ഇറാനെതിരെ ആണവാക്രമണമോ? ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ അന്ത്യശാസനം! അമേരിക്ക ഇതുവരെ പ്രയോഗിക്കാത്ത ആയുധം തൊടുക്കുമെന്ന് ജെ.ഡി.വാന്‍സ്; കാലത്തിന് പോലും അവസാനിപ്പിക്കാന്‍ കഴിയാത്ത ഒന്നിനെ ഒരു ഭ്രാന്തന്റെ ഭീഷണികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇറാന്‍; യുഎസ് പ്രസിഡന്റിന് ആണവാക്രമണത്തിന് ഉത്തരവിടാന്‍ കഴിയുമോ?

ഇറാനെതിരെ ആണവാക്രമണമോ?

Update: 2026-04-07 16:28 GMT

വാഷിങ്ടണ്‍/ ടെഹ്‌റാന്‍: ഇറാനെ മുച്ചൂടും നശിപ്പിക്കുമെന്ന ഡോണള്‍ഡ് ച്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്ക ആണവാക്രമണം നടത്തുമെന്ന ആശങ്ക ഉയര്‍ന്നു. വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ ചൂടന്‍ പ്രസ്താവന കൂടി വന്നതോടെ, കാര്യങ്ങള്‍ വഷളാകുകയും, വൈറ്റ്ഹൗസിന് നിഷേധ പ്രസ്താവന ഇറക്കേണ്ടി വരികയും ചെയ്തു.

ഇറാന്‍ കരാറിന് തയ്യാറായില്ലെങ്കില്‍ 'മുഴുവന്‍ നാഗരികതയും ഇന്ന് രാത്രിയോടെ അവസാനിക്കും' എന്ന ഡോണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ആണവാക്രമണ ഭീതി ഉയര്‍ത്തിയത. ട്രംപ് നല്‍കിയ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ചൊവ്വാഴ്ച ഇറാന്റെ പ്രധാന എണ്ണ ഹബ്ബായ ഖാര്‍ഗ് ദ്വീപിന് (Kharg Island) നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ കടുത്ത മുന്നറിയിപ്പ് വന്നത്.

ട്രംപിന്റെ പോസ്റ്റിന് തൊട്ടുപിന്നാലെ, ഭീഷണി ആവര്‍ത്തിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് രംഗത്തെത്തി. അമേരിക്ക ഇതുവരെ 'ഉപയോഗിക്കാത്ത ഒരു ആയുധം' (tool it has never used before) പ്രയോഗിച്ചേക്കുമെന്നായിരുന്നു വാന്‍സിന്റെ മുന്നറിയിപ്പ്. വാന്‍സ് സൂചിപ്പിച്ചത് ആണവായുധത്തെക്കുറിച്ചാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നതോടെ, വൈറ്റ് ഹൗസിന് വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തേണ്ടി വന്നു.

ഇറാനെതിരെ ആണവാക്രമണമോ? 

ചൊവ്വാഴ്ച ട്രൂത്ത് സോഷ്യലിലൂടെ ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച കുറിപ്പ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 'ഒരു മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കും, ഒരിക്കലും തിരിച്ചു കൊണ്ടുവരാന്‍ കഴിയാത്ത വിധം. അത് സംഭവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാം,' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ആണവാക്രമണത്തിന് സൂചന നല്‍കി ജെ.ഡി. വാന്‍സ്?

ചൊവ്വാഴ്ച വൈകുന്നേരം ബുഡാപെസ്റ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇതേ ഭീഷണി ആവര്‍ത്തിച്ചു. ട്രംപിന്റെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് ഇറാനില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ വാന്‍സ്, ഇറാന്‍ 'ശരിയായ തീരുമാനമെടുക്കുന്നതില്‍' പരാജയപ്പെട്ടാല്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത 'ആയുധങ്ങള്‍' പ്രയോഗിക്കാന്‍ ട്രംപ് തീരുമാനിച്ചേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.


'നമ്മുടെ പക്കല്‍ ഇതുവരെ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ ഉണ്ടെന്ന് അവര്‍ അറിയണം. ഇറാന്‍ അവരുടെ നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റിന് അവ ഉപയോഗിക്കാന്‍ തീരുമാനിക്കാം, അദ്ദേഹം അത് ചെയ്യുകയും ചെയ്യും,'വാന്‍സ് പറഞ്ഞു. 'ഒരു രാത്രികൊണ്ട് രാജ്യം മുഴുവന്‍ ഇല്ലാതാക്കാന്‍ കഴിയും' എന്ന് തിങ്കളാഴ്ചയും ട്രംപ് പറഞ്ഞിരുന്നു.

ഇറാനെതിരെ ട്രംപ് ആണവായുധം പ്രയോഗിക്കുമോ?

പ്രസിഡന്റ് ഇറാനെതിരെ ആണവാക്രമണത്തിന് ഉത്തരവിട്ടേക്കുമെന്ന് ട്രംപിന്റെ നിലവിലെയും മുന്‍പത്തെയും ഉപദേശക സമിതികളില്‍ ആശങ്ക വര്‍ദ്ധിക്കുന്നതായി 'ദി ഗാര്‍ഡിയന്‍' (The Guardian) റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലും വലിയ തോതിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്:

ഓവന്‍ ജോണ്‍സ് (ബ്രിട്ടീഷ് എഴുത്തുകാരന്‍): 'ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് വ്യക്തമായി ഭീഷണിപ്പെടുത്തുകയാണ്. മനുഷ്യരാശിക്ക് ഒരിക്കലും കരകയറാന്‍ കഴിയാത്ത ഒരു ദുരന്തം തടയാന്‍ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം.'

കീത്ത് എഡ്വേര്‍ഡ്‌സ് (യൂട്യൂബര്‍): 'ട്രംപ് ഒരു ആണവായുധം പ്രയോഗിക്കാന്‍ പോകുകയാണ്.'

മറ്റൊരു സോഷ്യല്‍ മീഡിയ ഉപയോക്താവ്: 'ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന് ജെ.ഡി. വാന്‍സ് ഭീഷണിപ്പെടുത്തി. ട്രംപിന് മാത്രമേ ഇതിന് അനുമതി നല്‍കാന്‍ കഴിയൂ. ഇത് ഒരു ടാക്റ്റിക്കല്‍ ആണവായുധമായിരിക്കുമോ?'

എക്‌സ് (X) ഉപയോക്താവ്: 'ഒരു രാത്രികൊണ്ട് ഒരു രാജ്യത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ ആണവായുധങ്ങള്‍ക്കൊണ്ടല്ലാതെ മറ്റൊന്നിനും കഴിയില്ല. ട്രംപ് ആണവാക്രമണ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്.'

വൈറ്റ് ഹൗസ് പറഞ്ഞത്

ഇറാനിലെ സൈനിക നടപടികളെക്കുറിച്ച് ജെ.ഡി. വാന്‍സ് നടത്തിയ പരാമര്‍ശങ്ങളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ യുഎസ് ആണവാക്രമണത്തെക്കുറിച്ച് യാതൊരു സൂചനയും ഇല്ലെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസ് നിഷേധിച്ചു. 'വൈസ് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങളില്‍ ഒന്നുപോലും ഇത്തരമൊരു കാര്യം അര്‍ത്ഥമാക്കുന്നില്ല, വിഡ്ഢികളാകാതിരിക്കൂ.'

'ജെ.ഡി. വാന്‍സ് ട്രംപിന്റെ പോസ്റ്റ് ആവര്‍ത്തിക്കുന്നു, ഇന്ന് രാത്രി ഒരു നാഗരികത മുഴുവന്‍ മരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു, ട്രംപ് ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കാം എന്ന് സൂചിപ്പിക്കുന്നു' എന്ന കുറിപ്പിനാണ് വൈറ്റ് ഹൗസിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ് മറുപടി നല്‍കിയത്.

അമേരിക്കന്‍ പ്രസിഡന്റിന് ആണവാക്രമണത്തിന് ഉത്തരവിടാന്‍ കഴിയുമോ?

അമേരിക്കന്‍ ഭരണഘടനയനുസരിച്ച്, ആണവാക്രമണത്തിന് ഉത്തരവിടാനുള്ള ഏക അധികാരം പ്രസിഡന്റിനാണ്. ഇതിനായി, സാധാരണയായി പ്രതിരോധ സെക്രട്ടറിയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന നാഷണല്‍ മിലിട്ടറി കമാന്‍ഡ് സെന്ററുമായി പ്രസിഡന്റ് സുരക്ഷിതമായ ഒരു ഫോണ്‍ കോള്‍ നടത്തും. സാഹചര്യത്തിനനുസരിച്ച് ആ സമയത്ത് ലഭ്യമായ ഉദ്യോഗസ്ഥരെ ഇതില്‍ ഉള്‍പ്പെടുത്തും.

പ്രസിഡന്റിനൊപ്പം എപ്പോഴും കാണപ്പെടുന്ന സൈനിക സഹായിയുടെ പക്കലുള്ള 'ന്യൂക്ലിയര്‍ ഫുട്‌ബോള്‍' (Nuclear Football) എന്ന ബ്രീഫ്കേസ് തുടര്‍ന്ന് തുറക്കും. ഇതില്‍ ആക്രമണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങളും പ്രസിഡന്റിന്റെ ഐഡന്റിറ്റിയും അധികാരവും ഉറപ്പാക്കുന്നതിനുള്ള രഹസ്യ കോഡുകളും അടങ്ങിയിരിക്കുന്നു.

പ്രസിഡന്റിന്റെ ഈ അമിതാധികാരത്തിന്മേല്‍ വരാവുന്ന ഒരേയൊരു തടസ്സം, കമാന്‍ഡ് ശൃംഖലയിലുള്ള ആരെങ്കിലും ഈ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി അത് നടപ്പിലാക്കാന്‍ വിസമ്മതിക്കുക എന്നത് മാത്രമാണ്.

 ഇറാന്‍ മുട്ടുമടക്കില്ലെന്ന് വൈസ് പ്രസിഡന്റ്

ഇറാനിയന്‍ നാഗരികതയെ ഇന്ന് രാത്രിയോടെ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി ഇറാന്റെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് രംഗത്തെത്തി. ശത്രുക്കളുടെ 'ഭീമമായ വിഭ്രാന്തികളെ' ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിജീവിച്ച ചരിത്രമാണ് ഇറാന്റെ നാഗരികതയ്ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ഭീഷണികള്‍ കണ്ട് ഇറാന്‍ ഭയപ്പെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'ശത്രുവിന്റെ ക്രൂരതയ്ക്കുള്ള ഞങ്ങളുടെ മറുപടി, ഇറാനിയന്‍ ജനതയുടെ ആന്തരിക കരുത്തില്‍ വിശ്വസിച്ച് ഉറച്ചുനില്‍ക്കുക എന്നതാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, ഇറാന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായ ഖാര്‍ഗ് ദ്വീപിന് (Kharg Island) നേരെ ഒന്നിലധികം ആക്രമണങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന ഹബ്ബാണിത്.

നേരത്തെ അമേരിക്ക ഇവിടെ ബോംബാക്രമണം നടത്തിയിരുന്നുവെങ്കിലും, ഇറാന്റെ എണ്ണ പശ്ചാത്തല സൗകര്യങ്ങളെ താന്‍ ലക്ഷ്യം വെക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇറാന്റെ എണ്ണയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ദ്വീപ് പിടിച്ചെടുക്കുമെന്ന് പലതവണ അദ്ദേഹം ഭീഷണി മുഴക്കിയിട്ടുമുണ്ട്.

തുര്‍ക്കിയിലെ ഇറാനിയന്‍ എംബസി എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

ഒരു 'ഭ്രാന്തന്റെ ഭീഷണി' കൊണ്ട് കാലത്തിന് പോലും ഇല്ലാതാക്കാന്‍ കഴിയാത്ത ഒന്നൊടുങ്ങില്ല എന്ന് എംബസി വ്യക്തമാക്കി.

'അലക്‌സാണ്ടര്‍ ഇതിനെ ചുട്ടെരിച്ചു. മംഗോളിയര്‍ തകര്‍ത്തെറിഞ്ഞു. ചരിത്രം ഇതിനെ പരീക്ഷിച്ചു. പക്ഷേ ഇറാന്‍ ഇപ്പോഴും ഇവിടെയുണ്ട്. കാലത്തിന് പോലും അവസാനിപ്പിക്കാന്‍ കഴിയാത്ത ഒന്നിനെ ഒരു ഭ്രാന്തന്റെ ഭീഷണികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ല.'

Tags:    

Similar News