'ഒരു സ്ത്രീയ്‌ക്കെതിരെയും ഒരു ജോലിസ്ഥലത്തും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ഉണ്ടായത്; അങ്ങേയറ്റം മോശമായ രീതിയില്‍ ഒരു ഹരാസ്‌മെന്റ് നേരിട്ടു; തീര്‍ത്തും ട്രോമറ്റൈസ്ഡ് ആയാണ് നടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്; അതിജീവിതയുടെ ഐഡന്റിറ്റി പുറത്താകാതെ സൂക്ഷിക്കുക പ്രധാനമായിരുന്നു; അന്വേഷണം നടത്തിയത് അതീവരഹസ്യമായെന്നും കാളിരാജ് മഹേഷ്‌കുമാര്‍; 'അവള്‍ക്കൊപ്പം' നിന്നവന്‍ ഒടുവില്‍ അഴികള്‍ക്കുള്ളില്‍

Update: 2026-04-01 11:02 GMT

കൊച്ചി: മലയാള സിനിമയില്‍ 'അവള്‍ക്കൊപ്പം' ക്യാമ്പെയ്‌നുകളില്‍ സജീവമായിരുന്ന പ്രമുഖ സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നപ്പോള്‍ അന്വേഷണമടക്കം രഹസ്യമായി സൂക്ഷിക്കുക എന്നതായിരുന്നു പൊലീസിനു മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. ലൈംഗികോരോപണക്കേസ് കൊച്ചി പൊലീസ് കൈകാര്യം ചെയ്തത് അതീവരഹസ്യമായാണെന്നും കഴിഞ്ഞയാഴ്ചയാണ് നടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചതെന്നും കാളിരാജ് മഹേഷ്‌കുമാര്‍ പറയുന്നു.

അതിജീവിതയുടെ ഐഡന്റിറ്റി പുറത്താകാതെ നോക്കുക എന്നതും വളരെ പ്രധാനമായിരുന്നു. പ്രാഥമികമായി അന്വേഷിച്ചത് അങ്ങനെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ, അങ്ങനെ ഒരു സ്ഥലം ഉണ്ടായിരുന്നോ എന്നതായിരുന്നു. അത് ഉറപ്പാക്കിയശേഷമാണ് മുന്നോട്ട് നീങ്ങിയത്. കേസ് എടുത്ത് ഒരാഴ്ച കഴിഞ്ഞാണ് അടുത്ത നടപടിയിലേക്ക് പോയത്. രണ്ടുദിവസമായി പ്രതിയെ പിന്തുടരുകയായിരുന്നു. പ്രതി ഇവിടെ നിന്ന് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു എന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചതുകൊണ്ടാണ് അതിവേഗത്തില്‍ പിടികൂടിയത്, ഷൂട്ടിങ് സെറ്റില്‍ നടന്ന കാര്യം സെറ്റിലുള്ള ആളുകള്‍ക്കെല്ലാം അറിയാം. സംഭവം ഉണ്ടായപ്പോള്‍ത്തന്നെ അതിജീവിത കരഞ്ഞുകൊണ്ട് പുറത്തുവന്ന് അവിടെ ഉണ്ടായിരുന്ന ആളുകളോടെല്ലാം പറഞ്ഞതാണ്. അവരെല്ലാം നടിയെ സമാധാനിപ്പിച്ച് വിടുകയായിരുന്നു, പിന്നാലെ അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായെന്നും കമ്മീഷണര്‍ പറഞ്ഞു.

'തീര്‍ത്തും ട്രോമറ്റൈസ്ഡ് ആയാണ് നടിയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. കടുത്ത മാനസികാഘാതത്തിലായിരുന്ന അവരോട് സംസാരിച്ചപ്പോഴാണ് അങ്ങേയറ്റം മോശമായ രീതിയില്‍ ഒരു ഹരാസ്‌മെന്റ് ഉണ്ടായി എന്നറിഞ്ഞത് . വളരെ സെന്‍സിറ്റിവ് കേസ് ആയതുകൊണ്ട് അന്നുതന്നെ ഒരു എസ്.ഐ.ടി. (പ്രത്യേക അന്വേഷണസംഘം) രൂപീകരിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. അവരുടെ മൊഴി രേഖപ്പെടുത്തിയശേഷം വളരെ രഹസ്യമായി പല വെരിഫിക്കേഷന്‍സും ചെയ്യാനുണ്ടായിരുന്നു. അറിയപ്പെടുന്ന ആളായതുകൊണ്ടും സെലിബ്രിറ്റി ആയതുകൊണ്ടും വെരിഫിക്കേഷന്‍ ചെയ്തിട്ട് പിന്നെയാണ് മുന്നോട്ട് പോയത്. ഒരുസ്ത്രീയ്‌ക്കെതിരെയും ഒരു ജോലിസ്ഥലത്തും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണ് ഉണ്ടായതെന്നും പ്രതിക്കെതിരെ നേരത്തേ രണ്ട് കേസ് ഉണ്ടായിരുന്നുവെന്നും കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. ഒരെണ്ണം 377 (പ്രകൃതിവിരുദ്ധപീഡനം) ആയിരുന്നു. ആ കേസുകള്‍ പല കാരണങ്ങള്‍ കൊണ്ട് റദ്ദാക്കപ്പെട്ടതാണ്. ഈ കേസ് അടുത്ത് സംഭവിച്ചതാണ്.

അതിജീവിതയ്ക്ക് വലിയ ഷോക്ക് ആയിരുന്നു. കൗണ്‍സലിങ്ങും സൈക്യാട്രിക് ട്രീറ്റ്‌മെന്റുമെല്ലാം നടത്തി ആത്മവിശ്വാസം തിരിച്ചുകിട്ടിയശേഷമാണ് പരാതി നല്‍കാനെത്തിയത്. പൊലീസിനോട് സംസാരിക്കുമ്പോഴും അവര്‍ കരയുകയായിരുന്നു, എതിര്‍ഭാഗത്തുള്ളത് ഒരു വലിയ ആളാണെന്നതായിരുന്നു ഒരു ആശങ്ക. മുന്‍പൊരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല എന്നതായിരുന്നു മറ്റൊന്ന്. പിന്നെ അവരുടെ സ്വകാര്യതയും പരാതിയില്‍ പറയുന്ന കാര്യങ്ങളുടെ രഹസ്യസ്വഭാവവും സംരക്ഷിക്കപ്പെടണം എന്നും നടി ആവശ്യപ്പെട്ടു. മൊഴിയെടുത്തപ്പോള്‍ അവര്‍ അതിക്രമം നേരിട്ടിട്ടുണ്ടെന്ന് മനസിലായി. തുടര്‍ന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന എസ്‌ഐടി രൂപീകരിച്ചു. വിശദമായ മൊഴിയെടുത്ത ശേഷം പ്രാഥമിക അന്വേഷണം നടത്തി. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കി മുന്നോട്ടു പോവുകയായിരുന്നു എന്നും കമ്മിഷണര്‍ വ്യക്തമാക്കി.

അതേസമയം രഞ്ജിത് കാരവനില്‍ കയറിയ സമയത്ത് പുറത്ത് ഒരു സ്ത്രീ കാവല്‍ നിന്നുവെന്ന ആരോപണത്തെക്കുറിച്ചൊന്നും തങ്ങള്‍ക്ക് കമന്റ് ചെയ്യാനാവില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിക്കെതിരായ തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും അറുപതോ തൊണ്ണൂറോ ദിവസം തെളിവുകള്‍ ശേഖരിക്കാന്‍ സാവകാശമുണ്ടെന്നും അദ്ദേഹം പറയുന്നു. ആദ്യഘട്ടത്തില്‍ ട്രോമയിലായിരുന്ന അതിജീവിതയുടെ വിശദമായ മൊഴിയെടുത്തെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടെന്നും അന്വേണഷത്തിന് മേല്‍നോട്ടം വഹിക്കുന്ന അശ്വതി ജിജി ഐപിഎസ് സ്ഥിരീകരിക്കുന്നു. ഉദയംപേരൂര്‍ ഇന്‍സ്‌പെക്ടറും രണ്ട് വനിതാ എസ്‌ഐമാരും ഉള്‍പ്പെടെയുള്ളവരാണ് എസ്‌ഐടി ടീമില്‍.

സമാന വിധത്തിലുള്ള രണ്ടു കേസുകള്‍ രഞ്ജിത്തിനെതിരെ ഉണ്ടായിരുന്ന കാര്യം കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. ''ഇവിടെ നിന്നു മാറാന്‍ ശ്രമിച്ചു എന്നാണ് സൂചന'' രഞ്ജിത്തിനെ തൊടുപുഴയില്‍ വച്ച് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് കമ്മിഷണര്‍ പ്രതികരിച്ചതിങ്ങനെ. രഞ്ജിത്ത് മലയാളത്തിലെ വലിയ സംവിധായകന്‍ ആയതിനാല്‍ തന്റെ സ്വകാര്യത സംബന്ധിച്ചു അതിജീവിതയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. നിലവില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും കേസ് ഇവിടെ നില്‍ക്കില്ലെന്നും കമ്മിഷണര്‍ വ്യക്തമാക്കി. അതിജീവിത ആദ്യഘട്ടത്തില്‍ വലിയ ആഘാതത്തിലായിരുന്നു എന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. സംഘത്തില്‍ ഉദയംപേരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അന്വേഷണ ഉദ്യോഗസ്ഥനാണ്. സംഘത്തില്‍ രണ്ടു വനിതാ ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്.

നടിയുടെ പീഡന പരാതിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റു ചെയ്തത്. കൊച്ചിയില്‍നിന്ന് തൊടുപുഴയിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ നാലംഗ പ്രത്യേക അന്വേഷണ സംഘമാണ് (എസ്‌ഐടി) കേസ് അന്വേഷിക്കുന്നത്. മുന്‍പത്തെ കേസുകള്‍ പല കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടെങ്കിലും നിലവിലെ കേസില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച് മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. അതിജീവിതയുടെ രഹസ്യസ്വഭാവം സംരക്ഷിച്ചുകൊണ്ട് തന്നെ ശക്തമായ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഒരു തൊഴിലിടത്തിലും സ്ത്രീകളോട് കാണിക്കാന്‍ പാടില്ലാത്ത ക്രൂരതയാണ് അവിടെ നടന്നതെന്ന കര്‍ശന നിലപാടിലാണ് സിറ്റി പോലീസ് കമ്മീഷണര്‍.

Tags:    

Similar News