ട്രംപിന്റെ പിന്മാറ്റത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയോ അതോ സൈബര്‍ ഭീഷണിയോ? അമേരിക്ക കൈവിട്ടാലും ഇസ്രയേല്‍ പോരാട്ടം തുടരുമോ? ഇറാനെതിരെ പുതിയ സഖ്യനീക്കം; ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി; ഹിസ്ബുള്ള ഒരു ഭീഷണി അല്ലെന്നും മേഖലയില്‍ ഇറാന്റെ സ്വാധീനം കുറച്ചെന്നും നെതന്യാഹു
ടെല്‍ അവീവ്: പശ്ചിമേഷ്യയെ യുദ്ധമുനയില്‍ നിര്‍ത്തിക്കൊണ്ട് ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ച അമേരിക്കയും ഇസ്രായേലും സൈനിക നീക്കം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഭിന്നതയെന്ന് സൂചന. ഇറാനിലെ സൈനിക ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുമ്പോള്‍, ഇറാനെ പൂര്‍ണ്ണമായും തകര്‍ക്കുന്നത് വരെ ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഒരേ ലക്ഷ്യത്തോടെ യുദ്ധക്കളത്തിലിറങ്ങിയ സഖ്യകക്ഷികള്‍ക്കിടയിലെ ഈ ഭിന്നത വരും ദിവസങ്ങളില്‍ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തല്‍.
ഇറാനില്‍ നിന്നുള്ള ഭീഷണിയെ നേരിടുന്നതിനായി മേഖലയിലെ പ്രധാന രാജ്യങ്ങളുമായി പുതിയ സഖ്യങ്ങള്‍ രൂപീകരിക്കുന്നതായി ബെഞ്ചമിന്‍ നെതന്യാഹു വെളിപ്പെടുത്തി. ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെ സൈനിക, ആണവ അഭിലാഷങ്ങളെക്കുറിച്ചുള്ള പൊതുവായ ആശങ്കകള്‍ കാരണം ഇസ്രയേലും ചില അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാകുന്നതായാണ് സൂചന. ഈ സഖ്യത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ പേരുകള്‍ നെതന്യാഹു വെളിപ്പെടുത്തിയില്ലെങ്കിലും, ഈ പ്രധാനപ്പെട്ട ഉടമ്പടികളെ കുറിച്ച് ഉടന്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
ഇറാന്റെ ആണവ പദ്ധതിക്കും ബാലിസ്റ്റിക് മിസൈല്‍ ശേഷിക്കും എതിരായ ആക്രമണങ്ങളിലൂടെ നേരിട്ടുള്ള ഭീഷണി ഒഴിവാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആയുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇറാന്റെ ശേഷിയെ ഇസ്രായേല്‍ തകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, ഇറാനിലെ ഭരണകൂടം വൈകാതെ തന്നെ തകരുമെന്നും അദ്ദേഹം പ്രവചിച്ചു. മേഖലയിലെ മറ്റ് സാഹചര്യങ്ങളെക്കുറിച്ച് സംസാരിക്കവെ, ഹിസ്ബുള്ള ഇനി ഇസ്രായേലിന് ഒരു ഭീഷണി അല്ലെന്ന് നെതന്യാഹു പറഞ്ഞു. മേഖലയില്‍ ഇറാന്റെ സ്വാധീനം കുറയ്ക്കാന്‍ സാധിച്ചതും ഹിസ്ബുള്ളയുടെ ഭീഷണി കുറയാന്‍ കാരണമായി അദ്ദേഹം കാണുന്നു. ഇറാന്റെ ആണവ പദ്ധതികള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ ശേഷിക്കും എതിരെ ഇസ്രായേല്‍ നടത്തിയ ശക്തമായ ആക്രമണങ്ങള്‍ ഹിസ്ബുള്ളയെപ്പോലുള്ള ഇറാന്‍ അനുകൂല സംഘടനകളുടെ ശക്തി കുറയ്ക്കാന്‍ സഹായിച്ചു എന്ന് നെതന്യാഹു പറയുന്നു.
ഇറാന്റെ ആണവ പദ്ധതികളും പ്രാദേശികമായ ഇടപെടലുകളും ലോകസമാധാനത്തിന് ഭീഷണിയാണെന്നും, ഇത് നേരിടാന്‍ ഇസ്രായേല്‍ ഒറ്റയ്ക്കല്ലെന്നും നെതന്യാഹു പറഞ്ഞു. പുതിയ സഖ്യങ്ങള്‍ വഴി അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ കൈമാറുന്നതിനും സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിനും പദ്ധതിയുണ്ട്. അമേരിക്കയുമായുള്ള ബന്ധം ശക്തമായി തുടരുമ്പോള്‍ തന്നെ, മറ്റ് ആഗോള ശക്തികളെ കൂടി ഉള്‍പ്പെടുത്തി ആക്രമണ സഖ്യം വിപുലീകരിക്കാനാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ അമേരിക്കയുടെ നിലപാടില്‍ ഇപ്പോള്‍ മാറ്റമുണ്ട്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇറാനെതിരെയാ യുദ്ധത്തില്‍ നിന്ന് കരാറില്ലാതെ തന്നെ പിന്മാറാന്‍ ആലോചിക്കുന്നുവെന്നാണ് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രസ്താവിച്ചത്.
ഇറാനുമായുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയ സാഹചര്യത്തില്‍, അറബ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുതല്‍ ആഗോള സഖ്യങ്ങള്‍ക്കായി ഇസ്രായേല്‍ നീക്കം നടത്തുന്നത്. മേഖലയില്‍ ഇറാന്റെ സ്വാധീനം കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇസ്രായേലിന്റെ നീക്കം. നെതന്യാഹുവിന്റെ ഈ നീക്കം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. അതേസമയം ഇസ്രായേലിന്റെ നീക്കത്തോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേ സമയം ഇറാനുമായുള്ള ഔദ്യോഗിക ഉടമ്പടികള്‍ക്ക് കാത്തുനില്‍ക്കാതെ തന്നെ അധിനിവേശം അവസാനിപ്പിക്കാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. ഇറാന്റെ ആണവശേഷി ഗണ്യമായി കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടാലുടന്‍ പിന്മാറുമെന്നും ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് തനിക്ക് പ്രധാനമെന്നും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാന്‍ ഇനി മറ്റു രാജ്യങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഎസിനുള്ളില്‍ നിന്ന് തന്നെ നേരിടുന്ന ശക്തമായ രാഷ്ട്രീയ എതിര്‍പ്പുകളും സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിനെ ഈ പെട്ടെന്നുള്ള പിന്മാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ, അമേരിക്കന്‍ കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ സൈബര്‍ ഭീഷണികളും ഈ നീക്കത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കപ്പെടുന്നു.
എന്നാല്‍ അമേരിക്കയുടെ ഈ പിന്മാറ്റ പ്രഖ്യാപനം ഇസ്രായേലിനെ തെല്ലും പിന്തിരിപ്പിക്കുന്നില്ല. അമേരിക്ക പിന്മാറിയാലും ഇറാനെതിരായ പോരാട്ടം തുടരുമെന്ന സൂചനയാണ് നെതന്യാഹു നല്‍കുന്നത്. ഇറാനിയന്‍ ഭരണകൂടം വൈകാതെ തകരുമെന്നും ഇറാന്റെ ആണവ-മിസൈല്‍ ശേഷി തകര്‍ക്കുന്നതില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ നിലപാടില്‍ മാറ്റം വന്നതോടെ, ഇറാനെ നേരിടാന്‍ ഏഷ്യയിലെയും യൂറോപ്പിലെയും പ്രമുഖ ശക്തികളെ ഉള്‍പ്പെടുത്തി പുതിയൊരു സൈനിക-നയതന്ത്ര സഖ്യം രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇസ്രായേല്‍. ഏതൊക്കെ രാജ്യങ്ങളാണ് ഈ സഖ്യത്തിലുള്ളതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും, ഉടന്‍ തന്നെ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് നെതന്യാഹു സുരക്ഷാ യോഗത്തില്‍ അറിയിച്ചു.
അതേസമയം, ശത്രുക്കള്‍ ആക്രമിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ സമാധാനത്തിന് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞെങ്കിലും അമേരിക്ക മുന്നോട്ട് വെച്ച 15 നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുക, ഹോര്‍മുസ് കടലിടുക്ക് തുറന്നു നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് യുഎസ് ഉന്നയിച്ചത്. ഇതിന് പകരമായി ഇറാന്‍ മുന്നോട്ട് വെച്ച അഞ്ച് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്നാണ് അവരുടെ നിലപാട്. അമേരിക്കയുമായി നേരിട്ട് ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയതോടെ നയതന്ത്ര പ്രതിസന്ധി തുടരുകയാണ്. അമേരിക്ക പിന്മാറുകയും ഇസ്രായേല്‍ പുതിയ സഖ്യങ്ങളുമായി ആക്രമണം തുടരുകയും ചെയ്താല്‍ അത് പശ്ചിമേഷ്യയെ കൂടുതല്‍ രക്തരൂഷിതമായ സാഹചര്യങ്ങളിലേക്ക് നയിക്കും. ആഗോള വിപണിയെയും ഊര്‍ജ്ജ മേഖലയെയും തകിടം മറിച്ച ഈ യുദ്ധം ലോകക്രമത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. വരും ദിവസങ്ങളില്‍ ട്രംപ് നടത്താനിരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനത്തിലേക്കാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.
