രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാന്‍ പ്രസിഡന്റിന് അനുവാദമില്ല; മസൂദ് പെസെഷ്‌കിയാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം; പരമോന്നത നേതാവ് മുജ്തബ ഖമനേയി തടങ്കലിലോ? ഇറാനില്‍ ഭരണകൂടവും സൈനികനേതൃത്വവും തമ്മില്‍ കടുത്ത ഭിന്നത; ഭരണനിയന്ത്രണം പിടിച്ചെടുത്ത് റെവല്യൂഷണറി ഗാര്‍ഡ് കോര്‍

Update: 2026-04-01 09:53 GMT

ടെഹ്‌റാന്‍: അമേരിക്ക - ഇസ്രായേല്‍ സംയുക്ത സേനയുടെ ആക്രമണങ്ങള്‍ക്കിടയില്‍ ഇറാനില്‍ ആഭ്യന്തരമായ രാഷ്ട്രീയ അട്ടിമറിയും ഭരണപ്രതിസന്ധിയും രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനിലെ തിരഞ്ഞെടുക്കപ്പെട്ട സിവിലിയന്‍ ഭരണകൂടവും സൈനിക ശക്തിയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറും (IRGC) തമ്മിലുള്ള പോരാട്ടം ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. യുദ്ധ പ്രതിസന്ധിക്കിടെ രാജ്യത്തിന്റെ ഭരണപരമായ ഏകോപനം പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. നിലവില്‍ രാജ്യത്തിന്റെ പ്രധാന ഭരണനിയന്ത്രണങ്ങളെല്ലാം ഐആര്‍ജിസി ഏറ്റെടുത്തതായും പ്രസിഡന്റിനെ വെറുമൊരു കാഴ്ചക്കാരനാക്കി മാറ്റിയിരിക്കുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുദ്ധസമാനമായ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍ണ്ണായകമായ എല്ലാ തീരുമാനങ്ങളും സൈനിക കൗണ്‍സില്‍ നേരിട്ടാണ് കൈക്കൊള്ളുന്നത്.

പ്രസിഡന്‍ഷ്യല്‍ നിയമനങ്ങളും തീരുമാനങ്ങളും ഐആര്‍ജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഭരണകൂടം കാര്യനിര്‍വ്വഹണത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ ശ്രമങ്ങള്‍ ഐആര്‍ജിസി ചീഫ് കമാന്‍ഡര്‍ അഹമ്മദ് വാഹിദിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹുസൈന്‍ ദെഹ്ഗാന്‍ ഉള്‍പ്പെടെ നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികളെയും ഐആര്‍ജിസി നിരസിച്ചു. യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ണായകവും സെന്‍സിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങള്‍ ഐആര്‍ജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിര്‍ബന്ധം പിടിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

യുദ്ധം അവസാനിക്കുന്നത് വരെ തന്ത്രപ്രധാനമായ എല്ലാ തസ്തികകളിലേക്കുമുള്ള നിയമനങ്ങള്‍ ഐആര്‍ജിസി നേരിട്ട് നടത്തുമെന്ന കര്‍ശന നിലപാടിലാണ് സൈനിക നേതൃത്വം. ഇറാനിലെ രാഷ്ട്രീയ കീഴ്വഴക്കമനുസരിച്ച് രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നത നേതാവിന്റെ അംഗീകാരത്തോടെ പ്രസിഡന്റാണ് നിശ്ചയിക്കാറുള്ളത്. എന്നാല്‍ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ലാത്തത് ഐആര്‍ജിസിക്ക് അധികാരം പിടിച്ചെടുക്കാന്‍ എളുപ്പവഴിയൊരുക്കി.

പരമോന്നത നേതാവ് മുജ്തബ ഖമേനിയെ ഐആര്‍ജിസി ഒരു സുരക്ഷാ വലയത്തിനുള്ളിലാക്കിയിരിക്കുകയാണെന്നാണ് വിവരം. രാജ്യത്തെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ വിവരിക്കുന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന് ലഭിക്കുന്നത് സൈന്യം തടയുന്നു. മുജ്തബയുമായി കൂടിക്കാഴ്ച നടത്താന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ നിരസിച്ചു. മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ചും ഇപ്പോള്‍ ആര്‍ക്കും അറിവില്ല. മുതിര്‍ന്ന ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഒരു സൈനിക കൗണ്‍സിലാണ് ഇപ്പോള്‍ ഇറാനിലെ ദൈനംദിന തീരുമാനങ്ങള്‍ എടുക്കുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണമടക്കം തന്ത്രപ്രധാനമായ എല്ലാ മേഖലകളും സൈന്യത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലായിക്കഴിഞ്ഞു.

ഇറാനിലെ അധികാര കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ ആഭ്യന്തര കലഹങ്ങളാണ് നടക്കുന്നത്. മുജ്തബ ഖമേനിയുടെ പിന്‍ഗാമിയാകാനുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ത്ത അലി അസ്ഗര്‍ ഹിജാസിയെ പുറത്താക്കാന്‍ സൈന്യത്തിനുള്ളിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. മുജ്തബയ്ക്ക് ഭരണാധികാരിയാകാനുള്ള യോഗ്യതയില്ലെന്നും കുടുംബവാഴ്ച ഇറാന്റെ തത്വങ്ങള്‍ക്ക് നിരപ്പാകില്ലെന്നും ഹിജാസി മുന്നറിയിപ്പ് നല്‍കിയിരുന്നു. മുജ്തബ അധികരത്തിലെത്തുന്നത് രാജ്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഐആര്‍ജിസിക്ക് കൈമാറാന്‍ ഇടയാക്കുമെന്നും അദ്ദേഹം വിദഗ്ധ സഭയെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹിജാസിയെ ലക്ഷ്യം വെച്ചിരുന്നെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനിലെ മിതവാദികളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, യഥാര്‍ത്ഥത്തില്‍ ഇറാനില്‍ അധികാരം ആരുടെ കയ്യിലാണെന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു. മിതവാദി നേതാവായ പെസെഷ്‌കിയാന്‍ ഭരണപരമായി പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടക്കമുള്ള എണ്ണ നീക്ക പാതകള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായതോടെ ആഗോള വിപണിയിലും ഇതിന്റെ ആഘാതം പ്രകടമാണ്. സൈനിക നേതൃത്വവും സിവിലിയന്‍ ഭരണകൂടവും തമ്മിലുള്ള ഈ അധികാര വടംവലി ഇറാനെ ഒരു ആഭ്യന്തര യുദ്ധത്തിലേക്കോ അല്ലെങ്കില്‍ പൂര്‍ണ്ണമായ സൈനിക ഭരണത്തിലേക്കോ നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. വരും ദിവസങ്ങളില്‍ മുജ്തബ ഖമേനിയുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതോടെ മാത്രമേ ഇറാന്റെ രാഷ്ട്രീയ ഭാവിയില്‍ കൂടുതല്‍ വ്യക്തത കൈവരൂ.

Similar News