ശബരിമലയിലെ യുവതീ പ്രവേശന വിലക്ക് മതപരമായ വിശ്വാസത്തിന്റെ പരിധിയില്‍ വരുന്ന കാര്യം; നീതിന്യായ പുന: പരിശോധനയ്ക്ക് അതീതം; ആചാരം മാറ്റേണ്ടത് കോടതികളല്ല, നിയമനിര്‍മ്മാണ സഭകള്‍; കേന്ദ്രത്തിന്റെ നിലപാട് ഭക്തര്‍ക്ക് ആശ്വാസമോ? നരബലിയും തലമറയ്ക്കലും ഉദാഹരിച്ച് സുപ്രീം കോടതിയില്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ ഇങ്ങനെ
സുപ്രീം കോടതിയില്‍ തുഷാര്‍ മേത്തയുടെ വാദങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം മതപരമായ വിശ്വാസത്തിന്റെയും ഒരു പ്രത്യേക വിഭാഗത്തിന്റെ സ്വയംഭരണാധികാരത്തിന്റെയും പരിധിയില്‍ വരുന്ന കാര്യമാണെന്നും, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അതിനാല്‍ നീതിന്യായ പുനഃപരിശോധനയ്ക്ക് അതീതമാണെന്നും കോടതിയില്‍ വ്യക്തമാക്കി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട മുന്‍ വിധി പുനഃപരിശോധിക്കാനായി നിയോഗിച്ച ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഈ നിലപാട് വ്യക്തമാക്കിയത്.
ആചാരങ്ങളില്‍ ശാസ്ത്രീയമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അതില്‍ മാറ്റം വരുത്തേണ്ടത് നിയമനിര്‍മ്മാണ സഭകളാണെന്നും കോടതികളല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എല്ലാ മതവിഭാഗങ്ങളുടെയും ആചാരങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ കാര്യങ്ങളെയും അന്തസ്സുമായോ ശരീരസ്വാതന്ത്ര്യവുമായോ ബന്ധിപ്പിക്കാനാവില്ലെന്നും തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. ഒരു ദര്‍ഗ സന്ദര്‍ശിക്കുമ്പോഴോ ഗുരുദ്വാരയില്‍ പോകുമ്പോഴോ തല മറയ്ക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, അവിടെ തന്റെ അന്തസ്സോ അവകാശമോ ചോദ്യം ചെയ്യപ്പെടുന്നു എന്ന് പറയാന്‍ സാധിക്കില്ല എന്ന ഉദാഹരണവും അദ്ദേഹം മുന്നോട്ടുവെച്ചു.
ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും, കോടതികള്‍ ഇത്തരം വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എം.എം. സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുള്ള, അരവിന്ദ് കുമാര്‍, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ്, പ്രസന്ന ബി. വരാലെ, ആര്‍. മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
നരബലി എന്നത് തങ്ങളുടെ അവിഭാജ്യമായ മതപരമായ ആചാരമാണെന്ന് അവകാശപ്പെട്ട് ആരെങ്കിലും ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം കോടതിയെ സമീപിച്ചാല്‍, അത് മതപരമായി അനിവാര്യമാണോ എന്ന് കോടതി പരിശോധിക്കേണ്ട കാര്യമില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. മറിച്ച്, അത് പൊതുസമാധാനത്തെയും ധാര്‍മ്മികതയെയും നേരിട്ട് ലംഘിക്കുന്നു എന്ന കാരണത്താല്‍ കോടതിക്ക് അത് തള്ളിക്കളയാം. ഒരു മതപരമായ ആചാരം യുക്തിസഹമാണോ, ആധുനികമാണോ, ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ കഴിയുന്നതാണോ, അല്ലെങ്കില്‍ കോടതിയുടെ ബോധ്യങ്ങള്‍ക്ക് സ്വീകാര്യമാണോ എന്ന തരത്തിലുള്ള പരിശോധനാ രീതികള്‍ നിരാകരിക്കണമെന്നും കേന്ദ്രം വാദിച്ചു.
