ട്രംപിന്റെ തീരുവ കൊള്ളയ്ക്ക് യുഎസ് സുപ്രീം കോടതി പൂട്ടിട്ടതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലോട്ടറി; വസ്ത്രങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും ഐടി ഉത്പന്നങ്ങള്‍ക്കും 18% നികുതി ഒഴിവായി; സ്റ്റീലിനും വാഹനങ്ങള്‍ക്കും ഇപ്പോഴും രക്ഷയില്ല; 800 കോടി ഡോളറിന്റെ വ്യാപാരത്തിന് ഉയര്‍ന്ന ചുങ്കം; മാറ്റങ്ങള്‍ ഇങ്ങനെ

ട്രംപിന്റെ തീരുവ കൊള്ളയ്ക്ക് യുഎസ് സുപ്രീം കോടതി പൂട്ടിട്ടതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലോട്ടറി;

Update: 2026-02-20 16:27 GMT

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ആഗോള ഇറക്കുമതി തീരുവകള്‍ (Reciprocal Tariffs) റദ്ദാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതിയുടെ ചരിത്രവിധി ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് വലിയ ആശ്വാസമായി. എന്നാല്‍, ദേശീയ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏര്‍പ്പെടുത്തിയ പ്രത്യേക നികുതികള്‍ തുടരുന്നതിനാല്‍ 800 കോടിയിലധികം ഡോളറിന്റെ (8 billion) ഇന്ത്യന്‍ വ്യാപാരത്തിന് ഉയര്‍ന്ന ചുങ്കം നല്‍കേണ്ടി വരും.

18% നികുതി ഒഴിവായി

ഇന്ത്യ-യുഎസ് വ്യാപാര ചട്ടക്കൂടിന് കീഴില്‍ നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന 18 ശതമാനം തീരുവ കോടതി വിധിയോടെ ഇല്ലാതായി. ഇതോടെ മിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ശരാശരി 3 ശതമാനം എന്ന പഴയ നികുതി നിരക്കിലേക്ക് (Most Favoured Nation level) മടങ്ങാന്‍ സാധിക്കും. വസ്ത്രങ്ങള്‍, ഐടി ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി മേഖലകളിലെ കയറ്റുമതിക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാണ്.

സെക്ഷന്‍ 232 ഭീഷണി തുടരുന്നു

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യുഎസ് കരുതുന്ന സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍, തടി, ചെമ്പ് തുടങ്ങിയ മേഖലകളിലെ നികുതികള്‍ (Section 232 duties) കോടതി വിധിയോടെ മാറില്ല. ഇവ പ്രത്യേകമായി ഏര്‍പ്പെടുത്തിയവയായതിനാല്‍ അവ നിലനില്‍ക്കും.

ഇന്ത്യയുടെ ആഘാതം

2024-ലെ കണക്കനുസരിച്ച് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത 830 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

വാഹനങ്ങള്‍: 3.9 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി.

സ്റ്റീല്‍: 2.5 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി.

അലുമിനിയം: 800 മില്യണ്‍ ഡോളറിന്റെ കയറ്റുമതി.

ചെമ്പ്, തടി, മെഷിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും ഈ ഉയര്‍ന്ന നികുതി തുടരും. ചുരുക്കത്തില്‍, അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 10 ശതമാനത്തിലധികം ഇപ്പോഴും നികുതി ഭീഷണിയിലാണ്.

താല്‍ക്കാലിക ആശ്വാസമോ?:

സുപ്രീം കോടതി വിധിക്ക് പിന്നാലെ മറ്റ് നിയമവഴികള്‍ തേടുമെന്ന് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ ആശ്വാസം താല്‍ക്കാലികമാകാനുള്ള സാധ്യതയുണ്ട്. അമേരിക്കന്‍ വിപണിയെ കൂടുതല്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് വരും മാസങ്ങള്‍ അതീവ നിര്‍ണ്ണായകമാണ്.

എന്തുകൊണ്ട് ഈ വിധി?

1977-ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) ദുരുപയോഗം ചെയ്താണ് ട്രംപ് തീരുവകള്‍ ഏര്‍പ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി. അടിയന്തരാവസ്ഥാ ഘട്ടത്തില്‍ വ്യാപാരം നിയന്ത്രിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും തോന്നുംപടി നികുതി ചുമത്താന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Tags:    

Similar News