'സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ; നായരാണെന്ന് മനസിലാക്കാന്‍ തലയില്‍ മുല്ലപ്പൂവും തുളസിയും ചൂടും; ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല, അവരുടെ സ്ഥലം കായംകുളമാണ്; എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്'; വിവാദമായി ജി സുധാകരന്റെ പ്രസംഗം; ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്‌ഐ ക്രിമിനലുകളെന്നും സുധാകരന്‍
'സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ;
അമ്പലപ്പുഴ: സിപിഎം കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാതക്കെതിരെ വിവാദ പരാമര്‍ശവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജി സുധാകരന്‍. സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂവെന്നും, നായരാണെന്ന് മനസിലാക്കാന്‍ തലയില്‍ മുല്ലപ്പൂവും തുളസിയും ചൂടുമെന്നുമാണ് സുധാകരന്റെ വിവാദ പ്രസംഗം. തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു സുധാകരന്റെ അധിക്ഷേപം.
വിവാദ പ്രസംഗം ഇങ്ങനെ: ''സുജാത നായന്മാരുടെ വീട്ടില്‍ മാത്രമേ പോകൂ. നായര്‍ ആണെന്ന് മനസിലാക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല. അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴ വന്ന് നില്‍ക്കുകയാണ്'.
ജി. ഭുവനേശ്വരന്റെ രക്തസാക്ഷിത്വത്തിലും സുധാകരന്‍ വിവാദ പ്രസംഗം നടത്തി. ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്‌ഐ ക്രിമിനലുകളാണ്. കൊലയ്ക്കുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്‌ഐ ഗുണ്ടകളാണ്. ഭുവനേശ്വരനെ കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാരാണ് എന്നും സുധാകരന്‍ ആരോപിച്ചു.
അതേസമയം, ജി. സുധാകരന് എതിരെ ആഞ്ഞടിച്ച് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ രംഗത്തെത്തി. ഭുവനേശ്വരനെ എസ്എഫ്‌ഐക്കാര്‍ കൊലയ്ക്ക് കൊടുത്തു എന്ന് പറയുന്നത് നെറികേടാണെന്ന് നാസര്‍ പറഞ്ഞു. ഭുവനേശ്വരന്‍ കൊല്ലപ്പെടുമ്പോള്‍ സുധാകരനായിരുന്നു എസ്എഫ്‌ഐ നേതാവ്. സ്വന്തം അനിയന്റെ രക്തസാക്ഷിത്വത്തെ സുധാകരന്‍ തള്ളിപ്പറയുകയാണ്. സുധാകരന്റെ കിളിപോയെന്നും ആര്‍. നാസര്‍ പറഞ്ഞു.
അമ്പലപ്പുഴയില്‍ എല്ലാ വിഭാഗം ആളുകളെയും പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാമിന് ലഭിക്കുന്നു എന്ന് കണ്ട് വിറളിപൂണ്ടാണ് സുധാകരന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് സുജാതയും പ്രതികരിച്ചു. സുധാകരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ മത്സരിച്ചപ്പോഴും താന്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എച്ച് സലാം വമ്പിച്ച ഭൂരിപക്ഷത്തോടെ അമ്പലപ്പുഴയില്‍ വിജയിക്കും. അതാണ് സുധാകരനെ അസ്വസ്ഥനാക്കുന്നത്. എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരായ വ്യക്തിഅധിക്ഷേപത്തിനുള്ള മറുപടി ജനങ്ങള്‍ നല്‍കുമെന്നും സുജാത പറഞ്ഞു.
