അദിനാനെ ചില മോഷണങ്ങളില്‍ സംശയിച്ചു; അദിനാനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് നസ്രിയ; കള്ളത്താക്കോലുമായി പകവീട്ടാനെത്തി; മൂഴിക്കലില്‍ പെണ്‍കുട്ടിയെ കൊന്ന് ബന്ധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; മൂഴിക്കലിനെ ഞെട്ടിച്ച് മരണങ്ങള്‍
കോഴിക്കോട്: മൂഴിക്കലില്‍ പതിനാറുകാരി നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് അദിനാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികാരത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുന്‍പ് ഈ വീട്ടില്‍ താമസിച്ചിരുന്ന അദിനാനെ ചില മോഷണങ്ങളുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ സംശയിച്ചിരുന്നു. അദിനാനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് കൊല്ലപ്പെട്ട നസ്രീനയായിരുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വീടിന്റെ കള്ളത്താക്കോല്‍ കൈവശമുണ്ടായിരുന്ന അദിനാന്‍ ഇത് ഉപയോഗിച്ചാണ് അര്‍ധരാത്രി അകത്തുകടന്നതെന്ന് കരുതുന്നു. കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്ന സമയത്ത് തന്നെ ഇത്രയും വലിയൊരു ക്രൂരത നടന്നത് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. ഇതെല്ലാം സംഭവത്തില്‍ ദുരൂഹമായി തുടരുന്നു.
വീട്ടിലെ ചില മോഷണങ്ങളില്‍ സംശയം ഉയര്‍ന്നതോടെ ആറുമാസം മുന്‍പാണ് അദിനാനെ ഇവിടെ നിന്നും താമസം മാറ്റിയത്. അന്നുണ്ടായ വൈരാഗ്യം ഇയാള്‍ ഉള്ളില്‍ കൊണ്ടുനടന്നിരുന്നു. വീട്ടിലെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ നേരത്തെ തന്നെ കൈവശപ്പെടുത്തിയ ഇയാള്‍, അര്‍ധരാത്രി വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആരുമറിയാതെ അകത്തുകടക്കുകയായിരുന്നു. നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയില്‍ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് സൂചന.
പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 15 കിലോമീറ്റര്‍ അകലെ താമസിക്കുന്ന അദിനാന്‍ എങ്ങനെയാണ് അര്‍ധരാത്രി വീട്ടിലെത്തിയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ബന്ധുക്കളുടെ മൊഴി കൂടി രേഖപ്പെടുത്തിയാലേ സംഭവത്തിലെ പൂര്‍ണ്ണമായ ദുരൂഹത നീങ്ങുകയുള്ളൂ. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.