മാന്‍ഡ്രേക്ക് തൊട്ടു, സഞ്ജു വീണു! ലോകകപ്പിലെ പുലി ഐപിഎല്ലില്‍ എലിയായോ? തൊട്ടവരൊക്കെ തകരുന്നു, കൈപിടിച്ചവരൊക്കെ കേസില്‍; ജോയ് മാത്യുവിന്റെ 'ഡ്രാക്കുള' കവിത സോഷ്യല്‍ മീഡിയയില്‍ കത്തുന്നു
ജോയ് മാത്യുവിന്റെ 'ഡ്രാക്കുള' കവിത സോഷ്യല്‍ മീഡിയയില്‍ കത്തുന്നു
തിരുവനന്തപുരം: നടനും, സംവിധായകനുമായ ജോയ് മാത്യു മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തെയും വിമര്‍ശിച്ചുകൊണ്ട് എഴുതിയ ആക്ഷേപ ഹാസ്യ കവിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെയും ഭരണകൂട നടപടികളെയും ആക്ഷേപഹാസ്യത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കാനാണ് അദ്ദേഹം ഇതിലൂടെ ശ്രമിച്ചിരിക്കുന്നത്. കവിതയ്ക്ക് പതിവുപോലെ സമ്മിശ്ര പ്രതികരണങ്ങളാണ്. ആദ്യം കവിത വായിക്കാം:
ഡ്രാക്കുള
(ആധുനികമല്ലാത്ത കവിത )
ആരംഭത്തില്‍
അയാള്‍
പ്രാവിനെ പറപ്പിച്ചു
നിമിഷങ്ങള്‍ക്കുള്ളില്‍
പ്രാവ്
പിടഞ്ഞു വീണു ചത്തു
അപ്പോള്‍ ജനം വിളിച്ചു
മാന്‍ഡ്രേക്ക് !
പിന്നെ അയാള്‍ തൊട്ടവരൊക്കെ
വീണുകൊണ്ടിരുന്നു
ചിലരൊക്കെ
പരലോകവും പൂകി
കൈപിടിച്ചുഉയര്‍ത്തി
കാണിച്ചവരധികവും
നാറ്റ കേസുകളുമായി
ഇപ്പോഴിതാ
അയാള്‍
മാന്‍ഡ്രേക്കില്‍
നിന്നും
ഡ്രാക്കുളയിലേക്ക്
പരിവര്‍ത്തനം
ചെയ്യപ്പെട്ടിരിക്കുന്നു
വഴിയോരത്ത് മുഴുവന്‍
രക്തനിറമാര്‍ന്ന്
ചിരിച്ചുകൊണ്ട്
നില്‍ക്കുന്നത്
പഴയ മാന്‌ഡ്രേക്കല്ല
പുതിയ ഡ്രാക്കുളയാണ്
കരുതിയിരിക്കുക
നമ്മുടെ കുട്ടികളെ
ഡ്രാക്കുളയുടെ
കൈകളില്‍
പെടാതെ നോക്കുക
മാന്‍ഡ്രേക്കില്‍ നിന്ന് ഡ്രാക്കുളയിലേക്ക്
തുടക്കത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന 'മാന്‍ഡ്രേക്ക്' (ഒരു മാന്ത്രികന്‍) ആയി കണ്ടിരുന്ന ഒരാള്‍ പിന്നീട് ചോരകുടിക്കുന്ന 'ഡ്രാക്കുള' ആയി മാറുന്നു എന്ന രൂപകമാണ് കവിതയുടെ കാതല്‍. മാന്‍ഡ്രേക്ക് എന്ന പ്രയോഗം രാഷ്ട്രീയ പരിഹാസമായി പലപ്പോഴും ഉപയോഗിക്കാറുള്ളതാണ്.
സര്‍ക്കാരിനെതിരെയോ ഭരണപക്ഷത്തെ പ്രമുഖര്‍ക്കെതിരെയോ ഉയരുന്ന അഴിമതി ആരോപണങ്ങളെയും വിവാദങ്ങളെയും ജോയ് മാത്യു 'നാറ്റക്കേസുകള്‍' എന്ന് വിശേഷിപ്പിക്കുന്നു.
വിപ്ലവത്തിന്റെ നിറമായ ചുവപ്പിനെ ഇവിടെ ഭയപ്പെടുത്തുന്ന 'രക്തനിറമായി' ജോയ്മാത്യു വ്യാഖ്യാനിക്കുന്നു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെയും പോലീസിന്റെ നടപടികളെയും വിമര്‍ശിക്കുന്നതോടൊപ്പം, വരാനിരിക്കുന്ന തലമുറയെ ('നമ്മുടെ കുട്ടികളെ') ഈ രാഷ്ട്രീയ ശൈലിയില്‍ നിന്ന് സംരക്ഷിക്കണം എന്നൊരു മുന്നറിയിപ്പോടെയാണ് കവിത അവസാനിക്കുന്നത്.
നേരിട്ട് പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും, കവി നല്‍കുന്ന സൂചനകള്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും മുഖ്യമന്ത്രിയെയും മുന്‍നിര്‍ത്തിയുള്ളതാണെന്നത് വ്യക്തമാണ്.
അതേസമയം, കമന്റുകളില്‍ ജോയ് മാത്യുവിനെ അനുകൂലിച്ചും, താറടിച്ചും നിറയെ പ്രതികരണങ്ങളാണ്. അക്കൂട്ടത്തില്‍, ട്വന്റി ലോക കപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണ് സംഭവിച്ച ഫോം നഷ്ടവും പരാമര്‍ശിക്കുന്നു. മുഖ്യമന്ത്രിയുടെ പക്കല്‍ നിന്ന് സര്‍ക്കാരിന്റെ ആദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജുവിന് ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിയാത്തതാണ് പലരും പരിഹാസ സ്വരത്തില്‍ സൂചിപ്പിക്കുന്നത്.
ട്വന്റി-20 വേള്‍ഡ് കപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച് (89, 98, 89 എന്നിങ്ങനെ വമ്പന്‍ സ്‌കോറുകള്‍) ടീമിനെ കിരീടത്തിലേക്ക് നയിച്ച ഒരു താരം, ഐപിഎല്ലിലേക്ക് എത്തിയപ്പോള്‍ ഒറ്റയക്കത്തില്‍ (7, 7, 9) ഒതുങ്ങിപ്പോകുന്നത് ആരാധകര്‍ക്ക് വിശ്വസിക്കാനാവുന്നില്ല. ജോയ് മാത്യുവിന്റെ കവിതയിലെ വരികള്‍ കടമെടുത്താല്‍, ആ പഴയ 'മാന്‍ഡ്രേക്ക് സ്പര്‍ശം' ക്രിക്കറ്റ് പിച്ചിലും പ്രതിഫലിക്കുന്നുണ്ടോ എന്നാണ് ചിലരുടെ സംശയം.
