കോഴിയെ കട്ടവന്റെ തലയില്‍ പൂടയുണ്ട്, അതുകൊണ്ട് ആരും മിണ്ടില്ല! കരിമണല്‍ കര്‍ത്തയുടെ മാസപ്പടി ഡയറി മറുനാടന്! കേരളം നടുങ്ങും, രാഷ്ട്രീയ ഭൂകമ്പം നാളെ! കര്‍ത്തയുടെ 350 കോടിയുടെ ഡയറിയിലെ 'പിവി' മുതല്‍ 'ആര്‍സി' വരെ ഉള്ളവവര്‍ കുടുങ്ങും; സകല ഉന്നതരുടെയും പേരുകള്‍ അടക്കം അതീവ രഹസ്യങ്ങള്‍ നാളെ പുറത്ത്
കരിമണല്‍ കര്‍ത്തയുടെ മാസപ്പടി ഡയറി മറുനാടന്!
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ, കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കാവുന്ന ഒരു സുപ്രധാന വെളിപ്പെടുത്തലുമായി മറുനാടന്‍ മലയാളി. കരിമണല്‍ കര്‍ത്ത എന്നറിയപ്പെടുന്ന ശശിധരന്‍ കര്‍ത്തയുടെ അതീവ രഹസ്യമായ 'മാസപ്പടി ഡയറി'യിലെ നിര്‍ണായക വിവരങ്ങള്‍ മറുനാടന് ലഭിച്ചു. രഹസ്യരേഖ നാളെ പുറത്തുവിടും. തിരഞ്ഞെടുപ്പ് കാലത്ത് പുറത്തുവരുന്ന ഈ വിവരങ്ങള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളെയും പ്രതിക്കൂട്ടിലാക്കുമെന്ന് ഉറപ്പാണ്.
എന്താണ് മാസപ്പടി കേസ്?
കരിമണല്‍ ഖനനത്തിനായി ശശിധരന്‍ കര്‍ത്തയുടെ കമ്പനി പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും മറ്റും നിയമവിരുദ്ധമായി പണം നല്‍കിയെന്നതാണ് മാസപ്പടി കേസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ കര്‍ത്തയുടെ കമ്പനിയില്‍ നിന്നും പണം കൈപ്പറ്റിയെന്ന് ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതോടെയാണ് ഈ വിവാദം പൊതുമധ്യത്തില്‍ എത്തുന്നത്. തുടര്‍ന്ന് ഡയറിയിലെ ചുരുക്കെഴുത്തുകളെച്ചൊല്ലി (PV, OC, RC) വലിയ തര്‍ക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും കൃത്യമായ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
പേരുകളിലെ നിഗൂഢതയും അവ്യക്തതയും
ഡയറിയിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് നടന്നത്. ഡയറിയില്‍ സൂചിപ്പിച്ചിരിക്കുന്ന ചുരുക്കെഴുത്തുകള്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളുടേതാണെന്ന് ആരോപണമുയര്‍ന്നു:
'PV' - പിണറായി വിജയന്‍
'OC' - ഉമ്മന്‍ചാണ്ടി
'RC' - രമേശ് ചെന്നിത്തല
എന്നിരുന്നാലും, ഈ ആരോപണങ്ങള്‍ പിണറായി വിജയന്‍ ശക്തമായി നിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി ഇടപാടിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് നിയമപോരാട്ടം ആരംഭിച്ചെങ്കിലും നിലവില്‍ ആ കേസിന്റെ പുരോഗതിയെക്കുറിച്ചോ ഡയറിയിലെ മറ്റ് പേരുകളെക്കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഡയറിയിലെ യഥാര്‍ത്ഥ വിവരങ്ങള്‍ അതീവ ഗൗരവകരമാണ്. അത് പുറത്തുവരാതിരിക്കാന്‍ പല സ്ഥാപിത താല്‍പര്യക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി പട്ടികയില്‍ ഉള്‍പ്പെടാത്തവരായി ആരും തന്നെയില്ല എന്നതാണ് വാസ്തവം. കര്‍ത്തയുടെ പണം പറ്റാത്തവരായി ആരും തന്നെയില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഭരണ-പ്രതിപക്ഷ ഭേദമന്യേ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ലിസ്റ്റിലുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് പുറമെ പ്രമുഖ സമുദായ നേതാക്കളും കര്‍ത്തയുടെ മാസപ്പടി വാങ്ങിയിട്ടുണ്ട്. വാര്‍ത്തകള്‍ ഒതുക്കിത്തീര്‍ക്കാനും അനുകൂല നിലപാട് സ്വീകരിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കും പണം നല്‍കിയിട്ടുണ്ട്.
350 കോടിയുടെ അഴിമതി കണക്കുകള്‍
കേരളത്തിന്റെ കടല്‍തീരത്തെ കരിമണല്‍ നിസ്സാരവിലയ്ക്ക് സ്വന്തമാക്കി ശതകോടികള്‍ ലാഭമുണ്ടാക്കാന്‍ കര്‍ത്ത നടത്തിയത് വന്‍ അഴിമതിയാണെന്ന് വ്യക്തമായി. ഏകദേശം 350 കോടി രൂപ പലര്‍ക്കായി കര്‍ത്ത കൈക്കൂലി നല്‍കി. കര്‍ത്ത നല്‍കിയ ഓരോ രൂപയ്ക്കും കൃത്യമായ തീയതിയും വ്യക്തിയുടെ പേരും സഹിതം ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ മറ്റ് മാധ്യമങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ തയ്യാറാകില്ല. 'എല്ലാവരുടെയും തലയില്‍ കോഴിയെ കട്ടവന്റെ പൂടയുണ്ട്' എന്നതുകൊണ്ടാണ് പലരും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത്. എന്നാല്‍ ആരുടെയും പണം കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ സധൈര്യം രഹസ്യരേഖ നാളെ മറുനാടന്‍ പുറത്തുവിടും.
നിയമപോരാട്ടവും വെളിപ്പെടുത്തലും
ലഭിച്ച ഡയറിയിലെ വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനും നിയമപരമായ തടസ്സങ്ങള്‍ ഒഴിവാക്കാനുമായി മറുനാടന്‍ നിലവില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം ലഭിച്ചാലുടന്‍ അതീവ ജാഗ്രതയോടെ ഓരോ പേരുകളും തെളിവ് സഹിതം പുറത്തുവിടും.
തിരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കും
നിലവിലെ തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ഈ വെളിപ്പെടുത്തല്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നും ഉറപ്പാണ്. വരും ദിവസങ്ങളില്‍ കേരളം കേള്‍ക്കാന്‍ പോകുന്നത് ഞെട്ടിക്കുന്ന പേരുവിവരങ്ങളായിരിക്കും.
വീണ വിജയന് എതിരായ കേസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും യാതൊരു സേവനവും നല്‍കാതെ മാസപ്പടി ഇനത്തില്‍ കോടികള്‍ കൈപ്പറ്റിയെന്ന ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് ഇഡിയുടെ അന്വേഷണത്തിലേക്ക് എത്തിച്ചത്. വീണ വിജയനും എക്സാലോജിക് കമ്പനിക്കും നല്‍കാത്ത സേവനത്തിന്റെ പേരില്‍ സിഎംആര്‍എല്‍ (CMRL) കമ്പനി 1.72 കോടി രൂപ നല്‍കിയെന്നാണ് സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. ഈ തുകയ്ക്ക് പുറമെ 'വായ്പ' എന്ന പേരില്‍ ഏകദേശം അരക്കോടി രൂപയോളം അധികമായും നല്‍കിയിട്ടുണ്ട്. ഇല്ലാത്ത സേവനത്തിന് പണം കൈപ്പറ്റുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (PMLA) പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.
