ഒടുവിലിനെ തല്ലുക മാത്രമല്ല, അടിയുടെ കൂടെ നാഭിക്കിട്ടൊരു തൊഴി കൂടെ ഉണ്ടായിരുന്നു; ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിലാന്‍ വീണത്; കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ നാഭിയ്ക്കിട്ടാണ് ചവിട്ടിയത്; ആ സാധു മനുഷ്യന്‍ നിവൃത്തികേടു കൊണ്ട് ആ സിനിമയില്‍ അഭിനയിച്ചു: രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്
ഒടുവിലിനെ തല്ലുക മാത്രമല്ല, അടിയുടെ കൂടെ നാഭിക്കിട്ടൊരു തൊഴി കൂടെ ഉണ്ടായിരുന്നു
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്. ലൈംഗികാതിക്രമ കേസില്‍ അകത്തായതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ സിനിമാ രംഗത്തു നിന്നും കൂടുതല്‍ വെളിപ്പെടുത്തല്‍ എത്തിയത്. ആറാം തമ്പുരാന്റെ സെറ്റില്‍ വെച്ച് രഞ്ജി ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദ്ദിച്ച കഥയാണ് ആലപ്പി അഷ്‌റഫ് നേരത്തെ പറഞ്ഞത്. ഈ വിഷയത്തില്‍ ഇപ്പോള്‍ വീണ്ടും വെളിപ്പെടുത്തലുമായി അദ്ദേഹം രംഗത്തുവന്നു.
അന്ന് ഒടുവിലിനെ അടിക്കുക മാത്രമല്ല, നാഭിയ്ക്ക് ചവിട്ടുകയും ചെയ്തിരുന്നു എന്നാണ് അഷ്റഫ് ഇപ്പോള്‍ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്റഫിന്റെ ആരോപണം. താന്‍ കാണാതെ പോയ ആ സംഭവം തന്നെ വിളിച്ച് പറഞ്ഞത് നിര്‍മാതാവ് ജി സുരേഷ് കുമാറാണെന്നും അഷ്റഫ് പറയുന്നു. ആ വാക്കുകളിലേക്ക്:
ഈ സത്യം വെളിപ്പെടുത്തിയപ്പോള്‍ പലരും എന്നോട് കമന്റിലൂടെ ചോദിച്ചു, അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ല, അവന്റെ ചെവിക്കല്ല് നോക്കിയൊന്ന് കൊടുക്കാന്‍ പാടില്ലായിരുന്നുവോ എന്ന്. കോടികള്‍ മുടക്കി ആരംഭിച്ച സിനിമയുടെ ഷൂട്ടിങിനിടെ ഉണ്ടായ പ്രശ്നം കൂടുതല്‍ വഷളാക്കുക എന്നതല്ല, എങ്ങനെയെങ്കിലും പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. എല്ലാവരും ചേര്‍ന്ന് പ്രശ്നം സമാധാനമായി അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ കയറി ഇടപ്പെട്ട് വഷളാക്കുന്നത് ന്യായമാണോ?
ഞാന്‍ ഈ സംഭവം വെളിപ്പെടുത്തിയപ്പോള്‍ അത് കണ്ട് ആദ്യം വിളിച്ചത് ആറാം തമ്പുരാന്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവ് ജി സുരേഷ് കുമാറാണ്. അദ്ദേഹം എന്നോട് പറഞ്ഞത് ഒരു കാര്യം പറയുമ്പോള്‍ കൃത്യമായി പറയണ്ടേ എന്നാണ്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ സുരേഷ് പറയുന്നത് ഒടുവിലാന്‍ വീണത് അടി കൊണ്ടല്ല, അടിയുടെ കൂടെ നാഭിക്കിട്ടൊരു തൊഴി കൂടെ ഉണ്ടായിരുന്നു. ആ തൊഴിയുടെ ആഘാതത്തിലാണ് ഒടുവിലാന്‍ വീണത്. ആ ബഹളത്തിനിടെ ഞാനത് ശ്രദ്ധിച്ചിരുന്നില്ല.
കിഡ്നി രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ നാഭിയ്ക്കിട്ടാണ് ചവിട്ടിയത്. അദ്ദേഹം അന്ന് ജീവനോടെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ്. ആ സാധു മനുഷ്യന്റെ നിവൃത്തികേടും നിസ്സഹായവാസ്ഥയും കാരണമാണ് തുടര്‍ന്നും ആ സിനിമയിലും പിന്നീടും അയാളുടെ ഒരു സിനിമയില്‍ അഭിനയിക്കാനും നിര്‍ബന്ധിതനായത്. തന്നെയുമല്ല രഞ്ജിത്തിനെപ്പോലൊരു മനുഷ്യനെ നേരിടാനുള്ള ശക്തിയും പ്രാപ്തിയും ആ പാവം മനുഷ്യനുണ്ടായിരുന്നില്ല.
മനുഷ്യനാണ് തെറ്റുകള്‍ പറ്റാം. ആ തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തുന്നതിലാണ് കാര്യം. അതിന് മനസില്‍ കുറച്ച് നന്മ വേണം. തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്ക് ഘോഷയാത്ര നടത്തിയിരുന്ന അയാള്‍ അസുഖബാധിതനായി, കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോഴെങ്കിലും മാനസാന്തരമുണ്ടായിക്കാണും, ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്തപമുണ്ടാകുമെന്ന് ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു. ആ ധാരണകളെ തിരുത്തുന്നതാണ് ഇപ്പോള്‍ നടത്തിയ പീഡനം.
ഒടുവിലിനെ തല്ലി താഴെയിട്ടു എന്നത് മാത്രമാണല്ലോ നിങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത്. അയാള്‍ സിനിമാരംഗത്തുള്ള പല പ്രമുഖരെയും തല്ലിയിട്ടുണ്ട്. പാവക്കൂത്ത് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഇന്നത്തെ ഒരു പ്രശസ്ത നിര്‍മ്മാതാവിനെയും കരണത്തടിച്ചും നാഭിക്ക് ചവിട്ടിയും അയാള്‍ നിലത്തിട്ടിട്ടുണ്ട്. അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പേര് ഞാനിപ്പോള്‍ വെളിപ്പെടുത്താത്തത്.
