അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം; നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല; ശബരിമല യുവതീപ്രവേശം: വിധി തെറ്റെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം മോദി സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ ഇനി വാദം കേള്‍ക്കല്‍
ന്യൂഡല്‍ഹിം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിപ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, വിധിനിര്‍ണ്ണായകമായ ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയിലേക്ക്. യുവതീപ്രവേശം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ ശക്തമായ വാദം എഴുതിനല്‍കി. കേന്ദ്ര സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സമര്‍പ്പിച്ച ഈ നിലപാട്, വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ ഗതിവിഗതികളെയാകെ മാറ്റിമറിക്കുമെന്ന് ഉറപ്പായി.
ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നും ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും കേന്ദ്രം വാദിക്കുന്നു. നൂറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഭക്തര്‍ പാലിച്ചുപോരുന്ന ഈ ആചാരത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കുവേണ്ടി കോടതി ഇടപെടാന്‍ പാടില്ല. വിദേശ രാജ്യങ്ങളിലെ വിധികള്‍ അതുപോലെ ഇന്ത്യയില്‍ പകര്‍ത്തുന്നത് ശരിയായ പ്രവണതയല്ലെന്നും കേന്ദ്രം വിമര്‍ശിച്ചു. ആരാധനാമൂര്‍ത്തിയുടെ സ്വത്വവും വ്യക്തിത്വവും പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമില്ല. പഞ്ചാബില്‍ നിന്നുള്ള, ശബരിമലയെക്കുറിച്ച് ധാരണയില്ലാത്ത ഒരു സംഘടനയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് വോട്ടെടുപ്പിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാകുന്നത് എല്‍.ഡി.എഫിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് നാളെ മുതല്‍ കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. ഏപ്രില്‍ 9 വരെ വിധി എതിര്‍ക്കുന്നവരുടെ വാദങ്ങളാണ് കോടതി കേള്‍ക്കുക. 2018-ല്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ധൃതിയാണ് വിശ്വാസികളെ പ്രകോപിപ്പിച്ചതെന്ന് യു.ഡി.എഫും ബി.ജെ.പിയും ഒരേപോലെ ആരോപിക്കുന്നു. വിശ്വാസ സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ മുന്നണികളുടെ പ്രധാന വാഗ്ദാനം.
2018-ല്‍ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച ഇടത് സര്‍ക്കാര്‍, ഇത്തവണ ഒമ്പതംഗ ബെഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നേരിട്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കി ഒരു മധ്യസ്ഥ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കോടതിയില്‍ സര്‍ക്കാരിന്റെ അഭിഭാഷകന്‍ സ്വീകരിക്കുന്ന ഓരോ നിലപാടും തിരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുണ്ട്. വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് പ്രതിപക്ഷ മുന്നണികള്‍ ഈ വിഷയം പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ആയുധമാക്കുകയാണ്.
യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ നിരയില്‍ ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളും അണിനിരന്നിട്ടുണ്ട്. ആകെ 53 കക്ഷികളാണ് വിധിക്കെതിരെ വാദം എഴുതിനല്‍കിയത്. മറുഭാഗത്ത് സ്ത്രീസമത്വത്തിനായി 12 കക്ഷികളും നിലയുറപ്പിച്ചിരിക്കുന്നു.
