വേനല്‍മഴയില്‍ പാടവരമ്പത്ത് പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നെല്ല് സംരക്ഷിക്കാന്‍ ഉറക്കമിളച്ച് കാവലിരിക്കുന്ന കര്‍ഷകന്‍; തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മില്ലുടമകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ അവസരമൊരുക്കുന്നത് ആര്? കൊള്ളയടിച്ച് മില്ലുടമകളും ഉദ്യോഗസ്ഥരും; ഈ കൊയ്ത്തുകാലം അപ്പര്‍ കുട്ടനാടിന് കണ്ണീര്‍ക്കാലം
കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതോടെ നെല്‍ക്കര്‍ഷകരുടെ വിലാപത്തിന് കാതോര്‍ക്കാന്‍ ആരുമില്ലാതായി. തിരഞ്ഞെടുപ്പ് ഗോദയില്‍ കര്‍ഷകക്ഷേമം പ്രസംഗിച്ചവരൊക്കെ തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ മില്ലുടമകളും പാഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് കര്‍ഷകനെ പിഴിയുകയാണ്. ക്വിന്റലിന് പത്തു കിലോ വരെ 'താര' എന്ന പേരില്‍ അനധികൃതമായി തട്ടിയെടുക്കുന്ന 'സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ്' കൊള്ളയാണ് നെല്‍മേഖലയില്‍ അരങ്ങേറുന്നത്.
നെല്ല് സംഭരണത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരും മില്ലുടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധം പാടശേഖരങ്ങളെ കൊലക്കളമാക്കുന്നു. കര്‍ഷകരില്‍ നിന്ന് മില്ലുകാര്‍ ഈടാക്കുന്ന കിഴിവ് നെല്ലിനെക്കുറിച്ച് ഒരിടത്തും രേഖപ്പെടുത്തുന്നില്ല. ഒരു ക്വിന്റലിന് 5 മുതല്‍ 10 കിലോ വരെയാണ് മില്ലുകാര്‍ ആവശ്യപ്പെടുന്ന കിഴിവ്. കേന്ദ്ര നിയമപ്രകാരം 100 കിലോ നെല്ല് സംസ്‌കരിക്കുമ്പോള്‍ 68 കിലോ അരി തിരിച്ചു നല്‍കണം. കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തി ഇത് 64.5 കിലോയായി സര്‍ക്കാര്‍ കുറച്ചു നല്‍കിയിട്ടും മില്ലുകാരുടെ ചൂഷണം തുടരുകയാണ്. ഈ അധിക ലാഭം ആരുടെ പോക്കറ്റിലേക്കാണ് ഒഴുകുന്നതെന്ന് അധികൃതര്‍ മറുപടി പറയുന്നില്ല.
തിരുവാര്‍പ്പ്, അയ്മനം, ചീപ്പുങ്കല്‍ മേഖലകളിലെ പാടശേഖരങ്ങളില്‍ കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും സംഭരണം ഇഴഞ്ഞുനീങ്ങുകയാണ്. മഴ നനഞ്ഞും വെയിലേറ്റും പലയിടത്തും നെല്ല് മുളച്ചുതുടങ്ങി. മില്ലുകാരുടെ കാലുപിടിക്കേണ്ട ഗതികേടിലാണ് അന്നദാതാക്കള്‍. അയ്മനം ചീപ്പുങ്കലില്‍ 23 കിലോ വരെ കിഴിവ് വേണമെന്ന പാഡി മാര്‍ക്കറ്റിംഗ് ഓഫീസറുടെ വിചിത്രമായ വാശി കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ചിരിക്കുന്നു. പതിര് മാറ്റാനായി മണിക്കൂറിന് 2000 രൂപ നല്‍കി പുറത്തുനിന്ന് യന്ത്രമെത്തിച്ച് കര്‍ഷകര്‍ നെല്ല് ശുദ്ധീകരിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ ഗുണനിലവാരമില്ലെന്ന പല്ലവി തുടരുകയാണ്.
വന്‍കിട സ്വകാര്യ മില്ലുകള്‍ നേരിട്ട് ഇടങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ സംഭരണം നടക്കുന്നുണ്ട്. എന്നാല്‍ ചെറുകിട കര്‍ഷകന്റെ നെല്ല് എടുക്കാന്‍ ലോറി എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. സപ്ലൈകോ വഴി നടക്കുന്ന സംഭരണം റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തിലാക്കി സുതാര്യമാക്കണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്നു. നെല്ല് കൊയ്താല്‍ 24 മണിക്കൂറിനകം പരിശോധന പൂര്‍ത്തിയാക്കണമെന്ന നിബന്ധന കാറ്റില്‍ പറന്നു. കൊയ്തു കൂട്ടിയിട്ട് 20 ദിവസമായ ചങ്ങനാശേരിയിലെ പാടശേഖരങ്ങളില്‍ പോലും ക്വാളിറ്റി കണ്‍ട്രോളര്‍മാര്‍ എത്തിയിട്ടില്ല.
വേനല്‍മഴ കനക്കുമ്പോള്‍ പാടവരമ്പത്ത് പ്ലാസ്റ്റിക് ഷീറ്റിനടിയില്‍ നെല്ല് സംരക്ഷിക്കാന്‍ ഉറക്കമിളച്ച് കാവലിരിക്കുകയാണ് കര്‍ഷകന്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണകൂടം മൗനത്തിലായതോടെ മില്ലുടമകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ തുറന്ന അനുവാദമാണ് ലഭിച്ചിരിക്കുന്നത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഈ കൊയ്ത്തുകാലം അപ്പര്‍ കുട്ടനാടിന്റെ കണ്ണീര്‍ക്കാലമായി മാറും.
