ആ രാത്രി ജയരാജും ബെന്നിക്‌സും അനുഭവിച്ചത് നരകയാതന! രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി ക്രൂരത കാട്ടിയ കൊടും ക്രിമിനലുകള്‍ക്ക് വധശിക്ഷ; 9 പോലീസുകാരുടെ വിധി കുറിച്ചു; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം; തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ മധുര ജില്ലാ കോടതിയുടെ ചരിത്രവിധി

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ കൊടും ക്രിമിനലുകള്‍ക്ക് വധശിക്ഷ

Update: 2026-04-06 13:37 GMT

ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡിക്കൊലക്കേസില്‍ ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി, ഭാവിയില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതാകണം ഈ ശിക്ഷയെന്നും വ്യക്തമാക്കി. വ്യാപാരികളായ ജയരാജനും മകന്‍ ബനിക്‌സും പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച കേസിലാണ് നിര്‍ണ്ണായക വിധി.

ജീവപര്യന്തം ശിക്ഷ ഈ കേസില്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും നിരീക്ഷിച്ചു. കൂടുതല്‍ ഉപദ്രവിച്ചത് ആരെന്ന് കണ്ടെത്തേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കേസിന് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധര്‍, രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

2020 ജൂണിലാണ് രാജ്യമെങ്ങും കോവിഡ് ലോക്ക്ഡൗണ്‍ നിലവിലിരിക്കെ രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത തടി വ്യാപാരി ജയരാജനെയും മകന്‍ ബനിക്‌സിനെയും രാത്രി മുഴുവന്‍ സ്റ്റേഷനിലിട്ട് പ്രതികളായ പൊലീസുകാര്‍ മൃഗീയമായി മര്‍ദ്ദിക്കുകയായിരുന്നു. മൂന്നാംമുറ പ്രയോഗിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

കസ്റ്റഡിക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ഇന്‍സ്പെക്ടര്‍ ശ്രീധറിന് വിവിധ വകുപ്പുകളിലായി രണ്ട് വധശിക്ഷയും 84 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് മധുര ജില്ലാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസ് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തലുകളെ പൂര്‍ണ്ണമായും കോടതി ശരിവച്ചു.

മൊബൈല്‍ വില്‍പ്പനക്കട നടത്തിയിരുന്ന ജയരാജ് (59), മകന്‍ ബെന്നിക്സ് (31) എന്നിവരുടെ മരണം കസ്റ്റഡി പീഡനത്തെ തുടര്‍ന്നാണെന്ന് കോടതി ഉറപ്പിച്ചു വ്യക്തമാക്കി. ഇവര്‍ക്കെതിരെ പോലീസ് കള്ളക്കേസെടുത്ത് അതിക്രമം നടത്തുകയായിരുന്നുവെന്നും ശരീരത്തിലുണ്ടായിരുന്നത് സ്വാഭാവിക പരിക്കുകളായിരുന്നില്ലെന്നും കസ്റ്റഡി പീഡനത്തിന്റെ വ്യക്തമായ സൂചനകളായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

അച്ഛനെയും മകനെയും കൈകള്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചതായും രഹസ്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തിയതായും ഒരു രാത്രി മുഴുവന്‍ മര്‍ദിച്ച് അവശരാക്കിയതായും വിചാരണയില്‍ വ്യക്തമായി. 2020 ജൂണ്‍ 19-ന് കോവിഡ് വ്യാപനത്തിനിടെ ലോക്ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നുവെന്നാരോപിച്ചാണ് ജയരാജിനെ ആദ്യം പോലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ബെന്നിക്സിനെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഇരുവരെയും ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ പല തരത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. പിറ്റേന്ന് കോവില്‍പട്ടിയിലെ സബ് ജയിലിലേക്ക് മാറ്റിയതിന് പിന്നാലെ അസുഖം മൂര്‍ച്ഛിച്ച് അടുത്ത ദിവസം രാവിലെ ജയരാജ് മരണത്തിന് കീഴടങ്ങി. ജൂണ്‍ 22-ന് ബെന്നിക്സും മരിച്ചു.

സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍ ജയരാജും ബെന്നിക്സും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും അവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയായിരുന്നുവെന്നും കണ്ടെത്തി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അന്നത്തെ സാത്താന്‍കുളം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍ ഉള്‍പ്പെടെ പത്ത് പോലീസ് ഉദ്യോഗസ്ഥരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. വിചാരണയ്ക്കിടെ ഒരു പോലീസുകാരന്‍ മരിച്ചതിനാല്‍ നിലവില്‍ ഒന്‍പത് പ്രതികളാണുള്ളത്. കേസ് ആദ്യം അന്വേഷിച്ചത് സി.ബി.സി.ഐ.ഡി. ആയിരുന്നുവെങ്കിലും പിന്നീട് സി.ബി.ഐ.ക്ക് കൈമാറുകയായിരുന്നു.

Tags:    

Similar News