ആ മധുരപ്രതികാരം പ്രോട്ടീസ് പട അങ്ങ് വീട്ടി! ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ നിലയുറപ്പിക്കാനാകാതെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര; സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്ക് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; നാല് വിക്കറ്റുമായി തിളങ്ങി മാര്‍ക്കോ ജാന്‍സന്‍; ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യക്ക് നിര്‍ണ്ണായകം
ഇന്ത്യക്ക് 76 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി
അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടന്ന ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി.ബാര്‍ബഡോസില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് സ്വന്തം മണ്ണില്‍ ഇന്ത്യയെ തകര്‍ത്ത് പ്രോട്ടീസ് പട മധുരപ്രതികാരം വീട്ടി. ഇന്ത്യയെ നിഷ്പ്രഭരാക്കി 76 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പ്രോട്ടീസ് പട അഹമ്മദാബാദില്‍ കുറിച്ചത്. ജയത്തോടെ സൂപ്പര്‍ എട്ടിലും തങ്ങളുടെ തോല്‍വിയറിയാത്ത മുന്നേറ്റം തുടര്‍ന്നു.
അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ 188 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 18.5 ഓവറില്‍ കേവലം 111 റണ്‍സിന് എല്ലാവരും പുറത്തായി. 37 പന്തില്‍ 42 റണ്‍സെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍കോ ജാന്‍സന്‍, മൂന്ന് പേരെ പുറത്താക്കിയ കേശവ് മഹാരാജ് എന്നിവ ഇന്ത്യയെ തകര്‍ത്തത്.
ആദ്യ ഓവറില്‍ തന്നെ കിഷന്റെ വിക്കറ്റ് നഷ്ടമായി ദക്ഷിണാഫ്രിക്കയ്ക്ക്. മാര്‍ക്രമിന്റെ പന്തില്‍ റ്യാന്‍ റിക്കിള്‍ട്ടണ്‍ ക്യാച്ച് നല്‍കിയാണ് കിഷന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയും (1) പുറത്തായി. ജാന്‍സനെ ക്രീസ് വിട്ട് കയറി അടിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കുകയായിരുന്നു. അഭിഷേക് ശര്‍മ തുടക്കം മുതല്‍ താളം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. റബാദയ്‌ക്കെതിരെ ഒരു സിക്‌സും ഫോറും നേടി ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും ജാന്‍സന്റെ സ്ലോവറില്‍ പിഴച്ചു. കോര്‍ബിന്‍ ബോഷിന്റെ തകര്‍പ്പന്‍ ക്യാച്ച്. ഇതോടെ മൂന്നിന് 26 എന്ന നിലയിലായി ഇന്ത്യ.
അക്‌സര്‍ പട്ടേലിന് പകരം ടീമിലെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (11) നിരാശപ്പെടുത്തി. ഇതിനിടെ സൂര്യകുമാറിനെ (18) ബോഷും മടക്കി. അഞ്ചിന് 51 എന്ന അവസ്ഥയിലായി ഇന്ത്യ. 15ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് പേരെയാണ് പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ (18), റിങ്കു സിംഗ് (0), അര്‍ഷ്ദീപ് സിംഗ് (0) എന്നിവരാണ് മടങ്ങിയത്. മൂന്ന് ക്യാച്ചും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനായിരുന്നു. ദുബെയുടെ ഇന്നിംഗ്‌സ് തോല്‍വിഭാരം കൂറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. 19-ാം ഓവറില്‍ ദുബെയും ബുമ്രയും (0) പുറത്തായി. വരുണ്‍ ചക്രവര്‍ത്തി (0) പുറത്താവാതെ നിന്നു.
നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) ജസ്പ്രിത് ബുമ്ര ബൗള്‍ഡാക്കി. മൂന്നാം ഓവറില്‍ എയ്ഡന്‍ മാര്‍ക്രവും (4) മടങ്ങി. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ മിഡ് ഓഫില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ക്യാച്ച്. റ്യാന്‍ റിക്കിള്‍ട്ടണും ബുമ്രയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇന്ത്യന്‍ പേസറുടെ സ്ലോവര്‍ മനസിലാക്കുന്നതില്‍ റിക്കിള്‍ട്ടണ് പിഴച്ചു, ശിവം ദുബെയ്ക്ക് മിഡ് ഓഫില്‍ ക്യാച്ച്. ഇതോടെ നാല് ഓവറില്‍ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ.
തുടര്‍ന്ന് ബ്രേവിസ് - മില്ലര്‍ സഖ്യം 97 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ബ്രേവിസ് 13-ാം ഓവറില്‍ മടങ്ങി. ശിവം ദുബെയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്‌സ് - മില്ലര്‍ സഖ്യം 35 റണ്‍സും കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ഭീഷണിയായിരിക്കെയാണ് വരുണ്‍ ചക്രവര്‍ത്തി മില്ലറെ മടക്കുന്നത്. ഇതോടെ കളി മാറി. 200ലെത്തുമെന്ന് തോന്നിച്ച സ്‌കോര്‍ അതിന് താഴെ ഒതുങ്ങുകയായിരുന്നു. ഇതിനിടെ മാര്‍കോ യാന്‍സനും (2) പുറത്തായിരുന്നു. കോര്‍ബിന്‍ ബോഷിനെ (5) റിട്ടേണ്‍ ക്യാച്ചില്‍ ബുമ്രയും മടക്കി.
അവസാന ഓവറുകളില്‍ സ്റ്റബ്‌സ് നടത്തിയ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. സ്റ്റബ്‌സിനൊപ്പം കഗിസോ റബാദ (0) പുറത്തവാതെ നിന്നു. തോല്‍വിയോടെ ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരവും നിര്‍ണ്ണായകമായി.
