രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രം; പ്രതിപക്ഷവും ശരാശരി; മണ്ഡലത്തില്‍ വികസനം വേണ്ടത്ര നടന്നില്ല എന്ന് ഭൂരിഭാഗവും; അഴിമതിയും വര്‍ഗീയ പ്രീണനവും പ്രധാന പ്രശ്നം; മറുനാടന്‍ സര്‍വേയില്‍ തെളിയുന്നത് കൃത്യമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനകള്‍

രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രം; പ്രതിപക്ഷവും ശരാശരി

Update: 2026-04-06 12:04 GMT

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിലുടനീളം എല്‍ഡിഎഫ് ഫോക്കസ് ചെയ്തുകൊണ്ടിരിക്കുന്നത് രണ്ടാം പിണറായി സര്‍ക്കാറിന്റെ വികസന നേട്ടങ്ങളാണ്. മുമ്പൊന്നും ഇല്ലാത്ത രീതിയില്‍, ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാറാണിതെന്നും അതിനാല്‍ ഭരണവിരുദ്ധവികാരമില്ലെന്നും, അങ്ങനെ മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാവുമെന്നാണ്, അവര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ മറുനാടന്‍ മലയാളി പ്രീ പോള്‍ ഇലക്ഷന്‍ സര്‍വേയുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യാവലി പരിശോധിക്കുമ്പോള്‍ ഈ ചിത്രമല്ല കിട്ടുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം ശരാശരി മാത്രമാണെന്നും, തങ്ങളുടെ മണ്ഡലത്തില്‍ വേണ്ടത്ര വികസനം നടന്നിട്ടില്ലെന്നുമാണ് ഭൂരിഭാഗം പേരും വിലയിരുത്തിയത്.

രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം എങ്ങനെ എന്ന ചോദ്യത്തിന് വെറും 9 ശതമാനം പേര്‍ മാത്രമാണ് മികച്ചത് എന്ന് മാര്‍ക്കിട്ടത്. അതായത് കട്ട പാര്‍ട്ടിക്കാര്‍ക്ക് പോലും സര്‍ക്കാര്‍ മികച്ചതാണെന്ന് പറയുന്നില്ല. എന്നാല്‍ 40 ശതമാനം പേര്‍ സര്‍ക്കാര്‍ ശരാശരിയെന്നാണ് പറഞ്ഞത്. പക്ഷേ ഇനിയുള്ളതാണ് പ്രധാനം. 28 ശതമാനം പേര്‍ മോശമെന്നും, 23 ശതമാനം പേര്‍ വളരെ മോശം എന്നുമാണ് പറയുന്നത്. മികച്ചത് എന്ന് വെറും 9 ശതമാനംപേരും, വളരെ മോശമെന്ന് 22 ശതമാനം പേരും പറയുമ്പോള്‍ അത് കൃത്യമായ ഭരണവിരുദ്ധ വികാരത്തിന്റെ സൂചനയാണ്്.

എന്നാല്‍ സര്‍ക്കാറിനെപ്പോലെ പ്രതിപക്ഷത്തിനെക്കുറിച്ചും ജനങ്ങള്‍ക്ക് നല്ല അഭിപ്രയമല്ല. പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രവര്‍ത്തനം എങ്ങനെ എന്ന ചോദ്യത്തിന്, 65 ശതമാനവും ശരാശരി എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. പ്രതിപക്ഷം വളരെ മികച്ചതാണെന്ന അഭിപ്രായം വെറും പത്തുശതമാനത്തിനേയുള്ളൂ. മികച്ചതെന്ന് 5 ശതമാനം പേര്‍ അഭിപ്രായപ്പെടുമ്പോള്‍ മോശമാണെന്ന് 14 ശതമാനം പേര്‍ പറയുമ്പോള്‍ വളരെ മോശമാണെന്ന് 6 ശതമാനം പേര്‍ പറയുന്നു.

ഇരുമുന്നണികളെയും വെച്ചുനോക്കുമ്പോള്‍ ബിജെപിയുടേത് കുറച്ചൂകൂടി മെച്ചപ്പെട്ട അവസ്ഥയാണ്. 'ഇരുമുന്നണികള്‍ക്കുമെതിരെ പ്രതികരിക്കുന്നതില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വിജയിച്ചോ?' എന്ന മറുനാടന്‍ സര്‍വേയിലെ ചോദ്യത്തിന് 40 ശതമാനം പേര്‍ അതെ എന്ന ഉത്തരമാണ് നല്‍കിയത്.

നിങ്ങളുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണോ, എന്ന നേരിട്ടുള്ള ചോദ്യത്തിന്, സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അതായത് 60 ശതമാനം അല്ല എന്നാണ് ഉത്തരം നല്‍കിയത്. അതെ എന്ന് പറയുന്നത് 30 ശതമാനം പേര്‍ മാത്രമാണ്. 10 ശതമാനം പേര്‍ ഈ ചോദ്യത്തോട് പ്രതികരിച്ചിട്ടില്ല. ഇതും കൃത്യമായ അസന്തുഷ്ടിയുടെ സൂചകമാണ്.


Full View

ശബരിമല സ്വര്‍ണ്ണക്കൊള്ള തീര്‍ത്തും അടഞ്ഞ അധ്യായമാന്നെ കരുതാന്‍ കഴിയില്ലെന്നും സര്‍വേ പരിശോധിക്കുമ്പോള്‍ വ്യക്താവും. 'ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി നിങ്ങള്‍ കാണുന്നതെന്ത്?' എന്ന ചോദ്യത്തിന് 34 ശതമാനം പേരും 'അഴിമതിയും വര്‍ഗീയ പ്രീണനവും' എന്ന ഉത്തരം തിരഞ്ഞെടുക്കുമ്പോള്‍, 21 ശതമാനം പേര്‍ ശബരിമല മോഷണം എന്ന് പ്രതികരിക്കുന്നുണ്ട്. ഇതും ഭരണവിരുദ്ധ വികാരത്തിലേക്ക് നയിക്കുന്ന സൂചകമാണ്.

മറുനാടന്‍ സര്‍വേയുടെ അനുബന്ധ ചോദ്യങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കിയ മറുപടി ശതമാനക്കണക്കില്‍.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന വിഷയമായി നിങ്ങള്‍ കാണുന്നതെന്ത്?

സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ -19

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും-16

അഴിമതിയും വര്‍ഗീയ പ്രീണനവും- 34

ശബരിമല മോഷണം-21

ഇവയൊന്നുമല്ല-10

രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രകടനം എങ്ങനെ?

മികച്ചത്- 9

ശരാശരി -40

മോശം -28

വളരെ മോശം-23

പ്രതിപക്ഷമായ യുഡിഎഫിന്റെ പ്രവര്‍ത്തനം എങ്ങനെ വിലയിരുത്തുന്നു?

വളരെ മികച്ചത്-10

മികച്ചത്- 5

ശരാശരി-65

മോശം- 14

വളരെ മോശം- 6

ഇരുമുന്നണികള്‍ക്കുമെതിരെ പ്രതികരിക്കുന്നതില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ വിജയിച്ചോ?

വിജയിച്ചു-40

ഇല്ല-40

അറിയില്ല-20

നിങ്ങളുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടനാണോ?

അതെ -30

അല്ല- 60

പ്രതികരിക്കുന്നില്ല-10

Tags:    

Similar News