പോലീസിനെക്കൊണ്ട് സല്യൂട്ട് അടിപ്പിച്ചു, സുരേഷ് ഗോപിയെ പുകഴ്ത്തി എല്‍ഡിഎഫിനെ ഞെട്ടിച്ചു; വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്‍വാപ്‌സി! തൃശ്ശൂരിന്റെ സ്വന്തം എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേക്ക് മടങ്ങി; പുറത്താക്കിയിട്ടില്ല, താന്‍ സ്വയം പോയതെന്ന് വര്‍ഗീസ്; രാജന്‍ പല്ലന്‍ മന്ത്രിയാകുമെന്ന് പ്രവചിച്ച് മുന്‍ മേയറുടെ മാസ് എന്‍ട്രി

വിവാദനായകന്‍ എം.കെ. വര്‍ഗീസിന് ഒടുവില്‍ ഘര്‍വാപ്‌സി!

Update: 2026-04-01 10:33 GMT

തൃശ്ശൂര്‍: തൃശ്ശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജന്‍ പല്ലന് നിരുപാധിക പിന്തുണ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 'കുടുംബത്തിലേക്ക് മടങ്ങിയെത്തി' എന്ന് വിശേഷിപ്പിച്ച്, ഇത് ഒരു 'ഘര്‍ വാപ്‌സി'യാണെന്നും വര്‍ഗീസ് പ്രതികരിച്ചു.

അഞ്ച് വര്‍ഷം മുമ്പ് കൗണ്‍സിലര്‍ സ്ഥാനം നിഷേധിച്ചതിനെ തുടര്‍ന്നാണ് എം കെ വര്‍ഗീസ് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചത്. പിന്നീട് ഇടതുമുന്നണിയുടെ പിന്തുണയോടെ തൃശ്ശൂര്‍ മേയര്‍ സ്ഥാനം വഹിക്കുകയായിരുന്നു അദ്ദേഹം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നില്ല. തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതല്ല. അന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരിച്ചതാണ്. ഇന്ന് സാഹചര്യം മാറി. കോണ്‍ഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണെന്നും അദ്ദേഹം വ്യക്തമാക്കി.തൃശ്ശൂരില്‍ രാജന്‍ പല്ലന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, മന്ത്രിയാകാന്‍ സാധ്യതയുണ്ടെന്നും എം കെ വര്‍ഗീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മുന്‍ സൈനികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന എം.കെ. വര്‍ഗീസിന് 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം നെട്ടിശ്ശേരി ഡിവിഷനില്‍ നിന്നാണ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എല്‍ഡിഎഫിനും യുഡിഎഫിനും 24 സീറ്റുകള്‍ വീതം ലഭിച്ച് ഭരണത്തില്‍ ആര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, വര്‍ഗീസിന്റെ നിലപാട് നിര്‍ണ്ണായകമായി. അദ്ദേഹത്തെ മേയറാക്കാന്‍ സമ്മതിച്ചുകൊണ്ട് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിക്കുകയായിരുന്നു.

തുടക്കത്തില്‍ രണ്ടര വര്‍ഷത്തേക്ക് നിശ്ചയിച്ചിരുന്ന മേയര്‍ പദവിയില്‍ തുടക്കമിട്ട വര്‍ഗീസിന് പിന്നീട് ഭാഗ്യം വീണ്ടും തുണയായി. പുല്ലഴി ഡിവിഷനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം നേടാന്‍ കഴിയാതെ വന്നതോടെ, അദ്ദേഹത്തിന്റെ മേയര്‍ പദവി ചോദ്യം ചെയ്യപ്പെടാത്ത ഒന്നായി മാറി.

തന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ നിരവധി വിവാദങ്ങളിലും എം.കെ. വര്‍ഗീസ് നിറഞ്ഞുനിന്നു. പോലീസുകാര്‍ തന്നെ സല്യൂട്ട് ചെയ്യണം എന്ന ആവശ്യം മുതല്‍ നടന്‍ സുരേഷ് ഗോപിയെ പരസ്യമായി പ്രകീര്‍ത്തിച്ചത് വരെയുള്ള സംഭവങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. അതേസമയം, ആകാശപ്പാത, ഐ.എം. വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് തുടങ്ങിയ നിരവധി വികസന നേട്ടങ്ങളും അദ്ദേഹത്തിന്റേതായി എടുത്തുപറയാനുണ്ട്.

Tags:    

Similar News