കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: പ്രായരേഖകളില്‍ വന്‍ അട്ടിമറി? കേരളാ പോലീസും അട്ടിമറി സംശയത്തില്‍; ആശുപത്രി രേഖകള്‍ നല്‍കുന്നത് പോക്‌സോ കേസ് സാധ്യത; മധ്യപ്രദേശിലേക്ക് പോകാന്‍ കേരളാ പോലീസും; ദുരൂഹതയൊഴിയാതെ അരുമാനൂര്‍ കല്യാണ വിവാദം; 'ഒളിച്ചോട്ടത്തിന്' പിന്നില്‍ അരവിന്ദ് കുമാര്‍ ജോഷി!

Update: 2026-04-14 05:34 GMT

തിരുവനന്തപുരം: മഹാകുംഭമേളയിലൂടെ രാജ്യശ്രദ്ധ നേടിയ ഉത്തര്‍പ്രദേശ് സ്വദേശിനി മോണാലിസയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആശുപത്രി രേഖകള്‍ പുറത്തുവന്നതോടെ, വിവാഹം നിയമവിധേയമാണെന്ന വാദമുയര്‍ത്തിയ കേരളാ പോലീസ് പ്രതിരോധത്തിലായി. വിവാഹത്തിനായി സമര്‍പ്പിച്ച രേഖകള്‍ ഒറിജിനലാണെങ്കിലും അവ തയാറാക്കാന്‍ നല്‍കിയ വിവരങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണസംഘം.

പെണ്‍കുട്ടി ജനിച്ച ആശുപത്രിയിലെ രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30 ആണ് ജനനത്തീയതി. ഇതനുസരിച്ച് വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ. എന്നാല്‍, 2025 ജൂണില്‍ ലഭ്യമാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പ്രായം 18 കടന്നിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ആധാര്‍, പാന്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത്. ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയത് ലഭ്യമാക്കിയിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ പുതിയ വാദം. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം മറച്ചുവെക്കാന്‍ രേഖകള്‍ ബോധപൂര്‍വം തിരുത്തിയതാണോ എന്നതില്‍ ദുരൂഹതയേറുകയാണ്.

വിവാഹത്തിനായി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന മധ്യപ്രദേശ് പോലീസിന്റെയും ദേശീയ പട്ടികജാതി കമ്മീഷന്റെയും കണ്ടെത്തല്‍ കേരളാ പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. വിവാഹ റജിസ്ട്രേഷനായി പൂവാര്‍ പഞ്ചായത്തില്‍ നല്‍കിയ രേഖകളില്‍ പിഴവില്ലെന്ന നിലപാടിലാണ് റൂറല്‍ പോലീസ്. എങ്കിലും, ഈ രേഖകളുടെ ഉറവിടം കണ്ടെത്താന്‍ മധ്യപ്രദേശില്‍ നേരിട്ടെത്തി അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം റൂറല്‍ എസ്.പി. ജുവ്വനപ്പുഡി മഹേഷ് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

വിവാഹത്തിന് സാക്ഷികളായി സി.പി.എം. നേതാക്കള്‍ പങ്കെടുത്തത് വിഷയത്തിന് രാഷ്ട്രീയമാനം നല്‍കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം, പോക്സോ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മെയ് 20 വരെ നീട്ടിയിട്ടുണ്ട്.

കുംഭമേള പെണ്‍കുട്ടി ഒളിച്ചോടിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞു. ഫര്‍മാനുമായി രൂപസാദൃശ്യമുള്ള അരവിന്ദ് കുമാര്‍ ജോഷി എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ ചെയ്ത പ്രകടനമായിരുന്നു ഇത്. മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

രേഖകളിലെ വൈരുദ്ധ്യവും പോലീസിന്റെ ഒളിച്ചുകളിയും അരുമാനൂരിലെ വിവാദങ്ങള്‍ക്ക് വരുംദിവസങ്ങളില്‍ കൂടുതല്‍ ചൂടുപകരുമെന്ന് ഉറപ്പാണ്.

Tags:    

Similar News