'ദൗത്യം പൂര്‍ത്തിയായി! ഇത് ഞങ്ങളുടെ മാത്രം പ്രശ്നമല്ല'; സഖ്യകക്ഷികളെ നടുക്കടലിലാക്കി പശ്ചിമേഷ്യയില്‍ നിന്നും യുഎസ് മടങ്ങുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കന്‍ സൈന്യം പിന്മാറുമെന്ന സൂചന നല്‍കി ട്രംപ്; 'ഒന്നുകില്‍ അമേരിക്കന്‍ എണ്ണ വാങ്ങുക, അല്ലെങ്കില്‍ ധൈര്യമുണ്ടെങ്കില്‍ ഹോര്‍മുസ് പിടിച്ചെടുക്കുക' എന്ന് സഖ്യകക്ഷികളോട് ട്രംപ്; ലോകം ഉറ്റുനോക്കിയ 'യുദ്ധം' അന്തിമ ഘട്ടത്തിലോ?

Update: 2026-04-01 05:13 GMT

വാഷിങ്ടന്‍: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇറാന്‍-യുഎസ് പോരാട്ടം അപ്രതീക്ഷിത വഴിത്തിരിവിലേക്ക്. ഇറാനെതിരായ സൈനിക നടപടികള്‍ അവസാനിപ്പിച്ച് യുഎസ് ഉടന്‍ പിന്മാറുമെന്ന വ്യക്തമായ സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയാകുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം. ഇന്നലെ വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്‍ വിഷയത്തില്‍ രാജ്യം സ്വീകരിക്കുന്ന നിര്‍ണായക നിലപാടുകള്‍ വിശദീകരിക്കാന്‍ ട്രംപ് ഇന്ന് വൈകുന്നേരം അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

'ഇറാനെ വിട്ടുകളയുകയാണ് ആകെ എനിക്ക് ചെയ്യാന്‍ കഴിയുക. ഞാന്‍ അത് ഉടനെ ചെയ്യും. അതോടെ അവര്‍ തകര്‍ന്നുവീഴും. ഞങ്ങളുടെ ജോലികള്‍ ഒരുവിധം പൂര്‍ത്തിയാക്കുകയാണ്. ഒരു പക്ഷേ രണ്ടാഴ്ചയ്ക്കുള്ളില്‍ അല്ലെങ്കില്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ഒരു കരാറിലും ഏര്‍പ്പെടേണ്ട ആവശ്യമില്ല ' - ട്രംപ് പറഞ്ഞു.

ദൗത്യം പൂര്‍ത്തിയായി; ട്രംപിന്റെ നയം വ്യക്തം

ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ക്കുക, നാവികസേനയെ ദുര്‍ബലമാക്കുക എന്നീ ലക്ഷ്യങ്ങള്‍ യുഎസ് സൈന്യം കൈവരിച്ചതായാണ് വാഷിംഗ്ടണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 'ഞങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കുകയാണ്, ഇനി അധികകാലം അവിടെ തുടരില്ല' എന്ന് വ്യക്തമാക്കിയ ട്രംപ്, യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ ഇന്ധനവില കുത്തനെ കുറയുമെന്ന ശുഭവാര്‍ത്തയും പങ്കുവെച്ചു. ഔദ്യോഗിക കരാറുകള്‍ക്ക് കാത്തുനില്‍ക്കാതെ തന്നെ പിന്മാറാനാണ് യുഎസ് തീരുമാനം.

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാന്‍ ഇനി അമേരിക്കയെ മാത്രം ആശ്രയിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. യുകെ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ സ്വന്തം സുരക്ഷയ്ക്കായി പോരാടാന്‍ ശീലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞത് മൂലം പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ ഒന്നുകില്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുകയോ അല്ലെങ്കില്‍ സ്വന്തം കരുത്തില്‍ കടലിടുക്ക് വഴി കപ്പലുകള്‍ കൊണ്ടുപോവുകയോ ചെയ്യണമെന്നാണ് ട്രംപിന്റെ നിലപാട്. യുഎസിന്റെ അഭ്യര്‍ത്ഥനകള്‍ക്ക് ചെവികൊടുക്കാത്ത രാജ്യങ്ങളെ സഹായിക്കാന്‍ ഇനി അമേരിക്ക മുന്നിട്ടിറങ്ങില്ലെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് തുറന്നടിച്ചു.

'ഒന്നുകില്‍ യുഎസില്‍ നിന്ന് ഇന്ധനം വാങ്ങുക. അല്ലെങ്കില്‍ ധൈര്യം സംഭരിച്ച് ഹോര്‍മുസിലേക്ക് പോയി ഹോര്‍മുസ് പിടിച്ചെടുക്കുക'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നിങ്ങള്‍ സ്വയം പോരാടാന്‍ പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ ഞങ്ങളെ സഹായിക്കാന്‍ വരാത്തത് പോലെ നിങ്ങളെ സഹായിക്കാന്‍ ഇനി യുഎസ് അവിടെയുണ്ടാവില്ല. നിങ്ങളുടെ എണ്ണ സ്വയം നേടുകയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ പെട്ടെന്നുള്ള പിന്മാറ്റം അന്താരാഷ്ട്ര തലത്തില്‍ വലിയ സാമ്പത്തിക ചലനങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഓവല്‍ ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ്, ഇറാനിലെ അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ വളരെ പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയത്.

'ഇറാന്‍ വിടുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുള്ളത്, അത് ഞാന്‍ അധികം വൈകാതെ ചെയ്യും. അതോടെ അവര്‍ തകര്‍ന്നടിയും. ഞങ്ങള്‍ ദൗത്യം പൂര്‍ത്തിയാക്കുകയാണ്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.' ട്രംപിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

മേഖലയില്‍നിന്നുള്ള യുഎസിന്റെ പിന്മാറ്റം ഇറാനുമായി ഒരു കരാറിലെത്തുന്നതിനെ ആശ്രയിച്ചല്ലെന്ന കാര്യവും ട്രംപ് ഊന്നിപ്പറഞ്ഞു. 'അവര്‍ ഞാനുമായി ഒരു കരാറില്‍ ഏര്‍പ്പെടേണ്ടതിന്റെ ആവശ്യമില്ല. യുഎസും ഇറാനും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടോ ഇല്ലയോ എന്നതിന് തല്‍കാലം പ്രസക്തിയില്ല.' ട്രംപ് പറഞ്ഞു. ഇറാന്റെ ആണവശേഷി ഗണ്യമായി കുറഞ്ഞുവെന്ന് ബോധ്യപ്പെട്ടാലുടന്‍ യുഎസ് പിന്മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ന്യൂയോര്‍ക്ക് പോസ്റ്റിനോട് സംസാരിക്കവെയും ട്രംപ് സമാനമായ നിലപാട് ആവര്‍ത്തിച്ചു. മാത്രമല്ല, ഇറാനെതിരെ യുഎസ് നിലവില്‍ അതിശക്തമായ സൈനിക നടപടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ അവിടെ അധികകാലം ഉണ്ടാവില്ല. ഞങ്ങള്‍ ഇപ്പോള്‍ അവരെ പൂര്‍ണമായും തകര്‍ക്കുകയാണ്. അതൊരു സമ്പൂര്‍ണ നാശമായിരിക്കും.' ട്രംപ് പറഞ്ഞു. മേഖലയില്‍ യുഎസിന്റെ ഇടപെടല്‍ അധികകാലത്തേക്ക് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇറാനില്‍ ഞങ്ങള്‍ക്ക് അധികകാലം തുടരേണ്ടി വരില്ല. നിലവില്‍, അവരുടെ ശേഷിക്കുന്ന ആക്രമണശേഷിയെ ഇല്ലായ്മ ചെയ്യുന്നതിനായി ഞങ്ങള്‍ക്ക് കുറച്ചു ജോലികള്‍ കൂടി അവിടെ ചെയ്തുതീര്‍ക്കാനുണ്ട്.' അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം എണ്ണക്ഷാമം നേരിടുന്ന രാജ്യങ്ങള്‍ക്ക് ഒന്നുകില്‍ എണ്ണ യുഎസില്‍നിന്ന് വാങ്ങുക, അല്ലെങ്കില്‍ ധൈര്യം സംഭരിച്ച് ഹോര്‍മുസ് വഴി കപ്പലിറക്കുക എന്ന പോംവഴികള്‍ മാത്രമേയുള്ളൂ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ മന്ത്രാലയത്തിന്റെ നിരീക്ഷണം

വരുംദിവസങ്ങള്‍ യുദ്ധത്തില്‍ അതീവ നിര്‍ണായകമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ സൈനികര്‍ക്കിടയില്‍ ഭീതി പടരുന്നതായും പലായനം ആരംഭിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. എങ്കിലും, കരയാക്രമണം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ യുഎസ് പൂര്‍ണമായും തള്ളിക്കളയുന്നില്ല. മേഖലയുടെ സുരക്ഷയില്‍ സൗദി അറേബ്യ, യുഎഇ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും യുഎസ് ശ്രമിക്കുന്നുണ്ട്.

ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍

യുദ്ധസാഹചര്യം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്കുള്ള എണ്ണയുമായി 10 വിദേശ കപ്പലുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം 485 ഇന്ത്യന്‍ നാവികര്‍ ഈ മേഖലയില്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. രണ്ട് എല്‍പിജി ടാങ്കറുകള്‍ ഉടന്‍ തീരത്തെത്തുമെന്നത് ആശ്വാസകരമാണെങ്കിലും, വിതരണ ശൃംഖലയിലെ അനിശ്ചിതത്വം തുടരുകയാണ്.

നയതന്ത്ര നീക്കങ്ങള്‍

യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മധ്യസ്ഥശ്രമം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെട്ടിരുന്നു. എന്നാല്‍, പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ ചൈനീസ് നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചകളില്‍ ലോകം പ്രതീക്ഷ വെക്കുന്നുണ്ട്. ഇറാന്റെ പ്രധാന സഖ്യകക്ഷിയായ ചൈനയുടെ ഇടപെടല്‍ മേഖലയില്‍ സമാധാനം കൊണ്ടുവരുമോ എന്നാണ് നയതന്ത്ര വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ ഇറാന്‍ നേരിടാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചയും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും വരും ആഴ്ചകളില്‍ ലോകക്രമത്തെ തന്നെ സ്വാധീനിച്ചേക്കാം.

Tags:    

Similar News