200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍; ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു; ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു; അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്; പുണ്യവാളന്‍ വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ; എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും; പ്രളയകാലത്ത് ജെഡിഎസിലും തമ്മിലടി; കുഴല്‍നാടന്‍ പുറത്തു വിട്ടത് 'ഐഐ' ബോംബോ? കൃഷ്ണന്‍കുട്ടിയുടെ വാക്കുകളില്‍ വ്യക്തതയില്ല
തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയകാലം മുതല്‍ ജെ.ഡി.എസിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് പോര് ഇപ്പോള്‍ 'മനുഷ്യനിര്‍മ്മിത പ്രളയ' ആരോപണത്തില്‍ വന്നെത്തിനില്‍ക്കുകയാണ്. 2018-ല്‍ മാത്യു ടി. തോമസ് ജലസേചന മന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍, ദേശീയ അധ്യക്ഷന്‍ ദേവഗൗഡ ഇടപെട്ടാണ് അദ്ദേഹത്തെ മാറ്റി കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കിയത്. രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രിസ്ഥാനം നിലനിര്‍ത്തിയ കൃഷ്ണന്‍കുട്ടി ഇത്തവണ മത്സരരംഗത്തില്ലെങ്കിലും, അദ്ദേഹം നടത്തിയെന്ന് പറയപ്പെടുന്ന വെളിപ്പെടുത്തലുകള്‍ മുന്നണിയെയാകെ പിടിച്ചുലയ്ക്കുകയാണ്.
പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണന്‍കുട്ടി. വരും ദിവസങ്ങളില്‍ ഇത് കൃത്രിമമായി നിര്‍മ്മിച്ച 'എ.ഐ വീഡിയോ' അല്ലെങ്കില്‍ 'ഡീപ്പ് ഫേക്ക്' ആണെന്ന് പറഞ്ഞ് ഭരണപക്ഷം ഇതിനെ പ്രതിരോധിക്കാനാണ് സാധ്യത. മാത്യു ടി. തോമസും സി.പി.എം നേതൃത്വവും മാത്യു കുഴല്‍നാടനെ 'നുണയന്‍' എന്ന് വിളിച്ച് ആക്ഷേപിക്കുമ്പോഴും, ജെ.ഡി.എസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കടുത്ത ഭിന്നത ഈ ഓഡിയോയുടെ ആധികാരികതയിലേക്ക് വിരല്‍ചൂണ്ടുന്നു.
ഈ വിവാദത്തില്‍ കൃഷ്ണന്‍കുട്ടി നിയമനടപടികളുമായി മുന്നോട്ട് പോകുമോ എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ശബ്ദരേഖ വ്യാജമാണെങ്കില്‍ അത് തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായി വരും. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങള്‍ക്കിടയില്‍ ഇത്തരമൊരു നിയമപോരാട്ടം ദോഷം ചെയ്യുമോ എന്ന ആശങ്കയും ജെ.ഡി.എസിനുണ്ട്. മാത്യു ടി. തോമസ് തിരുവല്ലയില്‍ വോട്ട് തേടുമ്പോള്‍, സ്വന്തം പാര്‍ട്ടിയിലെ മറ്റൊരു മന്ത്രിയുടെ പേരില്‍ വന്ന ഈ ആരോപണം വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
മാത്യു കുഴല്‍നാടന്‍ പുറത്തുവിടുന്ന തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണെന്നുമാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍, പ്രളയകാലത്തെ ഡാം മാനേജ്മെന്റിലെ പാളിച്ചകള്‍ ജെ.ഡി.എസ് ഗ്രൂപ്പ് പോരിനിടയില്‍ കൃഷ്ണന്‍കുട്ടി ആയുധമാക്കിയിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. എന്തായാലും വരും ദിവസങ്ങളില്‍ ഓഡിയോയുടെ സത്യാവസ്ഥ സംബന്ധിച്ച തര്‍ക്കങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വന്‍ തീപ്പൊരി പടര്‍ത്തും.
2018-ലെ പ്രളയത്തിന് കാരണം സര്‍ക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നെന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍ രംഗത്തു വരികയായിരുന്നു. ഒന്നാം പിണറായിസര്‍ക്കാരിലെ ജലസേചനവകുപ്പുമന്ത്രിയും നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചാണ് കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമക്കേടുകളും അഴിമതിയും നടന്നെന്ന് കൃഷ്ണന്‍കുട്ടി, ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് കുഴല്‍നാടന്‍ അവകാശപ്പെടുന്നു.
മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖയില്‍നിന്ന്:
തോട്ടപ്പിള്ളി സ്പില്‍വേ എന്താണ് തുറക്കാതിരുന്നത്. ഒരുമാസം മുന്‍പേ തുറക്കേണ്ടതാണ്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടു. തുറക്കേണ്ടെന്ന് പറഞ്ഞു. എന്താ കാരണം എന്നറിയുമോ? അത് തുറന്നാല്‍ അതിന് താഴെയുള്ള മണല്‍ത്തിട്ടയുണ്ട്. ആ മണല്‍ത്തിട്ട വെള്ളംകൊണ്ടുപോകും. ആ മണല്‍ത്തിട്ടയുടെ കരാര്‍ എടുത്തിരിക്കുന്നത് മേരി മാതാവ് എന്നു പറയുന്ന കോണ്‍ട്രാക്ടറാണ്. അയാള്‍ക്ക് കൊടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് വെറും 62 രൂപയ്ക്കാണ്. അത് അയാള്‍ മറിച്ചുവിറ്റാല്‍ 2000 രൂപ കിട്ടും, ഒന്നും ചെയ്യാതെ. എല്ലാ ചിലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അയാള്‍ക്ക് വേണ്ടിയാണ് അത് തുറക്കാതിരുന്നത്. ജോഷി എന്ന് പറഞ്ഞ ചീഫ് എന്‍ജിനീയറും ജോര്‍ജ് തോമസിന്റെ പെങ്ങളും മാത്യു ടിയും കൂടി ആലോചിച്ചിട്ടാണ് ഇത് ചെയ്തത്.
മണിയാര്‍ എന്നൊരു പ്രോജക്ടുണ്ട് പമ്പയ്ക്ക് മുകളില്‍. അത് ഇറിഗേഷന്റെ പ്രോജക്ടാണ്. അതിന് മുകളില്‍ ഇലക്ട്രിസിറ്റിയുടെ രണ്ട് പ്രോജക്ടുണ്ട്. ആ പ്രോജക്ടില്‍ വൈദ്യുതി എടുക്കുന്നത് പ്രൈവറ്റ് കമ്പനിയാണ്. ഈ മണിയാര്‍ വെള്ളം നിറയ്ക്കുന്നില്ല എപ്പോഴും. മുകളില്‍നിന്ന് പെന്‍സ്റ്റോക്ക് പൈപ്പിലൂടെ ഒഴുകിവരുന്നത് ഇവിടേയും എടുക്കുകയാണ്. ഇപ്രാവശ്യം കരാറുകാരന് വേണ്ടി ഇവിടെ വെള്ളം നിറച്ചു. നിറയ്ക്കാന്‍ പാടില്ലാത്തതാണ്. അവിടെ ഷട്ടര്‍ ഇട്ട് നിറച്ചു. അപ്പോള്‍ ഗതികേടിന് അവിടെ മരംവന്നുകുറുകേവീണു.
ജോഷി, കണ്ണ് ചിമ്മി എല്ലാവര്‍ക്കും വെള്ളം നിറയ്ക്കാനുള്ള അവസരം കൊടുത്തു. എട്ടുകോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. എന്നിട്ട് വെള്ളം അധികമായി വന്നപ്പോള്‍ തുറന്നതാണ് ചെങ്ങന്നൂരുമെല്ലാം നശിക്കാന്‍ കാരണമായത്. കാര്‍ബൊറാണ്ടത്തില്‍നിന്ന് കാശ് ആര്‍ക്ക് കിട്ടി?
പറമ്പിക്കുളം, തൂണക്കടവ്, ഷോളയാര്‍ ഇവിടെയൊക്കെ നമ്മളാണ് ഇപ്പോഴത്തെ ചെയര്‍മാന്‍. ഒരു വര്‍ഷം കേരളവും അടുത്തവര്‍ഷം തമിഴ്നാടും എന്ന നിലയ്ക്കാണ്. വെള്ളം എപ്പോള്‍ തുറക്കണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ജോഷിയാണ്. ആ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാതെ കേരളത്തിലേക്ക് മുഴുവന്‍ തുറന്നുവിടാന്‍ ഇവന്‍ കൂട്ടുനിന്നു. 1400 ക്യുസെക്വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാന്‍ കപ്പാസിറ്റിയുണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കേണ്ടിടത്ത് 20 മെഗാവാട്ടേ ഉത്പാദിപ്പിച്ചുള്ളു.
200 കോടിയുടെ പ്രവൃത്തി നടക്കുന്നുണ്ട് തമിഴ്നാട്ടില്‍. ഈ വെള്ളം പോയാല്‍ ആ പ്രവൃത്തിയെ ബാധിക്കും. ആ കരാറുകാരന്‍ വന്ന് ജോഷിയെ കണ്ട് ഒരു വിഹിതം കൊടുത്തു. അപ്പോള്‍ എന്ത് ചെയ്തു, ആ വെള്ളത്തെ പെരിങ്ങല്‍ക്കുത്തിലേക്ക് തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടി പുഴ മുഴുവന്‍ പോയത്. പുണ്യവാളന്‍ വലിയ ആദര്‍ശവാനാണെന്ന് പറയുന്നുണ്ടല്ലോ. എത്ര കോടി രൂപയുണ്ടാക്കിയിട്ടുണ്ടാകും..
