലീഗ് നേതാവ് എ.കെ.എം അഷറഫിന്റെ ഭൂരിപക്ഷം 745 ആണ്. ഇവിടെ ബിജെപി നേതാവ് കെ സുരേന്ദ്രനാണ് രണ്ടാമതെത്തിയത്. തൃശൂരില്‍ എല്‍ഡിഎഫിലെ പി. ബാലചന്ദ്രന്റെ ഭൂരിപക്ഷം 946 ആണ്. താനൂരില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ 985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത്തവണ താനൂരില്‍ മത്സരിക്കാതെ അബ്ദുറഹിമാന്‍ തിരൂരിലേക്ക് പോയിരിക്കയാണ്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസിന്റെ കെ ബാബുവിന് ലഭിച്ചത് 992 വോട്ടിന്റെ ഭൂരിപക്ഷം. ചാലക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സനീഷ്‌കുമാര്‍ ജോസഫിന് ലഭിച്ചത് 1,057 വോട്ടിന്റെ ലീഡാണ്.

1,096 വോട്ടായിരുന്നു ചവറ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, ഡോ. സുജിത്ത് വിജയന്‍പിള്ളയുടെ ഭൂരിപക്ഷം. ആര്‍എസ്പിയുടെ ഷിബുബേബി ജോണിനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. ഇത്തവണയും ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ തീ പാറുകയാണ്. റാന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, കേരളാ കോണ്‍ഗ്രസ് എമ്മിലെ അഡ്വ. പ്രമോദ് നാരായണ്‍ 1,285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ലഭിച്ചത് 1,745 വോട്ടിന്റെ ഭൂരിപക്ഷം. പീരുമേട്ടില്‍ സിപിഐ വാഴൂര്‍ സോമന്റേത് 1,835 വോട്ടിന്റെ ഭൂരിപക്ഷം. കൊല്ലത്ത് എല്‍ഡിഎഫിലെ നടന്‍ എം. മുകേഷിന്റേത് 2,072 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഇത്തവണ മുകേഷിന് സീറ്റ് കൊടുത്തിട്ടില്ല. തവനൂരില്‍ എല്‍ഡിഎഫിലെ ഡോ. കെ. ടി. ജലീല്‍ ജയിച്ചത് 2,564 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. നിലമ്പൂരില്‍ പി. വി. അന്‍വറിന്റെ ഭൂരിപക്ഷം 2,700. പിന്നീട് ഇവിടെ അന്‍വര്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ മണ്ഡലം ആര്യാടന്‍ ഷൗക്കത്ത് പിടിച്ചു. ഭൂരിപക്ഷം 11,000ത്തിലേറെ വോട്ടുകളായി ഉയര്‍ത്തി. ട്വന്റി ട്വന്റി കടുത്ത ഭീഷണി ഉയര്‍ത്തിയ കുന്നത്തുനാട്ടില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി. വി. ശ്രീനിജിന്റെ ഭൂരിപക്ഷം 2,715 മാത്രമാണ്. ഇത്തവണ എന്‍ഡിഎയില്‍ ട്വന്റിട്വന്റി എത്തിയതോടെ ഇവിടെ മത്സരം കടുക്കുകയാണ്.

പെരുമ്പാവൂരില്‍ കോണ്‍ഗ്രസിലെ എല്‍ദോസ് കുന്നപ്പിള്ളി 2,899 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ഇത്തവണ എല്‍ദോസിന് സീറ്റുകൊടുത്തിട്ടില്ല. അടൂരില്‍ സിപിഐയിലെ ചിറ്റയം ഗോപകുമാറിന് ലഭിച്ചത് 2,919 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായത്. കുന്നത്തൂരില്‍ എല്‍ഡിഎഫിലെ കോവൂര്‍ കുഞ്ഞുമോന്റെ ഭൂരിപക്ഷം 3,009. തൃത്താലയില്‍ എം. ബി. രാജേഷിന്റെ ഭൂരിപക്ഷം 3,016. പേരാവൂരില്‍ ഇപ്പോള്‍ കെ പിപിസി പ്രസിഡന്റ് കൂടിയാ സണ്ണി ജോസഫ് ജയിച്ചത് 3,172 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഇത്തവണ കെ കെ ശൈലജ ടീച്ചറെ ഇറക്കി മത്സരം കടുപ്പിക്കയാണ് എല്‍ഡിഎഫ്.

പാലക്കാടും നേമവുമടക്കമുള്ള ഇഞ്ചോടിഞ്ച്

പാലക്കാട് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് ലഭിച്ചത് 3,859 വോട്ടുകളുടെ ഭൂരിപക്ഷം. ഷാഫി എംപിയായതിനെ തുടര്‍ന്നുണ്ടായ ഉപ തിരഞ്ഞെടുപ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇവിടെ ബിജെപിയാണ് രണ്ടാമത്് എത്തിയത്. ഇത്തവണ കോണ്‍ഗ്രസ് നടന്‍ രമേഷ് പിഷാരടിയെയും, ബിജെപി ശോഭാ സുരേന്ദ്രനെയും രംഗത്തിറക്കിയതോടെ കടുത്ത മത്സരമാണ്.

നേമത്ത് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 3,949 വോട്ട് മാത്രമാണ്. ഇവിടെ ബിജെപിയാണ് രണ്ടാമത്. ഇത്തവണ രാജീവ് ചന്ദ്രശേഖറിനെ ഇറക്കി കടുത്ത മത്സരമാണ് ബിജെപി നടത്തുന്നത്. നാദാപുരത്ത് സിപിഐ നേതാവ് ഇ. കെ. വിജയന്‍ ജയിച്ചത് 4,036 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കടുത്തുരുത്തിയില്‍ യുഡിഎഫിയെ അഡ്വ. മോന്‍സ് ജോസഫിന് കിട്ടിയത് 4,256 വോട്ടിന്റെ ഭൂരിപക്ഷം. കുണ്ടറയില്‍ കോണ്‍ഗ്രസിലെ പി. സി. വിഷ്ണുനാഥിന് ലഭിച്ചത് 4,454 വോട്ടിന്റെ ഭൂരിപക്ഷം. കോഴിക്കോട് തിരുവമ്പാടിയില്‍ സിപിഎമ്മിലെ ലിന്റോ ജോസഫന്റെ ഭൂരിപക്ഷം 4,643 വോട്ടുകളാണ്.

അരുവിക്കര, കുട്ടനാട്, ഇടുക്കി, ഇരിങ്ങാലക്കുട, തുടങ്ങിയ സീറ്റുകള്‍ യുഡിഎഫിന് നഷ്ടപ്പെട്ടത് അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ചങ്ങനാശ്ശേരി, അഴീക്കോട്, ചേര്‍ത്തല, കായംകുളം, കോതമംഗലം എന്നിവ ആറായിരത്തില്‍പ്പരം വോട്ടിന് ഐക്യമുന്നണിക്ക് നഷ്ടമായി. അരൂര്‍, തിരുവനന്തപുരം, ദേവികുളം, വൈപ്പിന്‍, എന്നിവ ഏഴായിരത്തില്‍പ്പരം വോട്ടിനും, കൊയിലാണ്ടി, കോന്നി, എന്നിവ എണ്ണായിരത്തില്‍പ്പരം വോട്ടിനും, മാനന്തവാടി, കൂത്തുപറമ്പ് എന്നിവ ഒമ്പതിനായിരത്തില്‍പ്പരം വോട്ടിനുമാണ് യുഡിഎഫിന് നഷ്ടമായത്.

എല്‍ഡിഎഫിനാവട്ടെ, കല്‍പ്പറ്റ, മണ്ണാര്‍ക്കാട് എന്നിവ അയ്യായരത്തിപ്പരം വോട്ടിനും. മൂവാറ്റുപുഴ, മങ്കട, കൊടുവള്ളി എന്നീ മണ്ഡലങ്ങള്‍ ആറായിരത്തോളം വോട്ടുകള്‍ക്കും നഷടമായി. തിരൂര്‍,വടകര എന്നിവടങ്ങില്‍ ഏഴായിരത്തോളം വോട്ടിനാണ് ഇടതുമുന്നണി തോറ്റത്. പുതുപ്പളി 9,044 വോട്ടിനും, തിരൂരങ്ങാടി 9,578 വോട്ടിനുമാണ് ഇടതിന് നഷ്ടമായത്.

Tags:    

Similar News