ട്രംപിന്റെ അന്ത്യശാസനം തീരാന്‍ നിമിഷങ്ങള്‍; ടെഹ്‌റാനില്‍ വലിയ മൂന്ന് സ്‌ഫോടനങ്ങള്‍; വിമാനത്താവളങ്ങള്‍ തകര്‍ത്തു? മരണദൂതുമായി യുദ്ധ വിമാനങ്ങള്‍ ടെഹ്റാന്‍ ആകാശത്ത്! റെയില്‍വേ ട്രാക്കുകളില്‍ നിന്ന് അകലം പാലിക്കാന്‍ ഇറാന്‍ ജനതയ്ക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്! പ്രതിരോധത്തിന്റെ പോര്‍മുഖം തുറന്ന് മനുഷ്യശൃംഖലകള്‍; മിലിട്ടറി റാങ്കുകള്‍ നല്‍കി കുട്ടികളടക്കം സൈന്യത്തില്‍? കരയുദ്ധത്തിലേക്ക് കടന്നാല്‍ ഏറ്റവും വലിയ നരനായാട്ട്? ആശങ്കയുടെ നിമിഷങ്ങള്‍
വാഷിങ്ടന്‍/ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതില്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായും യുദ്ധവിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നല്‍കിയ 10 ദിവസത്തെ അന്ത്യശാസനം അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് നാടകീയ നീക്കങ്ങള്‍.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ശക്തമായ മൂന്ന് സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. യുദ്ധവിമാനങ്ങള്‍ ടെഹ്‌റാന്റെ ആകാശത്തു പറക്കുന്നതായും അല്‍ ജസീറയെ ഉദ്ധരിച്ചുവന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അതേസമയം, ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ വഴിയുള്ള വാഹന ഗതാഗതം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും പിന്നീട് തുറന്നു. ബഹ്റൈനെ അറേബ്യന്‍ ഉപദ്വീപുമായ് കരമാര്‍ഗം ബന്ധിപ്പിക്കുന്ന ഏക വഴിയാണ് 25 കിലോമീറ്റര്‍ (15.5 മൈല്‍) ദൈര്‍ഘ്യമുള്ള കിങ് ഫഹദ് കോസ്വേ.
ടെഹ്റാനിലെ മൂന്ന് വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയതായാണ് വിവരം. ഇറാനിയന്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ക്കപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നു. ഇതിനുപുറമെ, ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമായ സൗത്ത് പാഴ്‌സ് ഗ്യാസ് ഫീല്‍ഡിന് കീഴിലുള്ള പെട്രോകെമിക്കല്‍ സമുച്ചയത്തിന് നേരെയും ആക്രമണം ഉണ്ടായി. ബുഷെര്‍ ആണവനിലയത്തിന് സമീപം നടന്ന സ്‌ഫോടനങ്ങള്‍ ആണവ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ ഏജന്‍സി (IAEA) മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ മജിദ് ഖാദേമി കൊല്ലപ്പെട്ടതും ഇറാന് വലിയ തിരിച്ചടിയായി.
അതിനിടെ, ഇറാനിലെ എല്ലാ പാലങ്ങളും വൈദ്യുത നിലയങ്ങളും ബുധനാഴ്ച പുലര്‍ച്ചെയോടെ (യുഎസ് സമയം) തകര്‍ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറില്‍ ഒപ്പിടാന്‍ ഇറാന് നല്‍കിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാല്‍ താല്‍ക്കാലികമായി വെടിനിര്‍ത്താനുള്ള യുഎസ് നിര്‍ദേശങ്ങള്‍ ഇറാന്‍ തിങ്കളാഴ്ച വൈകിട്ട് തള്ളി . ഇതിനു പിന്നാലെയാണ് ട്രംപിന്റെ വാര്‍ത്താ സമ്മേളനം.
ഇറാന് നല്‍കിയ അന്ത്യശാസനത്തിന്റെ സമയം കഴിഞ്ഞ് നാലു മണിക്കൂറിനുള്ളില്‍ ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. 'ഞങ്ങള്‍ക്ക് ഒരു പദ്ധതിയുണ്ട്, നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊര്‍ജ നിലയങ്ങളും പ്രവര്‍ത്തന രഹിതമാകും. ഒരിക്കലും പ്രവര്‍ത്തിക്കാനാകാത്ത വിധം അവ തകര്‍ക്കും. പൂര്‍ണമായി തകര്‍ക്കും 12 മണിയോടെ'ട്രംപ് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂര്‍ണമായി നശിപ്പിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. അത് നാളത്തെ രാത്രിയായേക്കാമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
ചെറുക്കാന്‍ ആയുധം മനുഷ്യജീവന്‍
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ പ്രതിരോധിക്കാന്‍ മനുഷ്യ ജീവനുകളെ ചാവേറുകളാക്കി മുന്നൊരുക്കത്തിലാണ് ഇറാന്‍. കരയുദ്ധത്തിലേക്ക് കടക്കുന്നപക്ഷം പോരാടാന്‍ ലക്ഷക്കണക്കിനാളുകളെയാണ് ഇറാന്‍ സജ്ജരാക്കിയിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, കുട്ടികളെ മിലിട്ടറി റാങ്കുകള്‍ നല്‍കി യുദ്ധത്തിന്റെ ഭാഗമാക്കാനും പ്രതിരോധത്തിന്റെ അവസാനമാര്‍ഗമെന്ന നിലയ്ക്ക് മനുഷ്യശൃംഖലകള്‍ സൃഷ്ടിക്കാനും ഇറാന്‍ പദ്ധതിയിടുന്നുണ്ട്.
യുഎസും ഇസ്രയേലും കരയുദ്ധത്തിലേക്ക് കടക്കുന്നപക്ഷം രാജ്യത്തിനുവേണ്ടി പോരാടാന്‍ 1.4 കോടി ആളുകള്‍ സന്നദ്ധരായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് വിവരം. യുദ്ധത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി വന്നിട്ടുള്ളവരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയുണ്ടായതായി കാണാം. അഞ്ചുദിവസം മുന്‍പ് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘേര്‍ ഖ്വലിബാഫ് പറഞ്ഞത് പോരാട്ടത്തിന് സജ്ജരായി 70 ലക്ഷം പേരുണ്ടെന്നായിരുന്നു. ഇതാണിപ്പോള്‍ 1.4 കോടിയിലെത്തിയിരിക്കുന്നത്. ഏകദേശം ഒന്‍പതുകോടിയാണ് ഇറാന്റെ ജനസംഖ്യ. യുദ്ധത്തില്‍ പങ്കാളികളാകാന്‍ അധികൃതര്‍ ജനങ്ങളോട് പ്രചാരണങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
12 വയസ്സുള്ള കുട്ടികളെ പോലും ബസീജ് സൈന്യത്തിന്റെ ഭാഗമാക്കുന്നുണ്ട്. ചില കുട്ടികള്‍ തോക്കുകളേന്തുക പോലും ചെയ്യുന്നുണ്ടെന്നും അത് യുദ്ധകുറ്റകൃത്യമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതികരിച്ചു. 'ഇറാന് വേണ്ടി' എന്ന പദ്ധതിയുടെ ഭാഗമായി പട്രോളിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് കുട്ടികളെ പങ്കാളികളാക്കുക. കുട്ടികളെ സൈനികപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കരുതെന്ന് അനുശാസിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ 'കണ്‍വെന്‍ഷന്‍ ഓണ്‍ ദ റൈറ്റ്സ് ഓഫ് ദ ചൈല്‍ഡി'ലെ അംഗമായിരുന്നിട്ടുകൂടിയാണ് ഇറാന്റെ ഈ നീക്കം. ആഗ്രഹമുണ്ടെങ്കില്‍ 12-13 വയസ്സുള്ളവര്‍ക്ക് ഭാഗമാകാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പൊതുനിര്‍മിതികള്‍ക്കു നേരെയുണ്ടായേക്കാവുന്ന യുഎസ് ആക്രമണങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഏഴാം തീയതി ഊര്‍ജനിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യശൃംഖല സൃഷ്ടിക്കാന്‍ അധികൃതര്‍ യുവാക്കളോടും കലാകാരന്മാരോടും കായികതാരങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തപക്ഷം ഇറാന്റെ ഊര്‍ജനിലയങ്ങള്‍ക്കുനേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഇസ്രയേലിന്റെ അടിയന്തര മുന്നറിയിപ്പ്
ഇറാന്‍ ജനതയോട് ഇന്ന് രാത്രി 9 മണി വരെ ട്രെയിന്‍ യാത്രകളും റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപമുള്ള സാന്നിധ്യവും ഒഴിവാക്കാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദ്ദേശിച്ചു. 'ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണ്' എന്ന കര്‍ശനമായ സന്ദേശമാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. ഇറാന്റെ റെയില്‍വേ ശൃംഖലയെ ലക്ഷ്യമിട്ട് വലിയ ആക്രമണം ഉടന്‍ ഉണ്ടാകുമെന്നതിന്റെ സൂചനയാണിത്. എന്നാല്‍, ഇറാന്റെ പൈതൃകമായ റെയില്‍വേ പാതകള്‍ തകര്‍ക്കുന്നത് മനുഷ്യരാശിയുടെ പൊതുപൈതൃകത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഇതിനെതിരെ യുനെസ്‌കോ (UNESCO) പ്രതികരിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.
ഇറാനില്‍ മാത്രമല്ല, സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലും ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ നിന്ന് വന്ന മിസൈലുകളെ തടഞ്ഞതായി സിറിയന്‍ സൈന്യം അവകാശപ്പെടുമ്പോള്‍, തങ്ങളുടെ ആകാശത്തേക്ക് വന്ന 7 ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തെന്ന് സൗദി അറേബ്യയും വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സൗദിയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
യുദ്ധം സ്ഥിരമായി അവസാനിപ്പിക്കണമെന്നും ഉപരോധങ്ങള്‍ നീക്കി ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നുമാണ് ഇറാന്റെ നിലപാട്. എന്നാല്‍, ഇറാന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിക്കുന്നു. വരും മണിക്കൂറുകളില്‍ ട്രംപിന്റെ സമയപരിധി അവസാനിക്കുന്നതോടെ ഇറാനില്‍ സമ്പൂര്‍ണ്ണ തകര്‍ച്ചയുണ്ടാക്കുന്ന ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
