ബലം പ്രയോഗിക്കാനുള്ള കരുത്തില്ല, കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചന; യുവനടി ഐസിസിക്ക് മുന്നില്‍ പരാതി നല്‍കിയില്ല; ആരോഗ്യ സ്ഥിതി മോശമെന്നും ജാമ്യ ഹര്‍ജിയില്‍ രഞ്ജിത്ത്; പ്രതി സ്ത്രീ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന വ്യക്തി; മുമ്പും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടു; തെളിവുകളും പ്രതിക്ക് എതിരെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍

ബലം പ്രയോഗിക്കാനുള്ള കരുത്തില്ല, കള്ളപ്പരാതിക്ക് പിന്നില്‍ ഗൂഢാലോചന;

Update: 2026-04-01 09:58 GMT

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ സംവിധായകന്‍ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി 30-ന് ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച് കാരവാനിനുള്ളില്‍ അതിക്രമം നടന്നതായാണ് പരാതി. പരാതി ലഭിച്ചതിന് പിന്നാലെ ഡി.സി.പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ രാത്രിയാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംവിധായകന്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ മരടിലെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന വ്യക്തിയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട പരാമര്‍ശം. സമാനമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ മുമ്പും ഉള്‍പ്പെട്ടിട്ടുണ്ടെന്നും, സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുള്ളതിനാല്‍ അറസ്റ്റ് അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും പ്രതിക്ക് എതിരാണെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചു. 'എല്ലാം തെളിയും' എന്ന് മാത്രമാണ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, രഞ്ജിത്ത് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് രഞ്ജിത്തിന്റെ പ്രധാന വാദം. എന്നാല്‍, രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍ ഉറച്ചുനിന്നു.

തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഒരാളെ ശാരീരികമായി ഉപദ്രവിക്കാനുള്ള കരുത്ത് തനിക്കില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സിനിമയ്ക്കകത്തും പുറത്തും തനിക്ക് നിരവധി ശത്രുക്കളുണ്ടെന്നും അവരാണ് ഈ കള്ളപ്പരാതിക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. യുവനടി എന്തുകൊണ്ട് ആഭ്യന്തര പരാതി പരിഹാര സെല്ലിന് (ICC) മുമ്പാകെ പരാതി നല്‍കിയില്ലെന്നും അദ്ദേഹം ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കാമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്തിന്റെ ആവശ്യം.

പ്രോസിക്യൂഷന്റെ മറുപടി

രഞ്ജിത്തിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിക്രമം നടന്ന കാരവാന്‍ തിരിച്ചറിയുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. പ്രതിയെ വിട്ടയച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയിലുണ്ട്.

ഭാരതീയ ന്യായസംഹിതയിലെ (BNS) 74, 75, 79 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതില്‍ സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയവ ജാമ്യമില്ലാ കുറ്റങ്ങളാണ്. നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട രഞ്ജിത്ത് സബ് ജയിലിലാണുള്ളത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയില്‍ കോടതി അന്തിമ തീരുമാനമെടുക്കുക.

അതിക്രമം നടന്ന സമയത്ത് നടി നേരിട്ട കടുത്ത മാനസികാഘാതത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് വെളിപ്പെടുത്തി. ക്രൂരമായ പെരുമാറ്റത്തെ തുടര്‍ന്ന് സെറ്റില്‍ വെച്ച് നടി കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നുവെന്നും ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന ഭൂരിഭാഗം പേര്‍ക്കും ഈ വിവരം അറിയാമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു. മാസങ്ങളോളം കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ച നടി കഴിഞ്ഞ ആഴ്ചയാണ് നേരിട്ടെത്തി പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി സെറ്റിലുണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.

അറസ്റ്റിന് പിന്നാലെ ചലച്ചിത്ര സംഘടനകളില്‍ നിന്നും രഞ്ജിത്തിനെതിരെ ശക്തമായ നടപടികളുണ്ടായി. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളില്‍ വലിയ സ്വാധീനമുള്ള രഞ്ജിത്തിനെ രക്ഷിക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇടപെടലുകള്‍ ഫലം കണ്ടില്ലെന്നാണ് സൂചന. സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയുടെ മറ്റൊരു തെളിവായി ഈ കേസ് ഇപ്പോള്‍ മാറിയിരിക്കുകയാണ്.

Tags:    

Similar News