ആ രക്ഷാ ദൗത്യം ഒരു വഞ്ചനയായിരുന്നു; യുഎസിനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തവും നാണക്കേടും; ഇറാന്റെ യുറേനിയം മോഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗം; കരസേനാ മേധാവിയെ പുറത്താക്കിയത് രഹസ്യം പുറത്തായതിനാലോ? ഇസ്ഫഹാന്‍ ഓപ്പറേഷന്‍ 'യുറേനിയം മോഷണ പദ്ധതി'യെന്ന് ഇറാന്‍

Update: 2026-04-06 15:54 GMT

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യുഎസ്-ഇസ്രയേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക-നയതന്ത്ര പോരാട്ടം പുതിയൊരു വഴിത്തിരിവിലേക്ക്. ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ എഫ്-15ഇ പോര്‍വിമാനത്തിലെ വൈമാനികരെ രക്ഷപ്പെടുത്താന്‍ യുഎസ് നടത്തിയ രഹസ്യ സൈനിക നീക്കം, കേവലം ഒരു രക്ഷാദൗത്യമായിരുന്നോ അതോ ഇറാന്റെ ആണവ രഹസ്യങ്ങള്‍ കൈക്കലാക്കാനുള്ള പുകമറയായിരുന്നോ എന്ന തര്‍ക്കം ഇപ്പോള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഈ സൈനിക നീക്കത്തെ 'രണ്ടാം തായ്വാസ്' (Operation Tabas) എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാനിലെ കോഗിലുയേ ബൊയേറാമദ് പ്രവിശ്യയിലെ മലനിരകളില്‍ വെച്ചാണ് അമേരിക്കയുടെ എഫ്-15ഇ യുദ്ധവിമാനം ഇറാന്‍ സൈന്യമായ ഐ.ആര്‍.ജി.സി വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ അന്ന് തന്നെ രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാമത്തെ ഉദ്യോഗസ്ഥനായ വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറെ (WSO) കണ്ടെത്താന്‍ 48 മണിക്കൂര്‍ നീണ്ട വലിയ തിരച്ചില്‍ യുഎസിന് നടത്തേണ്ടി വന്നു. സ്വന്തം സൈനികന്റെ ജീവന്‍ രക്ഷിക്കാനും സൈനിക രഹസ്യങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാനുമായി തകര്‍ന്ന വിമാനം ബോംബ് വെച്ച് നശിപ്പിച്ചതായും യുഎസ് വ്യക്തമാക്കി. സമീപകാലത്ത് യുഎസ് സൈന്യം നടത്തിയ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനമാണിതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഒരു വൈമാനികനെ രക്ഷിക്കാന്‍ സ്വന്തം വിമാനം പോലും തകര്‍ക്കാന്‍ മടിക്കാത്ത അമേരിക്കന്‍ നിലപാടിനെ വൈറ്റ് ഹൗസ് പുകഴ്ത്തുകയും ചെയ്തു.

എന്നാല്‍ അമേരിക്കയുടെ ഈ അവകാശവാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. ഈ സൈനിക നടപടി വെറുമൊരു പുകമറയായിരുന്നുവെന്നും, ഇറാന്റെ പക്കലുള്ള 60% സമ്പുഷ്ടീകരിച്ച യൂറേനിയം കടത്താനുള്ള രഹസ്യ നീക്കമായിരുന്നു ഇതെന്നുമാണ് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. ഇസ്ഫഹാനിലെ ആണവനിലയത്തില്‍ നിന്ന് ഏകദേശം 400 പൗണ്ടിലധികം യൂറേനിയം കൈക്കലാക്കാനായിരുന്നു അമേരിക്കയുടെ പദ്ധതിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് തിങ്കളാഴ്ച അറിയിച്ചു.

വൈമാനികന്‍ ഒളിച്ചിരിക്കുന്നു എന്ന് യുഎസ് അവകാശപ്പെട്ട പ്രദേശം, യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ സൈനിക വിമാനം ഇറങ്ങിയ ഇസ്ഫഹാന്റെ തെക്കന്‍ മേഖലയില്‍ നിന്ന് ഏറെ അകലെയാണെന്ന് ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. വെറും രണ്ട് പേരെ രക്ഷിക്കാന്‍ നൂറിലധികം സൈനികരെയും വന്‍തോതിലുള്ള വിമാനങ്ങളെയും ഉപയോഗിച്ചത് അസ്വാഭാവികമാണെന്നും അവര്‍ നിരീക്ഷിക്കുന്നു. 1980-ല്‍ ഇറാനിലെ അമേരിക്കന്‍ എംബസിയിലുണ്ടായിരുന്ന ബന്ദികളെ രക്ഷിക്കാന്‍ നടത്തി പരാജയപ്പെട്ട 'ഓപ്പറേഷന്‍ തായ്വാസ്' പോലെ, ഈ ദൗത്യവും അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു ദുരന്തവും നാണക്കേടുമാണെന്ന് ഇസ്മായില്‍ ബഗായ് പരിഹസിച്ചു.

ഈ സംഭവത്തിന് പിന്നാലെ അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജിനെ പെട്ടെന്ന് പദവിയില്‍ നിന്ന് നീക്കിയത് വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇറാനിലെ യൂറേനിയം പിടിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അദ്ദേഹം എതിര്‍ത്തതാണ് പുറത്താക്കാന്‍ കാരണമെന്ന ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഇപ്പോള്‍ യുഎസില്‍ തന്നെ പ്രചരിക്കുന്നുണ്ട്. ഇത് വൈറ്റ് ഹൗസിനെ വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ദൗത്യം പരാജയപ്പെട്ടതോടെ തെളിവുകള്‍ നശിപ്പിക്കാനായി അമേരിക്ക സ്വന്തം വിമാനങ്ങള്‍ തന്നെ ബോംബിട്ട് തകര്‍ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്. ഒരു സാധാരണ തിരച്ചില്‍ ദൗത്യത്തിന് പകരം ഇത്രയും വലിയ സന്നാഹങ്ങള്‍ ഒരുക്കിയത് സംശയകരമാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ഇതേസമയം തന്നെ അമേരിക്കന്‍ കരസേനാ മേധാവി ജനറല്‍ റാണ്ടി ജോര്‍ജിനെ പെട്ടെന്ന് പദവിയില്‍ നിന്ന് നീക്കിയതും ഈ വിവാദങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പറയപ്പെടുന്നു. ഇറാനിലെ യുറേനിയം പിടിച്ചെടുക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അദ്ദേഹം എതിര്‍ത്തതാണ് പുറത്താക്കാന്‍ കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് പെന്റഗണ്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.ആരോപണങ്ങള്‍ക്ക് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും, വൈറ്റ് ഹൗസിന്റെയും പെന്റഗണിന്റെയും വിശദീകരണങ്ങളെ ലോകം സംശയത്തോടെയാണ് നോക്കിക്കാണുന്നത്.

സൈനിക സംഘര്‍ഷങ്ങള്‍ക്കിടയിലും നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള സാധ്യത ഇറാന്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.അമേരിക്കയുടെ പതിനഞ്ചിന പദ്ധതി അപ്രായോഗികമാണെന്നും താത്കാലിക വെടിനിര്‍ത്തല്‍ അംഗീകരിക്കാനാവില്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങളുടെ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള മറുപടിക്ക് ഇറാന്‍ അന്തിമരൂപം നല്‍കിയിട്ടുണ്ടെന്നും ഉചിതമായ സമയത്ത് അവ പ്രഖ്യാപിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് തിങ്കളാഴ്ച അറിയിച്ചു.

'ഞങ്ങളുടെ സ്വന്തം താത്പര്യങ്ങളും പരിഗണനകളും അടിസ്ഥാനമാക്കി ഞങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. ആവശ്യം എന്ന് തോന്നുന്ന ഘട്ടത്തില്‍ ഇറാന്‍ അവരുടെ നിലപാട് അറിയിക്കും.' ബഗായ് പറഞ്ഞു. നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള, അമേരിക്കയുടെ പിന്തുണയോടെയുള്ള '15-ഇന പദ്ധതി' എന്നറിയപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.

യുഎസ് മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ 'അങ്ങേയറ്റം അതിമോഹപരവും അസാധാരണവും യുക്തിരഹിതവുമാണ്' എന്നാണ് ബഗായ് വിശേഷിപ്പിച്ചത്. നിലവിലെ രൂപത്തില്‍ ഈ ചട്ടക്കൂട് ഇറാന്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സൂചന നല്‍കി. മധ്യസ്ഥരുമായുള്ള ഇറാന്റെ ഇടപഴകല്‍ ദുര്‍ബലമാണെന്ന വാദങ്ങളും അദ്ദേഹം തള്ളി. 'ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ വേഗത്തിലും വ്യക്തമായും അവതരിപ്പിക്കുന്നത് കീഴടങ്ങലിന്റെ അടയാളമായി കണക്കാക്കരുത്.' അദ്ദേഹം പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ അമേരിക്ക തുടരുകയാണെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ടെഹ്റാന്‍ നല്‍കുന്നത്. നയതന്ത്രപരമായ മറുപടി ഇറാന്‍ അന്തിമരൂപം നല്‍കിയിട്ടുണ്ടെന്നും ഉചിതമായ സമയത്ത് അത് പ്രഖ്യാപിക്കുമെന്നും അറിയിച്ചതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണ്ണമായ തലത്തിലേക്ക് നീങ്ങുകയാണ്.

Tags:    

Similar News