നക്‌സലുകള്‍ ഒഴിഞ്ഞതോടെ അലന്‍ ഒറ്റപ്പെട്ടു; സോഷ്യല്‍ മീഡിയയിലൂടെ കഞ്ചാവ് വിപണനം; നക്‌സല്‍ കോട്ടയിലെ ലഹരി സാമ്രാജ്യം തകര്‍ന്ന് ഒഡീഷയില്‍ വീണത് കേരളത്തിലെ 'ഹാഷിഷ് ഓയില്‍ രാജാവ്' അലന്‍ പൊന്നു; ലഹരിപ്പണം ഒഴുകിയത് നന്തന്‍കോട്ടേക്ക്; ഇനി കേരളത്തില്‍ എത്തിക്കാന്‍ നിയമനടപടികള്‍; ലഹരി രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍ സത്യം പറയുമോ?
തിരുവനന്തപുരം: അപ്രമാദിത്വം നടിച്ച് പതിറ്റാണ്ടുകളോളം നക്‌സലുകള്‍ അടക്കിവാണിരുന്ന ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ ലഹരി തോട്ടങ്ങള്‍ ഇന്ന് പൊലീസ് നിയന്ത്രണത്തിലാണ്. കേന്ദ്രസേനയുടെയും ഒഡീഷ പൊലീസിന്റെയും നേതൃത്വത്തില്‍ നടന്ന നിര്‍ണ്ണായകമായ നക്‌സല്‍ വിരുദ്ധ ഓപ്പറേഷനുകളാണ് ലഹരി മാഫിയയുടെ നട്ടെല്ലൊടിച്ചത്. കഞ്ചാവ് തോട്ടങ്ങള്‍ക്കും ലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ക്കും കാവല്‍ നില്‍ക്കാന്‍ നക്‌സലുകള്‍ ഇല്ലാതായതോടെ, ലഹരി രാജാവായി വിലസിയ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അലന്‍ ജയരാജ് എന്ന അലന്‍ പൊന്നു ഒടുവില്‍ നിയമത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. കേരളത്തിലെ കേസുകളില്‍ ഇനി വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിന് വേണ്ടി അലനെ കേരളത്തിലെത്തിക്കാന്‍ നീക്കം തുടങ്ങി.
ഒഡീഷയിലെ കോറാപുട്ടിലെ ആള്‍താമസില്ലാത്ത തുരുത്തുകളായിരുന്നു അലന്റെ പ്രധാന കേന്ദ്രം. പോലീസിനോ എക്‌സൈസിനോ കടന്നുചെല്ലാന്‍ ഭയമായിരുന്ന ഈ മേഖലയില്‍ നക്‌സലുകളുടെ സംരക്ഷണയിലായിരുന്നു ഇത്രയും കാലം ലഹരി സംസ്‌കരണം നടന്നിരുന്നത്. എന്നാല്‍, ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീനം തുടച്ചുനീക്കാനുള്ള കേന്ദ്ര ഓപ്പറേഷന്‍ വിജയിച്ചതോടെ ദ്വീപുകളില്‍ കാവല്‍ നില്‍ക്കാന്‍ നക്‌സലുകളെ കിട്ടാതായി. സംരക്ഷകര്‍ ഇല്ലാതായതോടെ ഒറ്റപ്പെട്ട അലനും കൂട്ടാളികളും ഒടുവില്‍ ഒഡീഷ പൊലീസിന്റെ വലയിലാവുകയായിരുന്നു.
ഒഡീഷ കണ്ട ഏറ്റവും വലിയ ലഹരി വേട്ടയാണിത്. 300 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലും ആയിരം കിലോയോളം കഞ്ചാവുമാണ് അലന്റെ താവളത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഒഡീഷയിലെ വിജനമായ ദ്വീപുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയായിരുന്നു കഞ്ചാവില്‍ നിന്നും ഹാഷിഷ് ഓയില്‍ വേര്‍തിരിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരണ്‍, ബിത്തു എന്നിവരും അലനൊപ്പം അറസ്റ്റിലായതോടെ ദക്ഷിണേന്ത്യയിലെ വലിയൊരു ലഹരി സിന്‍ഡിക്കേറ്റാണ് തകര്‍ക്കപ്പെട്ടത്.
കേരളത്തിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ അലന്‍ ഉപയോഗിച്ചിരുന്നത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായിരുന്നു. ഇന്‍സ്റ്റാഗ്രാമിലും മറ്റും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തന്റെ കഞ്ചാവ് തോട്ടങ്ങളുടെയും ലഹരി പാക്കറ്റുകളുടെയും ദൃശ്യങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് കണ്ടാണ് വന്‍കിട ഏജന്റുമാരും ലഹരിക്ക് അടിമകളായ യുവാക്കളും ഇയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേരള പൊലീസ് നടത്തിയ നിരീക്ഷണമാണ് ഒടുവില്‍ അലന്റെ ഒളിത്താവളം കണ്ടെത്താന്‍ സഹായകമായത്.
നന്തന്‍കോട്ടെ ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായിരുന്നു അലന്‍ ജയരാജ്. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ആഗ്രഹം ഇയാളെ ലഹരി ലോകത്തെത്തിച്ചു. ശാസ്തമംഗലത്ത് ടാറ്റൂ സ്റ്റുഡിയോ തുടങ്ങിയായിരുന്നു തുടക്കം. ടാറ്റൂ അടിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ സൗഹൃദം നടിച്ച് മയക്കുമരുന്നിന് അടിമകളാക്കി തന്റെ കച്ചവടത്തിന്റെ കണ്ണികളാക്കി മാറ്റുന്നതില്‍ അലന്‍ വിജയിച്ചു. പടിപടിയായാണ് ഇയാള്‍ കേരളത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വിതരണക്കാരനായി മാറിയത്.
തിരുവനന്തപുരത്തെ കുപ്രസിദ്ധമായ 'കണ്ണാടി ഷാജി' വധക്കേസിലെ പ്രതിയായിരുന്നു അലന്‍. ഷാജിയെ എതിര്‍സംഘമായ അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിന് ഒറ്റിക്കൊടുത്തത് അലനാണെന്ന ആരോപണം അന്നുണ്ടായിരുന്നു. ഈ കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടെങ്കിലും ഷാജിയുടെ അനുയായികള്‍ വകവരുത്തുമെന്ന ഭീതിയിലാണ് അലന്‍ കേരളം വിട്ടത്. പിന്നീട് ഇയാള്‍ ബംഗളൂരു കേന്ദ്രീകരിച്ച് ലഹരി ശൃംഖല വ്യാപിപ്പിക്കുകയും ഒടുവില്‍ ഒഡീഷയിലെ നക്‌സല്‍ മേഖലയില്‍ അഭയം പ്രാപിക്കുകയുമായിരുന്നു.
ബംഗളൂരുവിലെ ഗോഡൗണുകളിലും ഫ്ളാറ്റുകളിലുമായിരുന്നു ഒഡീഷയില്‍ നിന്ന് കൊണ്ടുവരുന്ന ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. അവിടെ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ചെറിയ പാക്കറ്റുകളായി ഇവ എത്തിച്ചിരുന്നത്. വാടകയ്ക്ക് എടുത്ത ആഡംബര വാഹനങ്ങളാണ് മരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്നത്. തമിഴ്നാട് അതിര്‍ത്തിയില്‍ നിന്ന് പൈലറ്റ് വാഹനങ്ങളുടെ സഹായത്തോടെയാണ് ഓരോ ലഹരി ലോഡും കേരളത്തിലേക്ക് പ്രവേശിച്ചിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തിരുവനന്തപുരം പാപ്പനംകോട്ട് നിര്‍ത്തിയിട്ട കാറില്‍ നിന്ന് 325 കിലോ കഞ്ചാവ് പിടികൂടിയത് നിര്‍ണ്ണായകമാണ്. ഡാന്‍സാഫ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ പ്രതികള്‍ക്ക് അലനുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഒഡീഷയിലെ ലഹരി ഫാക്ടറിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഉടന്‍ തന്നെ കേരള പോലീസ് ഈ വിവരങ്ങള്‍ ഒഡീഷ പോലീസിന് കൈമാറുകയായിരുന്നു.
പരിശോധനകള്‍ ഒഴിവാക്കാന്‍ പ്രധാനമായും തീരദേശ റോഡുകളാണ് അലന്റെ സംഘം ഉപയോഗിച്ചിരുന്നത്. കന്യാകുമാരി-നഗര്‍കോവില്‍ വഴി കേരളത്തിലേക്ക് കടക്കുന്ന ഇവര്‍ പലപ്പോഴും മീന്‍ വണ്ടികളിലും മറ്റും രഹസ്യ അറകള്‍ ഉണ്ടാക്കി ലഹരി കടത്തിയിരുന്നു. പിടിയിലായ വാഹനങ്ങള്‍ പലതവണ അതിര്‍ത്തി കടന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലഹരി വിപണിയുടെ 70 ശതമാനവും അലന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് സൂചന.
ലഹരി കച്ചവടത്തിലൂടെ ലഭിച്ചിരുന്ന കോടിക്കണക്കിന് രൂപ അലന്‍ തന്റെ ബന്ധുക്കള്‍ വഴിയും സുഹൃത്തുക്കള്‍ വഴിയുമാണ് വെളുപ്പിച്ചിരുന്നത്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഇയാള്‍ പണം നിക്ഷേപിച്ചതായി സംശയമുണ്ട്. അലന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയേക്കും. താന്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം ബിനാമി പേരുകളിലായിരുന്നു ഇയാള്‍ സൂക്ഷിച്ചിരുന്നത്.
ഒഡീഷയില്‍ റിമാന്‍ഡിലുള്ള അലനെ കേരളത്തിലെത്തിക്കാന്‍ പോലീസ് നീക്കം ഊര്‍ജിതമാക്കി. പാപ്പനംകോട് കേസിന് പുറമെ, പഴയ ലഹരി കേസുകളിലും അലനെ പ്രതി ചേര്‍ക്കാനാണ് തീരുമാനം. ഇതിനായി കോടതിയില്‍ നിന്ന് പ്രൊഡക്ഷന്‍ വാറന്റ് വാങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലെ ലഹരി മാഫിയയുടെ കൂടുതല്‍ കണ്ണികളെ കുടുക്കാന്‍ സാധിക്കൂ.
കേരളത്തിലെ രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് അലനുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ലഹരി മരുന്നിന്റെ മൊത്തക്കച്ചവടക്കാരനായ അലന്‍, കേരളത്തിലെ പല വമ്പന്മാരുടെയും രഹസ്യങ്ങളുടെ കാവല്‍ക്കാരനാണ്. അലനെ ചോദ്യം ചെയ്യുന്നതോടെ തലസ്ഥാനത്തെ ലഹരി സിന്‍ഡിക്കേറ്റിന്റെ വേരുകള്‍ അറുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍.
