മദ്യലഹരിയില്‍ ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പോലീസ് കേസ് വന്നാല്‍ അകത്താകുമെന്ന് കണ്ടപ്പോള്‍ നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി; ഹൗസിങ് ബോര്‍ഡിലെ ഞരമ്പനായ അസി. സെക്രട്ടറിയെ തിരിച്ചെടുക്കാന്‍ നടത്തിയ ആദ്യ നീക്കം മറുനാടന്‍ വാര്‍ത്തയില്‍ പാളി; തിരഞ്ഞെടുപ്പ് തിരക്കിനിടെ ആരുമറിയാതെ തിരികെ കയറ്റാന്‍ ശ്രമം; 21 ന് ഇതിനായി ബോര്‍ഡ് യോഗം

ഹൗസിങ് ബോര്‍ഡിലെ ഞരമ്പനായ അസി. സെക്രട്ടറിയെ തിരികെ കയറ്റാന്‍ ശ്രമം

Update: 2026-04-07 12:31 GMT

തിരുവനന്തപുരം: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡില്‍ അസി. സെക്രട്ടറിയായിരിക്കേ ജോലി സ്ഥലത്തു വച്ച് സഹപ്രവര്‍ത്തയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയനായ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള നീക്കം വീണ്ടും തകൃതി. കഴിഞ്ഞ ഡിസംബറില്‍ ആണ് ഇയാളെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ നീക്കം നടന്നത്. ഡിസംബര്‍ 31 ന് മറുനാടന്‍ ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെയാണ് ഈ ശ്രമം പരാജയപ്പെട്ടത്. എന്നാല്‍, ഇപ്പോള്‍ വീണ്ടും അതിനുള്ള ശ്രമം തുടങ്ങി. സിപിഐയിലെ ഒരു മന്ത്രിയാണ് ഇതിന് പിന്നില്‍ എന്നാണ് വിവരം. തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെ, ശ്രദ്ധ മാറിയപ്പോള്‍ തക്കം നോക്കി തിരികെ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

ഭവന നിര്‍മാണ ബോര്‍ഡ് അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന മഹേഷ്‌കുമാറിനെയാണ് തിരിച്ചെടുക്കാന്‍ ധാരണയായി നടപടി ക്രമങ്ങള്‍ അതിവേഗത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ മാറുന്നതിന് മുന്‍പ് തിരിച്ചെടുക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് സിപിഐ നേതൃത്വമാണ്. ഭവന നിര്‍മാണ ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് ശേഖരന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് മഹേഷിന് ആശ്രിത നിയമനം ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് അസി. സെക്രട്ടറി വരെയായി.

ഇതിനിടെയാണ് ഓഫീസില്‍ മദ്യപിച്ചെത്തി സഹപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന പരാതി ഉയരുന്നു. മഹേഷ്‌കുമാര്‍ മുന്‍പും ഓഫീസില്‍ മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള ആളാണെന്ന് പറയപ്പെടുന്നു. അന്ന് മൂന്നു മാസത്തോളം നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിയും വന്നിരുന്നു. അപമാനിക്കപ്പെട്ട യുവതിയും ഭര്‍ത്താവും പരാതിയുമായി മുന്നോട്ട് പോയതോടെ കാര്യങ്ങള്‍ പിടിവിട്ടു പോകുമെന്ന സ്ഥിതിയായി. പോഷ് ആക്ട് പ്രകാരം യുവതി പരാതി നല്‍കിയതോടെ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന അവസ്ഥയും ഉണ്ടായി. കമ്പല്‍സറി റിട്ടയര്‍മെന്റ് സ്‌കീമില്‍ (സിആര്‍എസ്) മഹേഷിനെ പുറത്താക്കാമെന്ന ധാരണയുടെ പുറത്ത് യുവതിയുടെ പരാതി ഒത്തു തീര്‍പ്പാക്കി. പോഷ് ആക്ട് പ്രകാരം മഹേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടേണ്ടതായിരുന്നു. സിആര്‍എസ് നടപ്പാക്കിയത് കാരണം പരാതി പബോര്‍ഡിനുള്ളില്‍ തന്നെ ഒത്തു തീര്‍പ്പാക്കുകയായിരുന്നു. സമാന സംഭവങ്ങള്‍ മുന്‍പും ഇയാളുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. അന്നൊക്കെ താക്കീതില്‍ ഒതുക്കുകയായിരുന്നുവെന്ന് പറയുന്നു.

ഷീബ ജോര്‍ജ് ബോര്‍ഡ് സെക്രട്ടറിയായിരിക്കുമ്പോഴാണ് ഈ പരാതി ഉയരുന്നത്. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ മെമ്മോയ്ക്ക് മഹേഷ്‌കുമാറിന്റെ ഭാഗത്തു നിന്നും മറുപടി ഉണ്ടായതുമില്ല. ആദ്യ ഘട്ടത്തില്‍ മഹേഷിനെ തിരിച്ചെടുക്കാനുള്ള അപേക്ഷ ഡയറക്ടര്‍ ബോര്‍ഡിന് മുന്നിലെത്തിയിരുന്നു. തിരിച്ചെടുക്കല്‍ നടപടി ക്രമങ്ങളുടെ ഭാഗമായുള്ള ഹിയറിങും നടത്തി. സാങ്കേതിക നടപടി ക്രമങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് മറുനാടന്‍ വാര്‍ത്ത വരുന്നത്. അതോടെ നടപടി ക്രമങ്ങള്‍ നിലച്ചു. വാര്‍ത്ത തെറ്റാണെന്ന അവകാശവാദവുമായി ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണം കൊടുക്കാമെന്ന് മറുനാടന്‍ അറിയിച്ചപ്പോള്‍ അതു വേണ്ട, വാര്‍ത്ത പിന്‍വലിക്കണമെന്നായിരുന്നു അഭ്യര്‍ഥന. അതിന് മറുനാടന്‍ തയാറാകാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു.

ജി. മഹേഷ്‌കുമാര്‍ മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ നല്‍കിയ പരാതി മറയാക്കിയാണ് തിരികെ എടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. നിര്‍ബന്ധിത വിരാമം എന്ന ശിക്ഷ ഹൗസിങ് ബോര്‍ഡ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നും അച്ചടക്ക നടപടികളുടെ ഒരു ശിക്ഷയായി ഇത് ചുമത്തുന്നത് അസാധുവാണെന്നും മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ നിന്നുള്ള മറുപടിയില്‍ പറയുന്നു. 1971 ലെ ഹൗസിങ് ബോര്‍ഡ് ആക്ട് സെക്ഷന്‍ 18(5) പ്രകാരം അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം ബോര്‍ഡ് അത് പരിശോധിച്ച് ഉചിതമായ ഉത്തരവ് സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം.

ഈ ഫയല്‍ റവന്യൂമന്ത്രി അടക്കം കണ്ടാണ് ഹൗസിങ് ബോര്‍ഡിലേക്ക് ഔദ്യോഗികമായി എത്തിയിട്ടുള്ളത്. നിലവിലെ രാജ്യസഭാ എംപി സുനീര്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനായിരിക്കുമ്പോഴാണ് ജി. മഹേഷ്‌കുമാറിനെതിരേ പരാതി ഉയര്‍ന്നത്. ശക്തമായ നടപടി എടുക്കാനുള്ള സുനീറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം മഹേഷ് സസ്പെന്‍ഷനിലായി. പിന്നാലെ നിര്‍ബന്ധിത വിരമിക്കലും ഉണ്ടായി. തുടര്‍ന്ന് വന്ന ചെയര്‍മാന്‍ ടി.വി. ബാലന്‍ മഹേഷിന്റെ അപ്പീല്‍ തള്ളി. ഇതിന് ശേഷം മഹേഷ് സിഎംഓ പോര്‍ട്ടലില്‍ പരാതി നല്‍കി. വീണ്ടും ബോര്‍ഡ് കൂടി തീരുമാനം പരിശോധിക്കുന്നതിനുള്ള വിധി അവിടെ നിന്നുണ്ടായി. സിപിഐ നേതാക്കളാണ് ഇയാള്‍ക്ക് വേണ്ടി ചരട് വലിക്കുന്നത് എന്നാണ് ആരോപണം.

ഇയാളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നതും സിപിഐക്കാരിക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. പരാതിക്കാരിക്കൊപ്പം നില്‍ക്കേണ്ട സിപിഐ നേതൃത്വം വേട്ടക്കാരനൊപ്പമാണ് എന്നതാണ് ആക്ഷേപം.

Tags:    

Similar News