ഹോര്‍മുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കാന്‍ ശ്രമിച്ചാല്‍ മേഖലയിലെ മുഴുവന്‍ എണ്ണ-വാതക പ്ലാന്റുകളും തകര്‍ക്കും; ട്രംപിന് മുന്നറിയിപ്പുമായി ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള; സമാധാനം എല്ലാവര്‍ക്കും അല്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന് ഇറാന്‍ അനുകൂല ഗ്രൂപ്പ്; ഇസ്രയേലുമായി ചേര്‍ന്ന് സമഗ്ര ആക്രണത്തിന് അമേരിക്കയും; പശ്ചിമേഷ്യ കത്തുമോ?
ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്ക് ബലപ്രയോഗത്തിലൂടെ തുറക്കാന്‍ ശ്രമിച്ചാല്‍ മേഖലയിലെ മുഴുവന്‍ എണ്ണ-വാതക പ്ലാന്റുകളും തകര്‍ക്കുമെന്ന് ഇറാഖിലെ ഇറാന്‍ അനുകൂല സായുധ സംഘടനയായ ഖത്തായിബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'പവര്‍ പ്ലാന്റ്' ഭീഷണിക്ക് പിന്നാലെയാണ് മേഖലയിലെ ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഖത്തായിബ് ഹിസ്ബുള്ള സെക്രെട്ടറി ജനറല്‍ അബു ഹുസൈന്‍ അല്‍-ഹമിദാവി പ്രഖ്യാപിച്ചത്. 'ഒന്നുകില്‍ എല്ലാവര്‍ക്കും സുരക്ഷയും ഐശ്വര്യവും, അല്ലെങ്കില്‍ ആര്‍ക്കും വേണ്ട' എന്ന ഭീഷണിയാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തില്‍ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ അല്‍-ഹമിദാവി അപലപിച്ചു. ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ക്കായി തുറന്നു കൊടുക്കില്ലെന്നും ബലപ്രയോഗത്തിന് മുതിരുന്നവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം പഴയ നിലയിലേക്ക് ഇനി മടങ്ങില്ലെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും ഇനി ഇവിടെ പഴയ സ്വാധീനം ഉണ്ടാകില്ലെന്നും ഇറാനിയന്‍ നേവി വ്യക്തമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫില്‍ പ്രാദേശിക ശക്തികളുടെ നേതൃത്വത്തില്‍ പുതിയ സുരക്ഷാ ക്രമീകരണം നിലവില്‍ വന്നതായും നേവി കമാന്‍ഡ് അറിയിച്ചു.
അതേസമയം, ഏപ്രില്‍ ആറിന് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും പാലങ്ങള്‍ക്കും നേരെ കടുത്ത വ്യോമാക്രമണം നടത്താന്‍ യുഎസും ഇസ്രായേലും തയ്യാറെടുക്കുന്നതായാണ് വിവരം. എന്നാല്‍ ഒമാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഒരു വശത്ത് ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് സായുധ ഗ്രൂപ്പുകള്‍ കൂടി ഭീഷണിയുമായി രംഗത്തെത്തിയത് മേഖലയെ കൂടുതല്‍ സ്‌ഫോടനാത്മകമാക്കുന്നു.
ഇറാന്റെയും ഇറാഖിലെ സായുധ സംഘങ്ങളുടെയും സംയുക്ത നീക്കം അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. എണ്ണക്കടത്ത് തടസ്സപ്പെട്ടതോടെ ആഗോള വിപണിയില്‍ ഇന്ധനവില കുതിച്ചുയരുകയാണ്. ഇത് തടയാന്‍ സൈനിക നീക്കം നടത്തിയാല്‍ മേഖലയിലെ എണ്ണ പ്ലാന്റുകള്‍ തകര്‍ക്കുമെന്ന ഖത്തായിബ് ഹിസ്ബുള്ളയുടെ ഭീഷണി അമേരിക്കയെ പ്രതിരോധത്തിലാക്കും. വരും മണിക്കൂറുകളില്‍ ട്രംപ് എന്ത് തീരുമാനമെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ സാമ്പത്തിക ഭാവിയും സുരക്ഷയും.
ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍ മിഡില്‍ ഈസ്റ്റ് മറ്റൊരു വലിയ യുദ്ധത്തിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ലബനനിലേക്കുള്ള സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ഖത്തായിബ് ഹിസ്ബുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫ് മേഖലയിലെ പുതിയ മാറ്റങ്ങള്‍ പാശ്ചാത്യ ശക്തികളുടെ സ്വാധീനം കുറയ്ക്കുമെന്നും ഇറാന്‍ നേവി ആവര്‍ത്തിച്ചു. സമാധാനപരമായ ചര്‍ച്ചകള്‍ക്ക് യുഎസ് തയ്യാറാകുമോ അതോ 'പവര്‍ പ്ലാന്റ് ഡേ' എന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഏതായാലും കടുത്ത ആശങ്കയിലാണ് പശ്ചിമേഷ്യ.
അതേസമയം, ഏപ്രില്‍ ആറിന് ട്രംപ് നിശ്ചയിച്ച സമയപരിധി അവസാനിക്കാനിരിക്കെ ഇറാന്റെ പവര്‍ പ്ലാന്റുകള്‍ക്കും പാലങ്ങള്‍ക്കും നേരെ കടുത്ത വ്യോമാക്രമണം നടത്താന്‍ യുഎസും ഇസ്രായേലും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഒമാന്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ 45 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഒരു വശത്ത് ചര്‍ച്ചകള്‍ നടക്കുമ്പോഴും മറുവശത്ത് സായുധ ഗ്രൂപ്പുകള്‍ കൂടി ഭീഷണിയുമായി രംഗത്തെത്തിയത് മേഖലയെ കൂടുതല്‍ സ്‌ഫോടനാത്മകമാക്കുന്നു.
