'മരിച്ചിട്ടും സി.ജെ. റോയിയെ അവര്‍ വെറുതെ വിടുന്നില്ല! കള്ളപ്പണമില്ല, ആരെയും പറ്റിച്ചിട്ടില്ല; കോണ്‍ഫിഡന്റ് ഗ്രൂപ്പിന് പിന്നാലെ ഇ.ഡിയോ സിബിഐയോ ഇല്ല; നിക്ഷേപകര്‍ക്ക് ഉറപ്പുനല്‍കി എംഡി ജോസഫ്; ദുരൂഹത അഴിക്കാന്‍ കര്‍ണാടക എസ്‌ഐടി കൊച്ചിയിലേക്ക്; ബില്‍ഡറുടെ മരണത്തിന് പിന്നിലെ കാണാപ്പുറങ്ങള്‍

ബില്‍ഡറുടെ മരണത്തിന് പിന്നിലെ കാണാപ്പുറങ്ങള്‍

Update: 2026-02-05 14:02 GMT

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. റോയിയുടെ മരണത്തില്‍ മാത്രമല്ല, കമ്പനിയെ കുറിച്ചും ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ക്കിടെ, ഔദ്യോഗിക വിശദീകരണവുമായി എം ഡി ടി എ ജോസഫ് രംഗത്തെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് ജോസഫ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയും ആരോപണങ്ങളെ തള്ളിയുമാണ് ജോസഫിന്റെ വീഡിയോ സന്ദേശം. അതേസമയം, മരണത്തിന് പിന്നിലെ കാരണങ്ങള്‍ തേടി കര്‍ണാടക പ്രത്യേക അന്വേഷണ സംഘം (SIT) ഉടന്‍ കൊച്ചിയിലെത്തും.

'കള്ളപ്പണമില്ല, ആരെയും പറ്റിച്ചിട്ടില്ല'

കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും റോയിയെ വേട്ടയാടിയ റെയ്ഡുകളെക്കുറിച്ചും ടി.എ. ജോസഫ് വ്യക്തമാക്കിയത് ഇങ്ങനെ:

മരിച്ചുപോയ ഒരാളെ സോഷ്യല്‍ മീഡിയയും യൂട്യൂബ് ചാനലുകളും ക്രൂരമായി അപകീര്‍ത്തിപ്പെടുത്തുകയാണ്. റോയിയെ മരിച്ചിട്ടും വേട്ടയാടുന്നത് ഖേദകരമാണ്.

കമ്പനിയുടെ പക്കല്‍ കള്ളപ്പണമോ ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയ പണമോ ഇല്ല. കഠിനാധ്വാനം ചെയ്താണ് ഈ സാമ്രാജ്യം കെട്ടിപ്പൊക്കിയത്. ഇ.ഡിയും സിബിഐയും അന്വേഷിക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അത്തരത്തിലുള്ള ഒരു സാഹചര്യവും നിലവിലില്ല. മുന്‍പുണ്ടായിരുന്ന അതേ ഊര്‍ജത്തോടെ കമ്പനി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Full View

നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല

സി.ജെ. റോയിയുടെ ആകസ്മിക വിയോഗം നിക്ഷേപകര്‍ക്കിടയില്‍ സ്വാഭാവികമായ ആശങ്കകള്‍ക്ക് വഴിവെച്ചതായും നിരവധി പേര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നതായും ജോസഫ് പറഞ്ഞു. മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും, ബെംഗളൂരുവിലെ പോലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് അവിടെ തുടരേണ്ടി വന്നതിനാല്‍ അത് സാധിക്കാതെ പോയെന്നും അദ്ദേഹം വിശദീകരിച്ചു. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വൈകാതെ കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങള്‍ കേരളവും ബെംഗളൂരുമാണ്. എന്നാല്‍, കഴിഞ്ഞ 2-3 വര്‍ഷമായി ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റുകളുടെ നേരിട്ടുള്ള നിര്‍മ്മാണത്തേക്കാള്‍, മാസ്റ്റര്‍ ഡെവലപ്പര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജോസഫ് വ്യക്തമാക്കി. വലിയ ഭൂമി വാങ്ങി മറ്റ് ബില്‍ഡര്‍മാര്‍ക്ക് സംയുക്ത വികസനത്തിനായി നല്‍കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായിരുന്നു ഈ മാറ്റം. കേരളത്തിലെ കമ്പനിയുടെ ചുമതലകള്‍ കഴിഞ്ഞ 15 വര്‍ഷമായി താന്‍ നേരിട്ടാണ് നിര്‍വഹിക്കുന്നതെന്നും ഇത് മുന്നോട്ടും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും, കമ്പനി പണം നല്‍കാനുണ്ടെന്നും തട്ടിപ്പ് നടത്തിയെന്നും മറ്റുമുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജോസഫ് പറഞ്ഞു. കഷ്ടപ്പെട്ട് ജോലി ചെയ്തും മികച്ച രീതിയില്‍ നിര്‍മ്മാണവും വിപണനവും നടത്തിയും മുന്നോട്ട് പോകുന്ന സ്ഥാപനമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നിലവിലെ വെല്ലുവിളികള്‍ക്കിടയിലും കോണ്‍ഫിഡന്റ് ഗ്രൂപ്പ് സാധാരണ നിലയില്‍ മുന്നോട്ടുപോകുമെന്നും നിക്ഷേപകര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കമ്പനി എംഡി ഉറപ്പുനല്‍കി.

കൊച്ചിയിലേക്ക് നീളുന്ന അന്വേഷണം

സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് രൂപീകരിച്ച എസ്.ഐ.ടി വൈകാതെ കേരളത്തിലെത്തും. റോയിയുടെ മരണത്തിലേക്ക് നയിച്ച മാനസിക സമ്മര്‍ദ്ദത്തിന് പിന്നില്‍ കൊച്ചിയിലെ ഏതെങ്കിലും ഇടപാടുകള്‍ക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

കര്‍ണാടകയില്‍ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെ റോയി വലിയ മാനസിക വിഷമത്തിലായിരുന്നുവെന്നും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലെ ഓഫീസുകളിലും ഇതേക്കുറിച്ച് സംഘം മൊഴിയെടുത്തേക്കും.


Tags:    

Similar News