'ഖമനേയിയുടെ മരണത്തിന് പകരം വീട്ടാന്‍ എല്ലാ മുസ്ലീങ്ങള്‍ക്കും ബാധ്യതയുണ്ട്; അമേരിക്കയും ഇസ്രായേലുമാണ് ഈ കുറ്റകൃത്യത്തിന് പിന്നില്‍'; ഇറാന്‍ പരമോന്നത നേതാവിന്റെ ചോരയ്ക്ക് പകരം ചോദിക്കാന്‍ ഫത്വ പുറപ്പെടുവിച്ച് ഇറാന്‍ പുരോഹിതന്‍; സ്ലീപ്പര്‍ സെല്ലുകള്‍ ഉണരുന്നു? സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയില്‍
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, സൈനിക നീക്കങ്ങള്‍ക്കപ്പുറം ലോകമെമ്പാടുമുള്ള സുരക്ഷാ ഏജന്‍സികളെ മുള്‍മുനയില്‍ നിര്‍ത്തി ഇറാനിലെ പ്രമുഖ പുരോഹിതന്‍ 'ഫത്വ' പുറപ്പെടുവിച്ചു. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ രക്തത്തിന് പകരം വീട്ടാന്‍ ലോകത്തെ മുഴുവന്‍ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്യുന്നതാണ് പ്രഖ്യാപനം. ഇറാനിലെ പ്രമുഖ മതപണ്ഡിതനായ നാസര്‍ മകാരെം ഷിറാസിയാണ് ഫത്വ പുറപ്പെടുവിച്ചത്. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇദ്ദേഹം. ഖമേനിയുടെ മരണത്തിന് പകരം വീട്ടാന്‍ എല്ലാ മുസ്ലീങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും അമേരിക്കയും ഇസ്രായേലുമാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രഖ്യാപനം വിവിധ രാജ്യങ്ങളില്‍ 'സ്ലീപ്പര്‍ സെല്ലുകള്‍' സജീവമാകാന്‍ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എംബസികള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, യഹൂദ സ്ഥാപനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഒറ്റപ്പെട്ട ആക്രമണങ്ങള്‍ (Lone wolf attacks) നടന്നേക്കാമെന്നാണ് വിലയിരുത്തല്‍. .
കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ രക്തത്തിന് പകരം വീട്ടാന്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രമുഖ ഇറാനിയന്‍ മതപുരോഹിതന്റെ ഫത്വ. അമേരിക്കയും ഇസ്രായേലുമാണ് ഈ 'കുറ്റകൃത്യത്തിന് പിന്നിലെ പ്രധാന സൂത്രധാരര്‍' എന്നും ഷിറാസി പ്രസ്താവിച്ചു. ഇസ്ലാമിക നിയമപണ്ഡിതരോ മതനേതാക്കളോ പുറപ്പെടുവിക്കുന്നതും വിശ്വാസികള്‍ പിന്തുടരാന്‍ ബാധ്യസ്ഥരുമായ മതനിയമമാണ് ഫത്വ.. ഈ ഫത്വ ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സുരക്ഷാ വൃത്തങ്ങളില്‍ വലിയ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ തീവ്രമായ പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ സുരക്ഷാ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
എംബസികള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ ഇറാനിയന്‍ സ്ലീപ്പര്‍ സെല്ലുകളും ഒറ്റപ്പെട്ട ആക്രമണകാരികളും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സാധ്യത ഇത് വളരെയധികം വര്‍ദ്ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ പതിറ്റാണ്ടുകളായി അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദം വളര്‍ത്തുന്നതിനും കയറ്റുമതി ചെയ്യുന്നതിനും മുന്നിട്ട് നില്‍ക്കുന്ന രാജ്യമാണെന്നും യുകെയില്‍ വിമതരെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നതിന് അവര്‍ക്ക് വ്യക്തമായ ചരിത്രമുണ്ടെന്നും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധനായ ഗഫാര്‍ ഹുസൈന്‍ ഡെയ്ലി മെയിലിനോട് പ്രതികരിക്കവെ വ്യക്തമാക്കി. യുദ്ധം തുടങ്ങിയത് മുതല്‍ ഈ ഭീഷണി വളരെ ഗൗരവകരമായി വര്‍ദ്ധിച്ചിരിക്കുകയാണ്. സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിത്.' അടുത്ത കാലത്തായി ബോംബ് സ്ഫോടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇറാനിയന്‍ ഏജന്റുകള്‍ ശ്രമിച്ചതായും പലപ്പോഴും അതില്‍ വിജയിച്ചതായും ആരോപണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിവിധ രാജ്യങ്ങളിലെ സുരക്ഷാ സേവനങ്ങള്‍ ഇതില്‍ അതീവ ജാഗ്രത പുലര്‍ത്തണം,' ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് തെളിവായി നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 2018-ല്‍ പാരീസില്‍ നടന്ന ഇറാനിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ റാലിയില്‍ ബോംബ് സ്ഫോടനം നടത്താനുള്ള ഗൂഢാലോചന ഫ്രാന്‍സ് തകര്‍ത്തിരുന്നു. ലക്ഷക്കണക്കിന് ഇറാനികളും നൂറുകണക്കിന് അന്താരാഷ്ട്ര പ്രമുഖരും പങ്കെടുത്ത ചടങ്ങായിരുന്നു അത്. അതേ വര്‍ഷം തന്നെ, ഡെന്‍മാര്‍ക്ക് തങ്ങളുടെ മണ്ണില്‍ ഒരു പ്രതിപക്ഷ നേതാവിനെ വധിക്കാന്‍ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമിച്ചതായി പരസ്യമായി ആരോപിച്ചു. 2012-ല്‍, ന്യൂഡല്‍ഹിയിലെ തിരക്കേറിയ ഒരു പ്രദേശത്ത് ഒരു ഇസ്രായേലി നയതന്ത്രജ്ഞനെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിന് പിന്നില്‍ ഇറാനിയന്‍ ഏജന്റുമാരായിരുന്നുവെന്ന് ഇന്ത്യന്‍ പോലീസ് വിശദമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തുകയും ചെയ്തു, ഈ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിലവില്‍ അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായി ഇറാനിയന്‍ സ്ലീപ്പര്‍ സെല്ലുകള്‍ തിരിച്ചടിച്ചേക്കുമെന്ന ഭീതിയില്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണം നടത്തിവരികയാണ്. ജര്‍മ്മനിയിലെ പ്രമുഖ ഭീകരവിരുദ്ധ വിദഗ്ധനായ ഹൈങ്കോ ഹൈനിഷ് ഡെയ്ലി മെയിലിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'യൂറോപ്പില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സിന് (IRGC) ശക്തമായ ശൃംഖലകളുണ്ടെന്ന് നമുക്കറിയാം. ഇറാന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എംബസികള്‍, കോണ്‍സുലേറ്റുകള്‍, മോസ്‌കുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവ പ്രവര്‍ത്തിക്കുന്നത്.' ഇസ്രായേലുമായി ബന്ധമുള്ളതോ യഹൂദര്‍ നടത്തുന്നതോ ആയ കമ്പനികള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ തുടങ്ങിയ 'സോഫ്റ്റ് ടാര്‍ഗറ്റുകള്‍' ആണ് ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഷിറാസിയുടെ ഫത്വയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഹൈനിഷ് കൂട്ടിച്ചേര്‍ത്തു: 'അദ്ദേഹം അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു നിയമപണ്ഡിതനാണ്. 1979-ലെ ഇറാനിയന്‍ വിപ്ലവത്തിന് ശേഷം 'അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്സില്‍' നിയമിതനായ അദ്ദേഹം ഇറാന്റെ ആദ്യ ഭരണഘടന തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.' ഈ ഫത്വ ഇറാനിയന്‍ ഭരണകൂടത്തിന്റെ നിലപാടുകളുടെ തീവ്രതയും ആഗോള സുരക്ഷാ അന്തരീക്ഷത്തിന് അത് സൃഷ്ടിക്കുന്ന വെല്ലുവിളികളും അടിവരയിടുന്നു. ഈ സംഭവവികാസം മേഖലയിലും ആഗോള തലത്തിലും സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാനും പുതിയ സുരക്ഷാ വെല്ലുവിളികള്‍ക്ക് കാരണമാകാനും സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം ഇസ്രായേല്‍ ലബനാനിലെ തങ്ങളുടെ നയതന്ത്ര കാര്യാലയം ആക്രമിച്ചാല്‍, ലോകമെമ്പാടുമുള്ള ഇസ്രായേല്‍ എംബസികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ സായുധ സേന മുന്നറിയിപ്പ് നല്‍കി. ഇറാന്റെ സൈനിക വക്താവ് അബുല്‍ഫസല്‍ ഷെകര്‍ച്ചി ടെലിവിഷനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലബനാനിലുള്ള ഇറാന്റെ 'ഭീകര ഭരണകൂടത്തിന്റെ' പ്രതിനിധികള്‍ ഉടന്‍ അവിടം വിട്ടുപോകണമെന്നും, 24 മണിക്കൂറിനുള്ളില്‍ പുറപ്പെട്ടില്ലെങ്കില്‍ അവരെ ലക്ഷ്യമിടുമെന്നും ഇസ്രായേല്‍ സൈനിക വക്താവ് അവിചായ് അദ്രീ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാന്റെ ഈ പുതിയ പ്രഖ്യാപനം.
