മൂഴിക്കലില്‍ നടുക്കം: 16-കാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കി; സംഭവം പെണ്‍കുട്ടിയുടെ വീട്ടില്‍; കൊല നടത്തി ആത്മഹത്യ ചെയ്തത് പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനായ അബിനാന്‍; കുടുംബ തര്‍ക്കം അടക്കം അന്വേഷണ പരിധിയില്‍; യുവാവിന്റെ ചരിത്രം ചികഞ്ഞ് പോലീസ്

Update: 2026-04-14 04:27 GMT

കോഴിക്കോട്: ജില്ലയിലെ മൂഴിക്കലില്‍ നാടിനെ നടുക്കിയ ദാരുണ സംഭവം. 16 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരി പുത്രനായ അബിനാന്‍ (24) ആണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ വീടിന്റെ രണ്ടാം നിലയിലാണ് ഇന്ന് പുലര്‍ച്ചയോടെ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അബിനാന്‍ അതേ മുറിയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. രാവിലെ വീട്ടുകാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞ ഉടന്‍ തന്നെ ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കുടുംബങ്ങള്‍ തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നോ അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങളാണോ ഈ കടുംകൈയിലേക്ക് യുവാവിനെ നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വീട്ടുകാരെയും ബന്ധുക്കളെയും വരും മണിക്കൂറുകളില്‍ വിശദമായി ചോദ്യം ചെയ്യും.

നിശബ്ദമായ മൂഴിക്കല്‍ ഗ്രാമത്തെ ഞെട്ടിച്ച ഈ സംഭവത്തില്‍ നടുക്കത്തിലാണ് നാട്ടുകാര്‍. മരിച്ച ഇരുവരും അടുത്ത ബന്ധുക്കളായതിനാല്‍ തന്നെ സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുന്നു. പെണ്‍കുട്ടിയുടെ പഠന കാര്യങ്ങളും യുവാവിന്റെ മുന്‍കാല പശ്ചാത്തലവും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News