അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെ നടന്റെ കാറില്‍ തൊടുപുഴയിലേക്ക് പാഞ്ഞു; ലക്ഷ്യമിട്ടത് ഹൈറേഞ്ചിലെ സുരക്ഷിത താവളം; ബോബി കുര്യന്റെ വാഹനത്തില്‍ നിന്നും നിര്‍ണ്ണായക കസ്റ്റഡി; രഞ്ജിത് മുങ്ങാന്‍ ശ്രമിച്ചത് അഭിഭാഷക ബുദ്ധിയില്‍; എല്ലാം പൊളിച്ചത് കാളിരാജ് മഹേഷ് കുമാറിന്റെ രഹസ്യ നീക്കം; ആശുപത്രിയില്‍ നിന്നും അറസ്റ്റിലേക്ക്; ചുമത്തിയത് ജയില്‍ വാസത്തിനുള്ള വകുപ്പുകള്‍; 'രാവണ പ്രഭു' അഴിക്കുള്ളിലേക്ക്
കൊച്ചി: യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസിന്റെ അതീവ രഹസ്യമായ നീക്കങ്ങള്‍ക്കൊടുവില്‍, അറസ്റ്റ് ഭയന്ന് ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്തിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചൊവ്വാഴ്ച രാത്രി തൊടുപുഴയ്ക്ക് സമീപം മുട്ടത്തുവെച്ച് സിനിമാ സ്‌റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു കസ്റ്റഡിയിലെടുക്കല്‍. രഞ്ജിത്തിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തായ നടന്‍ ബോബി കുര്യനെയും മറ്റൊരാളെയും പോലീസ് സ്റ്റേഷനിലെത്തിച്ചു. അഭിഭാഷകന്റെ നിര്‍ദ്ദേശ പ്രകാരമാണ് രഞ്ജിത് ഒളിവില്‍ പോകാന്‍ ശ്രമിച്ചത്. നടന്റെ കാറിലാണ് രഞ്ജിത് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും സൂചനയുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, ഡി.സി.പി. അശ്വതി ജിജി എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍. താഴെത്തട്ടിലുള്ള പോലീസുകാര്‍ പോലും അറിയാതെ അതീവ രഹസ്യമായാണ് പരാതിക്കാരിയുടെ മൊഴിയെടുത്തത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ വനിതാ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്ന് മണത്തറിഞ്ഞ രഞ്ജിത്ത് ഒളിവില്‍ പോകാന്‍ നീക്കം നടത്തുന്നതിനിടെയാണ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘം വലവിരിച്ചത്. തൊടുപുഴ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കൊച്ചി പോലീസിന് കൈമാറി.
ജനുവരി 9-ന് ഫോര്‍ട്ട് കൊച്ചിയിലെ സിനിമാ സെറ്റിലെ കാരവാനില്‍ വെച്ച് രഞ്ജിത്ത് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തിന് പിന്നാലെ നടി വലിയ മാനസികാഘാതത്തിലായിരുന്നു. പരാതി പോലീസിലെത്താതിരിക്കാന്‍ രഞ്ജിത്തും സുഹൃത്തുക്കളും വലിയ രീതിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെങ്കിലും നടി വഴങ്ങിയില്ല. കൗണ്‍സിലിംഗിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങി വന്ന നടി നിയമപോരാട്ടവുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജാമ്യം കിട്ടാന്‍ സാധ്യത കുറവാണ്. ജയില്‍ വാസം നടന് വേണ്ടിവരും.
അറസ്റ്റ് നടപടികള്‍ക്ക് മുന്നോടിയായി രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. പരിശോധനയില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതായും ഇസിജിയില്‍ വ്യതിയാനമുള്ളതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആശുപത്രിയില്‍ നിന്നും ഡിസ് ചാര്‍ജ്ജ് ചെയ്തു. അതിന് ശേഷം നോര്‍ത്ത് വനിതാ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റും രേഖപ്പെടുത്തി. മലയാള സിനിമയിലെ രാവണ പ്രഭു എന്ന സിനിമ സംവിധാന ചെയ്തതിലൂടെ രാവണ പ്രഭു എന്ന് അറിയപ്പെട്ട സിനിമാക്കാരനാണ് രഞ്ജിത്. അങ്ങനെ മലയാള സിനിമയെ നിയന്ത്രിച്ച പ്രധാനികളില്‍ ഒരാളാണ് അകത്താകുന്നത്.
മാനഭംഗം, ലൈംഗിക അതിക്രമം, തടഞ്ഞുവെക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. നിമയുടെ സെറ്റില്‍ തന്നെയുള്ള ആഭ്യന്തര സമിതിയുടെ മുമ്പാകെ പരാതി നല്‍കിയെങ്കിലും ഇവിടെ തീരുമാനമാകാതെ വന്നതോടെ യുവനടി ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച എസ്‌ഐടിക്കും പരാതി നല്‍കി എന്നാണു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി നോര്‍ത്ത് വനിതാ പൊലീസ് യുവനടിയുടെ മൊഴിയെടുത്ത ശേഷമാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത്. എറണാകുളത്ത് നിന്ന് തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തു വച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
നേരത്തേ രഞ്ജിത്തിനെതിരെ 2 പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. 'പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുള്ള ആദ്യ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഇത്. തുടര്‍ന്നു കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രഞ്ജിത്തിന് രാജിവയ്‌ക്കേണ്ടി വന്നു. ഇടതു സഹയാത്രികനായാണ് രഞ്ജിത് അറിയപ്പെട്ടത്. എന്നിട്ടും പീഡന കേസുകള്‍ വന്നത് സിപിഎമ്മിന് അടക്കം നാണക്കേടായി.
2025 ഒക്ടോബറില്‍ രഞ്ജിത്തിന്റെ ഹര്‍ജിയില്‍ ബംഗാളി നടി നല്‍കിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. 2009ല്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതിന് മജിസ്‌ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. തന്നെ ബെംഗളൂരുവില്‍ വച്ച് പീഡിപ്പിച്ചുവെന്നു കാട്ടി കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയായിരുന്നു രണ്ടാമത്തേത്. എന്നാല്‍ സംഭവം നടന്ന് 12 വര്‍ഷത്തിനു ശേഷമാണ് യുവാവ് പരാതി നല്‍കിയത് എന്നും പരാതിയിലെ ആരോപണങ്ങളില്‍ വ്യക്തത ഇല്ലെന്നും പരാതി നല്‍കാന്‍ വൈകിയത് സംശയാസ്പദമാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക ഹൈക്കോടതി രഞ്ജിത്തിനെതിരെയുള്ള കേസ് റദ്ദാക്കുകയായിരുന്നു.
