ഡാം തുറന്നു വിട്ട് പ്രളയമുണ്ടാക്കിയവര്‍ തന്നെ മറ്റൊരു വലിയ കൊള്ളയും നടത്തി; വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ പേരില്‍ നടന്ന് വമ്പന്‍ മണല്‍ക്കൊള്ള; കോടികളുടെ അഴിമതി; മുന്‍പ് കൊട്ടിഘോഷിച്ച വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും: മണല്‍മാഫിയയെന്ന് ജി സുധാകരന്റെ വിമര്‍ശനവും
തിരുവല്ല: ഏറെ പ്രശംസ നേടിയ വരട്ടാര്‍ പുനരുജ്ജീവനം പ്രചാരണ വിഷയമാക്കാതെ വരട്ടാറിന്റെ തീരമണ്ഡലങ്ങളിലെ എംഎല്‍എമാര്‍. തിരുവല്ല, ചെങ്ങന്നൂര്‍, ആറന്മുള നിയോജക മണ്ഡലങ്ങളുടെ അതിരിട്ടാണ് വരട്ടാര്‍ ഒഴുകുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ ഹരിതകേരളം മിഷനില്‍ മാതൃകയായി സ്വീകരിച്ച വരട്ടാര്‍ പുനരൂജ്ജീവനം സംസ്ഥാനത്ത് പല ജലാശയങ്ങളുടെയും പുനരുജ്ജീവനത്തിനിടയാക്കിയിരുന്നു.
ഇക്കാരണത്താല്‍ സജി ചെറിയാനും വീണ ജോര്‍ജും മാത്യു ടി തോമസും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമായി വരട്ടാര്‍ പുനരുജ്ജീവനം ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇതേക്കുറിച്ച് മിണ്ടാട്ടമില്ല. മണല്‍ ഊറ്റി വരട്ടാറിന്റെയും ആദി പമ്പയുടെയും തീരം മുഴുവന്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ജല വിഭവ വകുപ്പ് ഇപ്പോള്‍ ചെയ്യുന്നത്. വരട്ടാര്‍ തീരത്തുള്ള നൂറോളം വൃക്ഷങ്ങള്‍ നശിപ്പിക്കപ്പെട്ടു. മൂന്നിടങ്ങളായി തടയണ കെട്ടി മണല്‍ അരിച്ച് ചെളി ഉപേക്ഷിച്ചതോടെ നദിയില്‍ വീണ്ടും പഴയതുപോലെ മണ്‍പുറ്റുകള്‍ നിറഞ്ഞ് അതില്‍ കാടുകള്‍ വളര്‍ന്നു കരയായി മാറി.
ഒന്നാം ഘട്ടത്തില്‍ മണല്‍ റോയല്‍റ്റിയായി സര്‍ക്കാരിന് ആകെക്കിട്ടിയത് 1.30 കോടി രൂപ മാത്രമാണ്. ഫലത്തില്‍ കരാറിലൂടെ സര്‍ക്കാരിന് വരുമാന നഷ്ടമാണ് ഉണ്ടായത്. അതേ സമയം പാസില്ലാതെ മണല്‍ കടത്തി ഇടനിലക്കാര്‍ കൊള്ളലാഭം നേടി. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കരാറുകാരില്‍ നിന്ന് പണം പിരിച്ചതായി നാട്ടുകാര്‍ പറയുന്നു. മുന്‍ മന്ത്രി ജി സുധാകരനാകട്ടെ ഒരു പടികൂടിക്കടന്ന് ജനപ്രതിനിധികള്‍ മണല്‍ മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതായി ആരോപണം ഉന്നയിച്ചു. വരട്ടാര്‍ തീരത്ത് കടുത്ത ജലക്ഷാമം നേരിട്ടു തുടങ്ങുകയും ചെയ്തു.
എല്ലാം സുതാര്യമാക്കുമെന്ന് അറിയിച്ചെങ്കിലും വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയാലും വിവരങ്ങള്‍ നല്‍കാന്‍ ഇറിഗേഷന്‍ വകുപ്പ് താമസിപ്പിക്കുകയാണ്. മറുപടി നല്‍കുന്നതാകട്ടെ വ്യക്തതയില്ലാത്ത തരത്തിലും. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് മണല്‍ വാരല്‍ സര്‍ക്കാരിന് നഷ്ടക്കച്ചവടമാണ്. ഇതിനുപുറമേയാണ് നദീ തീരം മുഴുവന്‍ നശിപ്പിക്കപ്പെട്ടത്. ദേശീയ പാതയ്ക്ക് ഉള്‍പ്പെടെ പച്ചമണ്ണ് ആവശ്യമായിരിക്കേ വരട്ടാറിലെ മണ്ണ് ഫലപ്രദമായി ഉപയോഗിക്കാനോ മണല്‍ സര്‍ക്കാര്‍ ഖജനാവിന് മുതല്‍ക്കൂട്ടാക്കാനോ ഉള്ള ദീര്‍ഘവീക്ഷണം ഇല്ലാതെ പോയി. ആദ്യം പൊളിച്ച വരട്ടാര്‍ ചപ്പാത്തിന് പകരമായി പാലം നിര്‍മ്മിക്കാന്‍ കഴിഞ്ഞതുമില്ല. മറ്റ് മൂന്ന് പാലങ്ങള്‍ നിര്‍മ്മിച്ചെങ്കിലും വേണ്ടത്ര ഉയരമില്ലാത്തത് തിരിച്ചടിയായി.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആദി പമ്പയിലെ വള്ളംകളി കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങിപ്പോയിരിക്കുകയാണ്. ചുരുക്കത്തില്‍ ഭരണ പരാജയത്തിന്റെ നേര്‍ക്കാഴ്ചയായി മാറിയ വരട്ടാര്‍ ചര്‍ച്ചയാക്കാന്‍ ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ക്കോ മുന്നണിക്കോ കഴിയാത്ത സ്ഥിതിയാണ്. വരട്ടാര്‍ തീരത്തുള്ള മൂന്ന് ജന പ്രതിനിധികളും മന്ത്രിമാരായിരുന്നു എന്നതാണ് മറ്റൊരു വിരോധാഭാസം.
വരട്ടാര്‍ മണല്‍ക്കൊള്ള ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ചായിരുന്നു. വരട്ടാറില്‍ നിന്നൂറ്റിയ മണല്‍ കല്ലിശേരിയിലെ യാര്‍ഡിലാണ് നിക്ഷേപിച്ചത്. ഇവിടെ നിന്ന് അന്യായ വിലയ്ക്കാണ് വിറ്റഴിച്ചത്. നിയമം ലംഘിച്ചുള്ള ഖനനത്തിന് സര്‍ക്കാര്‍ വകുപ്പുകളും പിന്തുണ നല്‍കി. ഇതേ ലോബി തന്നെ കുറ്റൂര്‍ മണിമലയാര്‍ തോണ്ടറപ്പാലത്തിന് ചുവട്ടില്‍ നിന്ന് മണ്ണ് വാരുകയാണ്. പാലം അപകടത്തിലാണ്. ഈ വിഷയം മുന്‍പ് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വില്ലേജ് ഓഫീസര്‍ അടക്കം സ്ഥലപരിശോധന നടത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഒരു പ്രമുഖ പ്രവാസി വ്യവസായിയുടെ സ്ഥലത്താണ് ഇവിടെ നിന്ന് ഖനനം ചെയ്ത മണ്ണ് സൂക്ഷിച്ചിരിക്കുന്നത്.
