'ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ, തിരിച്ചെത്തിയല്ലോ. ഇനിയും ട്രെക്കിങ്ങിനു പോവും'; മരണത്തെ ചിരിച്ചു തോല്‍പ്പിച്ച് ശരണ്യ; 'ഇനിയും മലകയറും, കാട് പഠിപ്പിച്ചത് കരുത്താണ്'; പൗര്‍ണ്ണമി നിലാവും മിന്നാമിനുങ്ങുകളും നിറഞ്ഞ കാട് മറ്റൊരു ലോകമായിരുന്നു; അതിജീവന കഥ ശരണ്യ പറയുമ്പോള്‍

Update: 2026-04-07 01:52 GMT

കോഴിക്കോട്: 'ചെറുതായൊന്നു കുടുങ്ങിപ്പോയെന്നല്ലേയുള്ളൂ, തിരിച്ചെത്തിയല്ലോ. ഇനിയും ട്രെക്കിങ്ങിനു പോവും' - നാലുനാള്‍ കുടകിലെ കൊടുംകാട്ടില്‍ മരണത്തെ മുഖാമുഖം കണ്ടിട്ടും പതറാത്ത ശബ്ദത്തോടെ ജി.എസ്. ശരണ്യ പറയുമ്പോള്‍ അത് വെറുമൊരു വാക്കല്ല, അതിജീവനത്തിന്റെ കരുത്തായിരുന്നു. കൊച്ചിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ, തടിയന്‍ഡമോള്‍ബേട്ടയില്‍ ട്രെക്കിങ്ങിനിടെ വഴിതെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. നാലാം ദിവസം സൈന്യവും ആദിവാസി സംഘവും ചേര്‍ന്ന് കണ്ടെത്തുമ്പോള്‍ ശരണ്യയുടെ ആത്മവിശ്വാസത്തിന് പോറലേറ്റിരുന്നില്ല.

അവധി ദിവസങ്ങള്‍ ആഘോഷമാക്കാന്‍ പ്ലാന്‍ ചെയ്താണ് ശരണ്യ കുടകിലെത്തിയത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ശേഷം രാവിലെ ആറിന് ട്രെക്കിങ് ആരംഭിച്ചു. കയ്യില്‍ കുറച്ച് പഴങ്ങളും അര ലിറ്റര്‍ വെള്ളവും മാത്രം. മുന്നില്‍ നടന്നിരുന്ന അച്ഛനെയും മകനെയും പിന്തുടരുന്നതിനിടെ എപ്പോഴോ അവര്‍ കാഴ്ചയില്‍നിന്ന് മറഞ്ഞു. മറ്റൊരു മലയുടെ മുകളില്‍ ആളുകളെ കണ്ട് അങ്ങോട്ട് എത്താന്‍ ശ്രമിച്ചതാണ് ശരണ്യയ്ക്ക് വിനയായത്. താഴേക്ക് ഇറങ്ങിയതോടെ വഴി തെറ്റി. ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായതോടെ താന്‍ ഒറ്റപ്പെട്ടുവെന്ന് ശരണ്യ തിരിച്ചറിഞ്ഞു.

കാട്ടിലെ രാത്രികള്‍ ഭയാനകമായിരുന്നില്ലെന്ന് ശരണ്യ ഓര്‍ക്കുന്നു. പൗര്‍ണ്ണമി നിലാവും മിന്നാമിനുങ്ങുകളും നിറഞ്ഞ കാട് മറ്റൊരു ലോകമായിരുന്നു. ഹോംസ്റ്റേയില്‍ നേരത്തെ വിവരം അറിയിച്ചിരുന്നതിനാല്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷ ശരണ്യയ്ക്കുണ്ടായിരുന്നു. അരുവിയുടെ കരയില്‍ തങ്ങിയതും ദിവസവും മൂന്ന് ലിറ്ററോളം വെള്ളം കുടിച്ചതും തളരാതെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചു. നാലാം ദിവസം മല കയറി മടങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദിവാസി സംഘം ശരണ്യയുടെ പേര് വിളിക്കുന്നത് കേട്ടത്.

തന്റെ അനുഭവം കേട്ട് പെണ്‍കുട്ടികളെ ട്രെക്കിങ്ങിന് വിടാതിരിക്കരുതെന്നാണ് ശരണ്യയ്ക്ക് പറയാനുള്ളത്. 'ഈ വാര്‍ത്ത അറിഞ്ഞ് പെണ്‍കുട്ടികളെ ട്രെക്കിങ്ങിന് പോകുന്നത് തടയരുത്, അതിന്റെ ആവശ്യമില്ല' - ശരണ്യ വ്യക്തമാക്കുന്നു. മകള്‍ തിരിച്ചെത്തിയ സന്തോഷത്തില്‍ അമ്മ ഷൈലജയും അച്ഛന്‍ ഗോപിയും സഹോദരന്‍ ശ്യാമും ശരണ്യയെ ചേര്‍ത്തുപിടിച്ചു. ശാരീരികമായി അല്പം ഭാരം കുറഞ്ഞതൊഴിച്ചാല്‍ ശരണ്യ പൂര്‍ണ്ണ ആരോഗ്യവതിയാണ്.

Tags:    

Similar News