ബാലഗോപാല്‍ പറഞ്ഞ ഖജനാവില്‍ കിടക്കുന്ന 4000 കോടി വാട്ടര്‍ അതോറിട്ടിയുടേത്; നബാര്‍ഡില്‍ നിന്ന് ജല്‍ജീവന്‍ മിഷന് വേണ്ടി വായപ എടുത്തത്; നേരത്തേ ലഭിച്ചതില്‍ 2000 കോടിയും സര്‍ക്കാരിന്റെ കൈവശം; ഖജനാവ് സുഭദ്രമെന്ന് മേനി നടിക്കുന്നതും വെറുതേ
തിരുവനന്തപുരം: കേരളത്തിന്റെ ഖജനാവ് ഭദ്രമാണെന്നുള്ള ധനമന്ത്രി ബാലഗോപാലിന്റെ പ്രസ്താവന വെറും തള്ള്. വാട്ടര്‍ അതോറിട്ടി നബാര്‍ഡില്‍ നിന്ന് വായ്പ എടുത്തതിന്റെ രണ്ടാം ഗഡുവായി ലഭിച്ച 4000 കോടിയാണ് ഖജനാവിലുള്ളതെന്ന വിവരം പുറത്തു വന്നു.
ജലജീവന്‍ മിഷനില്‍ കരാറുകാര്‍ക്കും റോഡ് അറ്റകുറ്റപ്പണികള്‍ക്കുമായി നല്‍കാനുള്ള 7,000 കോടി രൂപയുടെ കുടിശിക തീര്‍ക്കാനായിട്ടാണ് നബാര്‍ഡില്‍ നിന്ന് 4000 കോടി രൂപ കൂടി അടിയന്തരമായി വായ്പ എടുത്തത്. നേരത്തെ 5,000 കോടി രൂപ എടുത്തിരുന്നു. ഇതില്‍ 3,000 കോടി മാത്രമേ വാട്ടര്‍ അതോറിറ്റിക്ക് ലഭിച്ചിട്ടുള്ളൂ. ബാക്കി സര്‍ക്കാരിന്റെ കൈവശമാണ്. ഈ തുക അടക്കം 6000 കോടിയാണ് സര്‍ക്കാര്‍ കൈവശമാക്കിയിരിക്കുന്നത്.
നേരത്തേ എടുത്ത വായ്പയുടെ പലിശ ത്രൈമാസികമായിട്ടാണ് തിരിച്ചടയ്ക്കേണ്ടത്. ഇതില്‍ ആദ്യ ഗഡു ഏപ്രില്‍ ഒന്നിനാണ് തിരിച്ചടയക്കേണ്ടിയിരുന്നത്. ഇതിനായി 92.56 കോടി രൂപ അനുവദിച്ചിരുന്നു. മൂന്നു മാസം കൂടുമ്പോള്‍ ഇത്രയും കനത്ത തുക പലിശയടയ്ക്കേണ്ടി വരുന്നത് വാട്ടര്‍ അതോറിട്ടിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കും. ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങുന്ന അവസ്ഥ ഉണ്ടാകും.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജലജീവന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനായി 9000 കോടി രൂപ നബാര്‍ഡില്‍ നിന്ന്, രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലായി വായ്പ എടുക്കാന്‍ സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കിയത്. ഇതില്‍ 5000 കോടി രൂപ ആദ്യ ഗഡുവായി എടുത്തു. പക്ഷേ, വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയത് 3000 കോടി രൂപ മാത്രമായിരുന്നു. ശേഷിച്ച തുകയെക്കുറിച്ച് ഒരു മറുപടിയും ഇതേവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
അതിനിടയിലാണ് കരാറുകാരുടെ കുടിശിക 7051 കോടി രൂപയാണെന്നും റോഡ് അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ 1850 കോടി അടിയന്തരമായി വേണമെന്നും ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എം.ഡി സര്‍ക്കാരിന് കത്തെഴുതിയത്. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയതിലെ ശേഷിക്കുന്ന 4000 കോടി രൂപ കൂടി കടമെടുക്കാന്‍ കഴിഞ്ഞ മാസം 14ന് ഉത്തരവിറക്കിയത്. ഈ തുകയും പൂര്‍ണമായും ജലജീവന്‍ പദ്ധതിക്കായി വിനിയോഗിക്കുമോ എന്ന ഉറപ്പൊന്നും ഇല്ല.
രണ്ടു വര്‍ഷങ്ങളിലായി എടുക്കേണ്ട തുക ചുരുങ്ങിയ സമയത്തിനുള്ളില്‍ എടുക്കുന്നത് അപകടമാണെന്നു ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ഏപ്രില്‍ മുതല്‍ 92 കോടി രൂപ പലിശ അടയ്ക്കേണ്ടി വരും. 21.7 ലക്ഷം ജലജീവന്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ നിന്നുള്ള വരുമാനം 8 കോടിയില്‍ താഴെയാണ്. പലിശ അടയ്ക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി മാറും. അതിനായി മറ്റൊരു വായ്പ എടുക്കേണ്ടിയും വരും. നിലവില്‍ പ്രതിമാസം 22 കോടി രൂപ നഷ്ടത്തിലോടുന്ന വാട്ടര്‍ അതോറിറ്റിയെ വന്‍ കടക്കെണിയിലേക്ക് തള്ളിയിടുകയാണ് സര്‍ക്കാരെന്നു സംഘടനകള്‍ ആരോപിക്കുന്നു.
6000 കോടി രൂപയാണ് നിലവില്‍ വാട്ടര്‍ അതോറിട്ടി വായ്പയെടുത്ത തുക സര്‍ക്കാര്‍ ഖജനാവിലുളളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി മേനി നടിക്കുന്നത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ ഈ തുക തിരികെ കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വാട്ടര്‍ അതോറിട്ടി ജീവനക്കാര്‍.
