വൈദ്യ പരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ 'വ്യാജ പരാതി' എന്ന ഒറ്റവാക്കില്‍ രഞ്ജിത്തിന്റെ മറുപടി; അഴിക്കുള്ളിലാകുന്നത് ചലച്ചിത്ര അക്കാഡമി അധ്യക്ഷനായിരുന്നപ്പോള്‍ 'അവള്‍ക്കൊപ്പം' കാമ്പെയിനുമായി പിണറായിയുടെ മനസ്സില്‍ ഇടം നേടിയ സംവിധായകന്‍; രഞ്ജിത്തിന് പിഴച്ചത് എവിടെ? മുഖ്യമന്ത്രിയും സിപിഎമ്മും ഇടതു സഹയാത്രികനെ ഒടുവില്‍ കൈവിട്ടു
കൊച്ചി: യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്ത് ആദ്യമായി പ്രതികരിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോള്‍, 'വ്യാജ പരാതി' എന്ന ഒറ്റവാക്കിലായിരുന്നു രഞ്ജിത്തിന്റെ മറുപടി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. നിലവില്‍ പോലീസ് നടപടികളുമായി പൂര്‍ണ്ണമായി സഹകരിക്കുന്ന രഞ്ജിത്തിന് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
സ്വന്തം സിനിമാ സെറ്റില്‍ യുവനടിയോട് മോശമായി പെരുമാറിയെന്ന ഗൗരവകരമായ പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് വെച്ച് അതീവ നാടകീയമായി കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു കസ്റ്റഡിയിലെടുക്കല്‍. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ തൊടുപുഴ പോലീസ് അദ്ദേഹത്തെ കൊച്ചി പോലീസിന് കൈമാറുകയായിരുന്നു.
രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. രക്തസമ്മര്‍ദ്ദത്തിലും ഇസിജിയിലും വ്യതിയാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി. കൊച്ചി ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നുമാണ് രഞ്ജിത്തിന്റെ അഭിഭാഷകര്‍ അറിയിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ ശക്തമായ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് രഞ്ജിത്തിനെ അവരോധിക്കുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന 'അവള്‍ക്കൊപ്പം' കാമ്പയിന്റെ മുന്‍നിര പോരാളിയായി രഞ്ജിത്തിനെ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയുടെ മനസ്സിനൊപ്പം സഞ്ചരിച്ച സംവിധായകന്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ പെട്ടതോടെയാണ് തിരിച്ചടി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും, യുവനടിയുടെ പുതിയ പരാതിയില്‍ പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതോടെ സി.പി.എമ്മും സര്‍ക്കാരും രഞ്ജിത്തിനെ പൂര്‍ണ്ണമായും കൈവിട്ടു. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടിലേക്ക് പാര്‍ട്ടി മാറിയത് രഞ്ജിത്തിന് വന്‍ തിരിച്ചടിയായി.
സിനിമാ സെറ്റിലെ 'പവര്‍ ഗ്രൂപ്പിന്റെ' അധിപനായി സ്വയം അവരോധിച്ചതാണ് രഞ്ജിത്തിന് പിഴച്ചത്. അറസ്റ്റ് ഭയന്ന് നടന്‍ ബോബി കുര്യന്റെ കാറില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കവെയാണ് തൊടുപുഴയില്‍ വെച്ച് പോലീസ് നാടകീയമായി രഞ്ജിത്തിനെ പൊക്കിയത്. രാത്രി മുഴുവന്‍ നീണ്ട വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം പുറത്തിറങ്ങിയ രഞ്ജിത്ത് വ്യാജപരാതിയെന്ന് ആവര്‍ത്തിക്കുമ്പോഴും, അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍, ഒളിച്ചോടാന്‍ ശ്രമിച്ചതും ഗൗരവമായ വകുപ്പുകള്‍ ചുമത്തിയതും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് ഉടന്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. 'രാവണപ്രഭു' എന്ന സിനിമയിലൂടെ അധികാര ഗര്‍വ്വ് സ്‌ക്രീനില്‍ കാണിച്ച രഞ്ജിത്ത്, ജീവിതത്തില്‍ അതേ ഗര്‍വ്വ് കാണിച്ച് ഒടുവില്‍ ജയില്‍വാസം വരിക്കേണ്ടി വരുന്ന വിരോധാഭാസത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
