അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി! ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍; ബഹ്‌റൈനിലെ യുഎസ് സേനാതാവളത്തിലും ആക്രമണം; സൗദിയിലെ സേനാത്താവളത്തിന് നേരെയും ഇറാന്റെ മിസൈല്‍ ആക്രമണം; ശത്രുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി യുഎഇയും; 'ഞങ്ങള്‍ എളുപ്പത്തില്‍ വീഴുന്ന ഇരയല്ല' എന്ന് യുഎഇ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ വാക്കുകളും വെറുതേയായി!
വാഷിങ്ടന്‍/ടെഹ്‌റാന്‍: അയല്‍രാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാന്‍ പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് മണിക്കൂറുകളുടെ മാത്രം ആയുസ്സ്. ഖത്തറിനെയും ബഹ്‌റൈനെയും ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. മിസൈലുകളെ ഫലപ്രദമായി തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹറൈനിലെ യുഎസ് സേനാതാവളം ആക്രമിച്ചതായും ഇറാന്‍ അവകാശപ്പെട്ടു. ഇറാനിലെ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ അവകാശവാദം.
ബഹ്റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെയാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് മിസൈലുകള്‍ പ്രയോഗിച്ചത്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ശുദ്ധജല പ്ലാന്റിന് നേരെ അമേരിക്ക ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. അതിനിടെ ശത്രുക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇയും രംഗത്തുവന്നു.
യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുമ്പോഴും രാജ്യം സുരക്ഷിതമാണെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യുഎഇയുടെ അകം കരുത്തുറ്റതാണെന്നും ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ കീഴ്‌പ്പെടുത്താവുന്ന ഇരയല്ല ഞങ്ങള്‍ എന്നും അല്‍ നഹ്യാന്‍ വ്യക്തമാക്കി. ജനങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. ഈ പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച് രാജ്യം കൂടുതല്‍ കരുത്തോടെ തിരിച്ചുവരും. ജനം ഒറ്റക്കെട്ടായാണ് നല്‍കുന്നത്. പ്രവാസികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.
അതേസമയം ബഹ്റൈനിലെ അമേരിക്കന്‍ സൈനിക താവളത്തിന് പിന്നാലെ സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം ഉണ്ടായി. അല്‍-ഖര്‍ജ് നഗരത്തിന് സമീപമുള്ള താവളം ലക്ഷ്യമാക്കിയാണ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തത്. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ വന്ന മിസൈല്‍ ജനവാസമില്ലാത്ത മേഖലയിലാണ് പതിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അതീവ ജാഗ്രതയുള്ള സൈനിക മേഖലയ്ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഗൗരവത്തോടെയാണ് സൗദി കാണുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയില്‍ ഒന്നിലധികം ഡ്രോണുകളും മിസൈലുകളും സൗദി സൈന്യം വെടിവെച്ചിട്ടിരുന്നു.
അതേസമയം ടെഹ്റാനില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാന്‍ വ്യോമസേനയുടെ 16 വിമാനങ്ങള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇറാന്‍ തലസ്ഥാനത്തുടനീളം വ്യോമസേന ശക്തമായ ആക്രമണങ്ങള്‍ നടത്തിയെന്നും മെഹ്റാബാദ് വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായെന്നും ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ലബനനിലെ ഹിസ്ബുല്ല ഉള്‍പ്പെടെ പശ്ചിമേഷ്യയിലെ സായുധ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങളും പണവും കൈമാറുന്നതിനുള്ള പ്രധാന കേന്ദ്രമായി ഇറാന്‍ സൈന്യം ഈ വിമാനത്താവളം ഉപയോഗിച്ചിരുന്നതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ, ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന് ഇന്ന് ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ട്രംപ് കുറിച്ചത്. ഇതുവരെ ലക്ഷ്യമിടാതിരുന്ന ചില മേഖലകളെയും ഗ്രൂപ്പുകളെയും പൂര്‍ണമായി നശിപ്പിക്കാനും ഇല്ലാതാക്കാനും യുഎസ് ഗൗരവമായി ആലോചിക്കുന്നതായും ട്രംപ് പറഞ്ഞു. അയല്‍രാജ്യങ്ങളെ ആക്രമിച്ചതിന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മാപ്പുപറഞ്ഞതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി.
'' ഇറാന്‍ തങ്ങളുടെ അയല്‍രാജ്യങ്ങളോട് മാപ്പ് പറയുകയും കീഴടങ്ങുകയും ചെയ്തിരിക്കുന്നു. ഇനി അവര്‍ക്ക് നേരെ വെടിയുതിര്‍ക്കില്ലെന്ന് ഇറാന്‍ വാഗ്ദാനം നല്‍കി. അമേരിക്കയുടെയും ഇസ്രയേലിന്റെയും വിട്ടുവീഴ്ചയില്ലാത്ത ആക്രമണം കാരണമാണ് ഈ വാഗ്ദാനം ഉണ്ടായത്. പശ്ചിമേഷ്യ കീഴടക്കി ഭരിക്കാനായിരുന്നു അവര്‍ നോക്കിയിരുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് അയല്‍രാജ്യങ്ങളോട് ഇറാന്‍ പരാജയപ്പെടുന്നത്. ആ രാജ്യങ്ങള്‍ എന്നോട് നന്ദി പറഞ്ഞു. ഞാന്‍ അതിനെ സ്വാഗതം ചെയ്തു. ഇറാന്‍ തോറ്റവരാണ്. അവര്‍ കീഴടങ്ങുന്നത് വരെയോ, അല്ലെങ്കില്‍ പൂര്‍ണമായും തകരുന്നത് വരെയോ ദശകങ്ങളോളം അങ്ങനെ തന്നെയായിരിക്കും''ട്രംപ് പറഞ്ഞു.
ഇസ്രയേലും യുഎസുമായുള്ള യുദ്ധത്തില്‍ മറ്റു അയല്‍രാജ്യങ്ങളെ ആക്രമിച്ചതില്‍ നേരത്തെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ക്ഷമ ചോദിച്ചിരുന്നു. ഇറാനെ ആക്രമിച്ചാല്‍ മാത്രമേ ഇനി അയല്‍രാജ്യങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടാകൂ എന്നും ഇറാന്‍ കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ''ഇറാന്‍ ആക്രമണം നടത്തിയ അയല്‍രാജ്യങ്ങളോട് മാപ്പുപറയുന്നു. അയല്‍രാജ്യങ്ങള്‍ക്കു നേരെ ഇനി ആക്രമണം ഉണ്ടാകില്ല. ഇറാനെ ആക്രമിച്ചാല്‍ മാത്രമേ ആ രാജ്യങ്ങളിലേക്ക് മിസൈല്‍ അയക്കൂ'' മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞു. 'ഇറാന്‍ കീഴടങ്ങില്ല' എന്നും ഇറാന്‍ ജനത കീഴടങ്ങണമെന്ന ആഗ്രഹം ശത്രുക്കള്‍ക്ക് അവരുടെ കുഴിമാടങ്ങളിലേക്ക് കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം 80ലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഇറാനില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ടെഹ്‌റാനിലും ഇറാനെറെ മധ്യമേഖലകളിലുമാണ് ആക്രമണമുണ്ടായത്. അതിനിടെ, ഗള്‍ഫ് മേഖലയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് വിമാനത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. ഏകദേശം 9,000 ഇന്ത്യന്‍ പൗരന്മാരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ടെഹ്റാന്‍, ഖോം എന്നീ രണ്ട് ഇറാനിയന്‍ നഗരങ്ങളിലാണ് ഇവര്‍ കഴിയുന്നത്. ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
