ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കിയ നിങ്ങള്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ ലംഘിച്ചത്? എന്ന അരാഗ്ചിയുടെ ചോദ്യത്തിന് മുന്നില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പ്രതിരോധത്തിലായി; തര്‍ക്കം രൂക്ഷമായതോടെ ഇരു വിഭാഗവും ബഹളം വച്ചു; ഇരുപക്ഷത്തെയും വ്യത്യസ്ത മുറികളിലേക്ക് മാറ്റി പാക്കിസ്ഥാന്‍! ഇസ്ലാമാബാദില്‍ വാക്പോരും ബഹളവും; ആ ചര്‍ച്ച പരാജയമായ കഥ

Update: 2026-04-14 05:05 GMT

ഇസ്ലാമാബാദ്: ഇറാന്റെ ആണവമോഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ട് ഇസ്ലാമാബാദില്‍ നടന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണങ്ങള്‍ പലത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതികള്‍ 20 വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം ടെഹ്‌റാന്‍ തള്ളിക്കളയുകയായിരുന്നു. അഞ്ച് വര്‍ഷം വരെ മാത്രമേ നിയന്ത്രണം അംഗീകരിക്കാനാകൂ എന്ന ഇറാന്‍ നിലപാടാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ പ്രധാന കാരണമായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന ട്രംപ് ഭരണകൂടത്തിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള മാറ്റമായാണ് 20 വര്‍ഷത്തെ കരാര്‍ നിര്‍ദ്ദേശത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുള്ള ആണവ സാങ്കേതികവിദ്യ തങ്ങള്‍ക്കും അനിവാര്യമാണെന്ന വാദത്തില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണ്. നിലവിലെ തര്‍ക്കങ്ങള്‍ക്കിടയിലും 12 വര്‍ഷത്തെ ഇടക്കാല കരാറിലേക്ക് ഇരുപക്ഷവും എത്തിയേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഇയാന്‍ ബ്രെമ്മര്‍ സൂചിപ്പിക്കുന്നു.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്കയും ഇറാനും തമ്മില്‍ ഇത്രയും ഉയര്‍ന്ന തലത്തിലുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കുന്നത്. ഇസ്ലാമാബാദിലെ ലക്ഷ്വറി സെറീന ഹോട്ടലില്‍ നടന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാനിയന്‍ സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബാഫും പങ്കെടുത്തു. സുരക്ഷാ കാരണങ്ങളാല്‍ ചര്‍ച്ചാമുറിയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ടായിരുന്നു. ആണവ വിഷയത്തിന് പുറമെ ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയും ചര്‍ച്ചയില്‍ കടുത്ത തര്‍ക്കമുണ്ടായി.

ഇറാന്‍ നിലവില്‍ ഈ പാത തടഞ്ഞിരിക്കുകയാണ്. ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്ന ടെഹ്‌റാന്റെ ആവശ്യവും അമേരിക്ക നിരസിച്ചതോടെ ചര്‍ച്ചകള്‍ പലപ്പോഴും നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇസ്ലാമാബാദിലെ ചര്‍ച്ചകള്‍ 20 മണിക്കൂറിലധികം നീണ്ടുനിന്നു. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഇഷാഖ് ദാറിന്റെ നേതൃത്വത്തിലായിരുന്നു അനുരഞ്ജന ശ്രമങ്ങള്‍. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ സുരക്ഷാ ഗാരന്റികളെക്കുറിച്ചുള്ള സംസാരം വന്നപ്പോള്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെ സ്വരം കടുപ്പമേറിയതായി മാറിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അമേരിക്കയെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. നേരത്തെ ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് തൊട്ടുപിന്നാലെ ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയിരുന്നു. ഈ കാര്യം ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. 'ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആക്രമിക്കില്ലെന്ന് ഉറപ്പുനല്‍കിയ നിങ്ങള്‍ എങ്ങനെയാണ് വാഗ്ദാനങ്ങള്‍ ലംഘിച്ചത്?' എന്ന അരാഗ്ചിയുടെ ചോദ്യത്തിന് മുന്നില്‍ അമേരിക്കന്‍ പ്രതിനിധികള്‍ പ്രതിരോധത്തിലായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ഇരുവിഭാഗവും ബഹളം വെക്കുന്ന സാഹചര്യം വരെയുണ്ടായി.

തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രതിനിധികള്‍ ഇടപെട്ട് ഇരുപക്ഷത്തെയും വ്യത്യസ്ത മുറികളിലേക്ക് മാറ്റിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. കരാറിന്റെ 80 ശതമാനം കാര്യങ്ങളിലും ധാരണയായിരുന്നുവെന്നും എന്നാല്‍ ചില നിര്‍ണ്ണായക തീരുമാനങ്ങളില്‍ ഉടക്കി നില്‍ക്കുകയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ചര്‍ച്ചകള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന് പറയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വക്താവ് ഒലിവിയ വെയില്‍സ് പറഞ്ഞു. ഒത്തുതീര്‍പ്പിലെത്താന്‍ ഇരുരാജ്യങ്ങളും ഇപ്പോഴും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇറാന്‍ ഭരണകൂടം തന്നെ ബന്ധപ്പെട്ടതായും ചര്‍ച്ചകള്‍ തുടരാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ഇതിനിടെ, ഇറാന്റെ തുറമുഖങ്ങളില്‍ അമേരിക്ക ഇന്നലെ മുതല്‍ ഉപരോധം ഏര്‍പ്പെടുത്തിത്തുടങ്ങി. ഇത് ഒരാഴ്ച നീണ്ടുനിന്ന വെടിനിര്‍ത്തല്‍ കരാറിനെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ഉടന്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാത്തത് ആഗോള വിപണിയിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. പല വിഷയങ്ങളിലും കടുത്ത ഭിന്നത നിലനില്‍ക്കുന്നുണ്ടെങ്കിലും നയതന്ത്ര ചര്‍ച്ചകളുടെ വാതില്‍ അടഞ്ഞിട്ടില്ല. പശ്ചിമേഷ്യയിലെ സമാധാനത്തിന് ഈ ചര്‍ച്ചകളുടെ വിജയം അത്യന്താപേക്ഷിതമാണ്.

Similar News