'നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,'; ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും; ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്; ഭീഷണി തുടര്‍ന്ന് ട്രംപിസം; ഇന്ന് രാത്രിയില്‍ എന്തും സംഭവിക്കാം
വാഷിംഗ്ടണ്‍: ഇറാനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നും ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. വൈറ്റ് ഹൗസില്‍ നടത്തിയ അസാധാരണമായ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇറാന്റെ മേല്‍ കടുത്ത ഭീഷണി മുഴക്കിയത്.
ഇറാന്‍ വെടിവച്ചിട്ട രണ്ട് അമേരിക്കന്‍ പൈലറ്റുമാരെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാന്റെ സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും വൈദ്യുതി നിലയങ്ങളും പാലങ്ങളും ബോംബിട്ട് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രധാനപ്പെട്ട ഒരു പാലം വെറും പത്ത് മിനിറ്റിനുള്ളില്‍ തകര്‍ത്തുകൊണ്ട് തങ്ങള്‍ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചതാണെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. 'നാളെ രാത്രിയോടെ ഇറാന്റെ ഓരോ പാലവും തകര്‍ക്കപ്പെടും. ഓരോ പവര്‍ പ്ലാന്റുകളും കത്തിയെരിയും. അത് പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും,' ട്രംപ് പറഞ്ഞു. ഇറാന്‍ സൈനികമായി പരാജയപ്പെട്ടുവെന്നും സമുദ്രപാതകളില്‍ മൈനുകള്‍ വിതറുകയല്ലാതെ അവര്‍ക്ക് മറ്റ് വഴികളില്ലെന്നും അദ്ദേഹം പരിഹസിച്ചു.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടെയുള്ള കപ്പല്‍ ഗതാഗതത്തിന് ടോള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. വെനിസ്വേലന്‍ എണ്ണയുടെ കാര്യത്തില്‍ സ്വീകരിച്ചതിന് സമാനമായ നിലപാടായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ജനങ്ങള്‍ ഭരണകൂടത്തെ വെറുക്കുന്നുവെന്നും ബോംബിംഗ് തുടരാന്‍ അവര്‍ തങ്ങളോട് ആവശ്യപ്പെടുകയാണെന്നുമുള്ള വിചിത്രമായ വാദവും ട്രംപ് ഉന്നയിച്ചു.
അതേസമയം, ട്രംപിന്റെ പ്രസ്താവനകള്‍ വലിയ പരിഹാസത്തിനും വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്ട്. അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവച്ചിട്ടതിനെ വിജയമായി ചിത്രീകരിക്കുന്നത് 'കോമാളിത്തരമാണെന്ന്' ജിമ്മി ഡോര്‍ വിമര്‍ശിച്ചു. ട്രംപിന്റെ വാര്‍ത്താസമ്മേളനം ഒരു കോമഡി സ്‌കിറ്റ് പോലെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമര്‍ശനം.
പെന്റഗണിലെ കണക്കുകളും ട്രംപിന്റെ അവകാശവാദങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ ദിവസവും ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്സെത്ത് അവകാശപ്പെടുമ്പോഴും, കഴിഞ്ഞ മൂന്നാഴ്ചയായി പ്രതിദിനം ശരാശരി 250 ആക്രമണങ്ങള്‍ എന്ന നിലയിലാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രവര്‍ത്തിക്കുന്നത്.
നാറ്റോ സഖ്യകക്ഷികളെയും ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ബ്രിട്ടന്‍ വാഗ്ദാനം ചെയ്ത വിമാനവാഹിനിക്കപ്പലുകള്‍ 'പഴഞ്ചനും തകര്‍ന്നതുമാണെന്ന്' അദ്ദേഹം പരിഹസിച്ചു. യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ തൊടുത്ത 101 മിസൈലുകളും അമേരിക്കന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാത്രി എട്ടു മണിയെന്ന സമയപരിധി അവസാനിക്കാനിരിക്കെ, ലോകം മുഴുവന്‍ ആശങ്കയോടെയാണ് ഉറ്റുനോക്കുന്നത്.
