കാഷ്മീരി തീവ്രവാദികളുടെ വെടിയുണ്ടയെ ഭയക്കാത്ത മനസ്സ്; കൈയ്യില്‍ ക്യാമറ എടുക്കുമ്പോള്‍ സഹൃദയന്‍; കാക്കിയിട്ടാല്‍ കൊച്ചി കമ്മീഷണറുടെ കണ്ണില്‍ നിറയുക നിയമം മാത്രം; രഞ്ജിത്തിനെ പൂട്ടിയ 'ഷാര്‍പ്പ് ഷൂട്ടര്‍' കാളിരാജ് മഹേഷ് കുമാര്‍ ആളു ചില്ലറക്കാരനല്ല; ഹിസ്ബുള്ളയെ വിറപ്പിച്ച തമിഴ്‌നാട്ടുകാരന്‍ 'ആറാം തമ്പുരാനെ' പൊക്കിയത് ഭീകരരെ വിറപ്പിച്ച അതേ കണിശതയില്‍
കൊച്ചി: സിനിമയിലെ 'പവര്‍ ഗ്രൂപ്പുകളെ' വിറപ്പിച്ച് സംവിധായകന്‍ രഞ്ജിത്തിനെ അഴിക്കുള്ളിലാക്കുമ്പോള്‍ കേരളം ഉറ്റുനോക്കുന്നത് ഒരാളെയാണ്- കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്. സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാത്ത ഈ ഉദ്യോഗസ്ഥന്റെ നിശ്ചയദാര്‍ഢ്യമാണ് ഒടുവില്‍ കോഴിക്കോട്ടെ സിനിമാക്കാരനെ കൊച്ചിയില്‍ നിയമത്തിന് മുന്നിലെത്തിച്ചത്. യൂണിഫോമിനുള്ളിലെ കഠിനഹൃദയനായ പോലീസ് ഓഫീസര്‍ക്കും ക്യാമറയെ പ്രണയിക്കുന്ന കലാകാരനും അപ്പുറം, മരണത്തെ മുഖാമുഖം കണ്ടു തിരിച്ചുവന്ന ഒരു പോരാളിയുടെ കഥകൂടിയുണ്ട് കാളിരാജിന് പറയാന്‍.
ജമ്മു കാശ്മീര്‍ കേഡറിലെ 2005 ബാച്ച് ഉദ്യോഗസ്ഥനായ കാളിരാജ് മഹേഷ് കുമാര്‍ ഒരു കാലത്ത് താഴ് വരയിലെ ഭീകരവാദികളുടെ ഉറക്കം കെടുത്തിയ ഉദ്യോഗസ്ഥനായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. അത്തരമൊരു പ്രക്ഷുബ്ധമായ ഏറ്റുമുട്ടലിനിടയിലാണ് കാളിരാജിന് നേരെ ഭീകരരുടെ വെടിയുണ്ടകള്‍ പായുന്നത്. അഞ്ച് വെടിയുണ്ടകളേറ്റ് മരണത്തിന്റെ വക്കിലെത്തിയ അദ്ദേഹം മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. സുരക്ഷാ കാരണങ്ങളാലും ആരോഗ്യപരമായ പരിമിതികളാലുമാണ് അദ്ദേഹം പിന്നീട് ദക്ഷിണേന്ത്യയിലേക്ക് സ്ഥലംമാറ്റം വാങ്ങിയത്. തമിഴ്നാട്ടിലെ ഹ്രസ്വകാല സേവനത്തിന് ശേഷം കേരള കേഡറിലെത്തിയ അദ്ദേഹം കോഴിക്കോട് കമ്മീഷണറായും കൊച്ചി റേഞ്ച് ഡിഐജിയായും തിളങ്ങി.
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാലത്ത് പുലര്‍ച്ചെ നഗരത്തിലെ ഇടവഴികളിലൂടെയും കടല്‍ത്തീരങ്ങളിലൂടെയും തോക്കിന് പകരം കൂറ്റന്‍ ക്യാമറയുമായി നടന്നുനീങ്ങുന്ന ഒരാളുണ്ടായിരുന്നു. അത് കാളിരാജ് മഹേഷ് കുമാര്‍ ആയിരുന്നു. പക്ഷികളെയും പ്രകൃതിയെയും അത്രമേല്‍ സ്‌നേഹിച്ച അദ്ദേഹം 'മഞ്ഞക്കറുപ്പന്‍' പോലുള്ള പക്ഷികളെ തേടി മണിക്കൂറുകളോളം ക്ഷമയോടെ കാത്തുനില്‍ക്കുമായിരുന്നു. എന്നാല്‍ ഈ നടത്തം കേവലം ഒരു ഹോബി മാത്രമായിരുന്നില്ല. ക്യാമറയുമായി നടക്കുമ്പോള്‍ നഗരത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. പോലീസിന്റെ ലാത്തിയോ തോക്കോ ഇല്ലാത്ത ആ നടത്തം യഥാര്‍ത്ഥത്തില്‍ ഒരു 'അപ്രഖ്യാപിത പട്രോളിംഗ്' ആയിരുന്നു. തന്റെ നിക്കോണ്‍ ഡി7000 ക്യാമറയില്‍ അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ പോലീസ് സൊസൈറ്റിയുടെ കലണ്ടറുകളില്‍ വരെ ഇടംപിടിച്ചു.
സിനിമയിലെ പ്രമുഖര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ പോലീസ് മടിക്കാറുള്ള പതിവ് രീതികള്‍ കാളിരാജ് മഹേഷ് കുമാറിന്റെ കാര്യത്തില്‍ നടന്നില്ല. കൃത്യമായ തെളിവുകള്‍ ശേഖരിക്കാനും ഇരയുടെ മൊഴിയില്‍ ഉറച്ചുനില്‍ക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. മുന്‍പ് കാശ്മീരിലെ തീവ്രവാദികളെ നേരിട്ട അതേ കണിശതയോടെ തന്നെയാണ് അദ്ദേഹം കൊച്ചിയിലെ കുറ്റവാളികളെയും നേരിടുന്നത്. 'പോലീസ് ജോലി വികാരങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഒന്നാണ്, എന്നാല്‍ ഫോട്ടോഗ്രാഫി മനസ്സിന് വ്യക്തതയും സമാധാനവും നല്‍കുന്നു' എന്നാണ് അദ്ദേഹം പറയാറുള്ളത്. ആ വ്യക്തതയാണ് രഞ്ജിത്തിനെതിരായ കേസില്‍ നിര്‍ണ്ണായകമായത്. പവര്‍ ഗ്രൂപ്പുകളുടെ ഭീഷണിയോ രാഷ്ട്രീയ സമ്മര്‍ദ്ദമോ കാളിരാജ് എന്ന ഉദ്യോഗസ്ഥന് മുന്നില്‍ വിലപ്പോയില്ല.
ജമ്മു കാശ്മീര്‍ മുതല്‍ കേരളത്തിന്റെ തീരദേശങ്ങള്‍ വരെ നീളുന്ന ആ ഔദ്യോഗിക ജീവിതം ഇപ്പോള്‍ കൊച്ചിയിലെ കുറ്റവാളികള്‍ക്ക് കൃത്യമായൊരു മുന്നറിയിപ്പാണ് നല്‍കുന്നത്- നിയമത്തിന് മുന്നില്‍ ആരും വലിയവരല്ല. ഇനിയും കൊച്ചിയെ ശുദ്ധീകരിക്കാന്‍ കാളിരാജ് മുന്നിലുണ്ടാകും.
സംവിധായകന്‍ രഞ്ജിത് കേസില്‍ സംഭവിച്ചത്
യുവനടിയുടെ പീഡനപരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെ അഴിക്കുള്ളിലാക്കിയത് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാറിന്റെ കൃത്യമായ ആസൂത്രണം. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്ന രഞ്ജിത്ത്, അവിടെനിന്ന് മാറാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കാശ്മീരിലെ തീവ്രവാദികളെ വിറപ്പിച്ച കണിശതയോടെ തന്നെയാണ് കൊച്ചിയിലെ ഈ ഉന്നതന്‍ കേസിലെ ഓരോ നീക്കവും നടത്തിയത്. ഷൂട്ടിങ് സെറ്റിലെ കാരവാനില്‍ വെച്ചുണ്ടായ അതിക്രമത്തെക്കുറിച്ച് അവിടെയുണ്ടായിരുന്നവര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് കമ്മീഷണര്‍ വെളിപ്പെടുത്തി. 'സംഭവം നടന്ന ഉടനെ പരാതിക്കാരി പുറത്തുവന്ന് അവിടെയുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. എന്നാല്‍ അവര്‍ നടിയെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുകയാണ് ചെയ്തത്,' കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ഇത് കേസില്‍ നിര്‍ണ്ണായക സാക്ഷിമൊഴികളിലേക്ക് പോലീസിനെ എത്തിക്കുമെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച കുടുംബത്തോടൊപ്പമെത്തി നടി പരാതി നല്‍കുമ്പോള്‍ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മോചിതയാകാത്ത നടിക്ക് ആവശ്യമായ സൈക്യാട്രിക് ചികിത്സ നല്‍കിയ ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അതിവേഗത്തിലായിരുന്നു കമ്മീഷണറുടെ നീക്കങ്ങള്‍. 'തന്നേക്കാള്‍ ഉയര്‍ന്ന സ്ഥാനത്തുള്ള ആള്‍ക്കെതിരായാണ് പരാതിയെന്നത് നടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. ഇരയുടെ സ്വകാര്യത വെളിപ്പെടുത്താതെ അന്വേഷണം പൂര്‍ത്തിയാക്കുക എന്നതായിരുന്നു പോലീസിന് മുന്നിലെ പ്രധാന ലക്ഷ്യം,' കമ്മീഷണര്‍ കൂട്ടിചേര്‍ത്തു.
പരാതി നല്‍കാതിരിക്കാന്‍ നടിയെ ആരെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്ന കാര്യം ഗൗരവമായി അന്വേഷിക്കുമെന്ന് പ്രത്യേക അന്വേഷണസംഘത്തലവനായ കൊച്ചി ഡിസിപി അശ്വതി ജിജി അറിയിച്ചു. നടിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന സാക്ഷികളുടെ മൊഴിയെടുക്കുന്ന നടപടികള്‍ ഉടന്‍ ആരംഭിക്കും. തോക്കിന് പകരം ക്യാമറയുമായി പക്ഷികളെ തേടി നടന്നിരുന്ന ആ പഴയ കോഴിക്കോട് കമ്മീഷണറല്ല, മറിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നില്‍ കരിമ്പാറ പോലെ ഉറച്ചുനില്‍ക്കുന്ന കാളിരാജ് മഹേഷ് കുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് കൊച്ചി ഇപ്പോള്‍ കാണുന്നത്. സിനിമയിലെ സ്വാധീനശക്തികള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത ഈ ഉദ്യോഗസ്ഥന്റെ നിലപാടാണ് ഇരയ്ക്ക് നീതി ലഭിക്കുമെന്ന ഉറപ്പ് നല്‍കുന്നത്.
