യു.ഡി.എഫ് വന്നാല്‍ കെ.സി. മുഖ്യമന്ത്രി? മത്സരിക്കാന്‍ ലീഗ് കോട്ടയായ കൊണ്ടോട്ടി; എ.കെ ആന്റണി മോഡല്‍ നീക്കവുമായി 'കെ.സി ക്യാമ്പ്'; വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഹൈക്കമാണ്ട് നിര്‍ദ്ദേശിച്ചാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ലീഗും തയ്യാറാകും; ഇരിക്കൂറിലെ 'ഗ്രൂപ്പ് കളികള്‍' തിരിച്ചറിഞ്ഞ് നീക്കങ്ങള്‍; വേണുഗോപാലിനെ വെട്ടാന്‍ വിഡിക്കും ചെന്നിത്തലയ്ക്കും കഴിയുമോ?

Update: 2026-04-14 08:34 GMT

തിരുവനന്തപുരം:  നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ എത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം സജീവമാക്കി. നിലവില്‍ എം.എല്‍.എ അല്ലാത്ത കെ.സി മുഖ്യമന്ത്രി പദമേറ്റെടുത്താല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മുസ്ലീം ലീഗിന്റെ അടിയുറച്ച കോട്ടകളിലൊന്നായ കൊണ്ടോട്ടി മണ്ഡലം ഉറപ്പിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നതാണ് വസ്തുത.

ഉപതിരഞ്ഞെടുപ്പില്‍ യാതൊരുവിധ രാഷ്ട്രീയ അട്ടിമറികളും സംഭവിക്കാത്ത സുരക്ഷിത മണ്ഡലം വേണമെന്ന കെ.സി പക്ഷത്തിന്റെ താല്‍പ്പര്യമാണ് കൊണ്ടോട്ടിയിലേക്ക് നീളുന്നത്. മുന്‍പ് എ.കെ ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ ലീഗ് കോട്ടയില്‍ മത്സരിച്ച് വിജയിച്ചതിന് സമാനമായ ഒരു നീക്കമാണ് ഇവിടെയും ലക്ഷ്യമിടുന്നത്. കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റെ സുരക്ഷിത താവളമാണെങ്കിലും അവിടെ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരുകളും പ്രാദേശിക എതിര്‍പ്പുകളും കെ.സി ക്യാമ്പ് ഭയക്കുന്നു. എന്നാല്‍ കൊണ്ടോട്ടിയില്‍ അത്തരം വെല്ലുവിളികളില്ലാത്തതും മുസ്ലീം ലീഗ് നേതൃത്വവുമായി കെ.സിക്കുള്ള അടുത്ത ബന്ധവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

കെ.സി വേണുഗോപാലിന് വേണ്ടി സീറ്റ് വിട്ടുനല്‍കുന്ന കാര്യത്തില്‍ ലീഗ് നേതൃത്വവുമായി കെ.സി അനുകൂലികള്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ കെ.സി കേരള മുഖ്യമന്ത്രിയാകുന്നതിനോട് ലീഗിന് വിയോജിപ്പുണ്ടാകില്ലെന്നാണ് സൂചന. ഉപതിരഞ്ഞെടുപ്പില്‍ കെ.സിയെ മത്സരിപ്പിക്കുന്നതിലൂടെ യു.ഡി.എഫിനുള്ളിലെ ഐക്യം കൂടുതല്‍ ശക്തമാകുമെന്നും ലീഗ് കരുതുന്നു.

മുഖ്യമന്ത്രി പദത്തിനായി കെ.സി വേണുഗോപാല്‍ കരുനീക്കം നടത്തുമ്പോള്‍ വി.ഡി സതീശനും രമേശ് ചെന്നിത്തലയും പിന്‍വാങ്ങാന്‍ തയ്യാറല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് വി.ഡി സതീശന്‍ മുഖ്യമന്ത്രി കസേരയ്ക്കായി സജീവമായുണ്ട്. സതീശന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ കെ.സി ക്യാമ്പ് പ്രത്യേകം ശ്രദ്ധിക്കുന്നു. അതേസമയം, മുതിര്‍ന്ന നേതാവായ ചെന്നിത്തലയ്ക്കും ഇത്തവണ മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. ഈ ഗ്രൂപ്പ് യുദ്ധങ്ങള്‍ക്കിടയിലാണ് ലീഗ് കോട്ടയിലെ സുരക്ഷിത സീറ്റ് എന്ന തന്ത്രം കെ.സി പക്ഷം പുറത്തെടുക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാണ്ട് പിന്തുണ കെസിയ്ക്ക് അനുകൂലമായി മാറിയേക്കും.

മുസ്ലീം ലീഗിന്റെ അടിയുറച്ച കോട്ടയായ കൊണ്ടോട്ടിയില്‍ ഇത്തവണയും വന്‍ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ടി.വി ഇബ്രാഹിം പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയ മണ്ഡലമാണിത്. ഇത്തവണ ടി.പി അഷറഫ് അലിയിലൂടെ 25,000-ത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. ഈ ആത്മവിശ്വാസമാണ് കെ.സിയെ കൊണ്ടോട്ടിയിലേക്ക് ആകര്‍ഷിക്കുന്നത്.

കെ.സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്തുന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. മുസ്ലിം ലീഗിന്റെ അടിയുറച്ച കോട്ടയായ കൊണ്ടോട്ടിയില്‍ ഇത്തവണയും നിയമസഭാതിരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. കഴിഞ്ഞ രണ്ടുതവണയെ അപേക്ഷിച്ച് മുന്നണിക്കുള്ളിലോ പാര്‍ട്ടിക്കുള്ളിലോ കാര്യമായ അന്തഃഛിദ്രങ്ങളോ പടലപ്പിണക്കമോ ഇല്ലാതെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നും ജയവും ആവേശംകൂട്ടി.

മണ്ഡലത്തിനകത്തുനിന്നൊരു സ്ഥാനാര്‍ഥിയോ നിലവിലെ എം.എല്‍.എ. ടി.വി. ഇബ്രാഹിമിന് ഒരവസരമോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. ക്യാമ്പ്. അപ്രതീക്ഷിതമായാണ് ടി.പി. അഷ്റഫ് അലി സ്ഥാനാര്‍ഥിയായത്. പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇത് നിഴലിച്ചിരുന്നെങ്കിലും അവസാനമായപ്പോഴേക്കും നാട് സ്ഥാനാര്‍ഥിയെ ഏറ്റെടുത്തു. 2016-ല്‍ ടി.വി. ഇബ്രാഹിം ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥി കെ.പി. ബീരാന്‍കുട്ടിയെ 10,654 വോട്ടിനും 21-ല്‍ കെ.പി. സുലൈമാന്‍ ഹാജിയെ 17,666 വോട്ടിനുമാണ് പരാജയപ്പെടുത്തിയത്. ഇത്തവണ 25,000-ത്തിനു മുകളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നാണ് യു.ഡി.എഫ്. ക്യാമ്പ് പ്രതീക്ഷിക്കുന്നത്. ഈ സീറ്റാണ് കെസി കണ്ണു വയ്ക്കുന്നത്.

Tags:    

Similar News