വിദ്യാര്‍ത്ഥികളുടെ നിറത്തെയും വണ്ണത്തെയും പരിഹസിക്കുന്നത് ഡോ. റാമിന്റെ വിനോദം; കുട്ടികളെ ബ്ലാക്കിയും വൈറ്റിയും കോക്കറോച്ചും സ്‌കിന്നിയുമാക്കി തരം തിരിച്ചു; 15 വര്‍ഷം അധ്യാപകനായി തുടരുന്നത് മാനേജ്മെന്റിന്റെ വഴിവിട്ട പിന്തുണയോടെ; അഞ്ചരക്കണ്ടിയില്‍ അരങ്ങേറിയത് സമാനതകളില്ലാത്ത സ്റ്റാഫ് റാഗിംഗ്; ഡോ. റാമിനും കൂട്ടാളികള്‍ക്കും പിന്നിലെ യഥാര്‍ത്ഥ 'ഗോഡ് ഫാദര്‍മാര്‍' ആര്?
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍. വിദ്യാര്‍ത്ഥികളെ തല്ലാന്‍ സഹപാഠികളെ ചട്ടംകെട്ടുന്നതും ശരീരപ്രകൃതിയെ ക്രൂരമായി പരിഹസിക്കുന്നതും പതിവാക്കിയ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിനെതിരെ 'സ്റ്റാഫ് റാഗിംഗ്' എന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ കുറ്റവാളികളെ സംരക്ഷിക്കുന്ന കാഴ്ചയാണ് അഞ്ചരക്കണ്ടിയില്‍ കാണുന്നത്. 15 വര്‍ഷം ഒരു ക്യാമ്പസിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഡോ. റാമിനും കൂട്ടാളികള്‍ക്കും പിന്നിലെ യഥാര്‍ത്ഥ 'ഗോഡ്ഫാദര്‍മാര്‍' ആരെന്ന് ഇനിയെങ്കിലും പുറത്തുവരേണ്ടതുണ്ട്.
കര്‍ണാടക സ്വദേശിയായ ഡോ. റാം കഴിഞ്ഞ 15 വര്‍ഷമായി അഞ്ചരക്കണ്ടിയില്‍ അധ്യാപകനായി തുടരുന്നത് മാനേജ്മെന്റിന്റെ വഴിവിട്ട പിന്തുണയോടെയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇത്രയും കാലം ഇയാള്‍ എങ്ങനെ കേരളത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ അപ്രമാദിത്വം തുടര്‍ന്നു എന്നത് ദുരൂഹമാണ്
വിദ്യാര്‍ത്ഥികളുടെ നിറത്തെയും വണ്ണത്തെയും പരിഹസിക്കുന്നത് ഡോ. റാമിന്റെ വിനോദമായിരുന്നു. 'ബ്ലാക്കി', 'വൈറ്റി' തുടങ്ങിയ വിളികള്‍ ഇയാള്‍ ക്ലാസ് മുറികളില്‍ സ്ഥിരമാക്കിയിരുന്നു. നിതിന്‍ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചതും ഇത്തരത്തിലുള്ള മാനസിക പീഡനങ്ങളാണെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു.
വിദ്യാര്‍ത്ഥികളെ 'കോക്രോച്ച്' (പാറ്റ), 'സ്‌കിന്നി' എന്നിങ്ങനെ വിളിച്ച് ആക്ഷേപിച്ചിരുന്നു. ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥിയോട് 'നീയെന്താ ക്യാന്‍സര്‍ പേഷ്യന്റാണോ?' എന്ന് പരസ്യമായി ചോദിച്ച സംഭവം വരെ ഉണ്ടായതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഡോ. റാമിനെതിരെ ഡീനിനും മാനേജ്മെന്റിനും പലതവണ രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പരാതികള്‍ ഫയലില്‍ സ്വീകരിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകാതിരുന്നത് ഇയാള്‍ക്ക് മാനേജ്മെന്റുമായുള്ള അടുത്ത ബന്ധം മൂലമാണെന്ന് പറയപ്പെടുന്നു. പെണ്‍കുട്ടികളെ തല്ലാന്‍ ആണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന വിചിത്രമായ രീതി ഇയാള്‍ക്കുണ്ടായിരുന്നു. അധ്യാപകനെ ഭയന്ന് സഹപാഠിയെ തല്ലേണ്ടി വരുന്ന വിദ്യാര്‍ത്ഥികളുടെ നിസ്സഹായാവസ്ഥ ക്യാമ്പസിനെ ഭീതിയിലാഴ്ത്തിയിരുന്നു.
സംഭവത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും എസ്സി-എസ്ടി പീഡന നിരോധന നിയമപ്രകാരവും കേസെടുത്തതോടെ ഡോ. എം.കെ. റാമും കണ്ണൂര്‍ ഏഴോം സ്വദേശിനിയായ ഡോ. സംഗീത നമ്പ്യാരും ഒളിവില്‍ പോയി. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വിദ്യാര്‍ത്ഥികളുടെ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡോ. റാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, മാനേജ്മെന്റ് ഇടപെട്ട് മാസങ്ങള്‍ക്കകം ഇയാളെ വീണ്ടും അതേ തസ്തികയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഈ 'മടക്കയാത്ര' തന്നെയാണ് നിതിന്‍ രാജിന്റെ മരണത്തിന് വഴിയൊരുക്കിയതും.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിതിന്‍ രാജിനോട് ജാതീയമായ അധിക്ഷേപം നടത്തിയതായും സൂചനയുണ്ട്. പഠനത്തില്‍ മിടുക്കനായിരുന്ന നിതിനെ നിരന്തരം പരിഹസിച്ച് മാനസികമായി തളര്‍ത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കോളേജ് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. സ്റ്റാഫ് റാഗിംഗ് നടന്നിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് കോളേജ് ഇപ്പോഴും ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ കോളേജില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നീതി ലഭിക്കുന്നത് വരെ ക്ലാസുകള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. മരിച്ച നിതിന്‍ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സംഘടനകളും രംഗത്തുണ്ട്.
മലയാളം നന്നായി സംസാരിക്കാന്‍ പോലുമറിയാത്ത ഡോ. റാം, എങ്ങനെയാണ് ഇത്രയും കാലം ഒരു ക്യാമ്പസിനെ തന്റെ മുഷ്ടിയിലൊതുക്കിയതെന്നത് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. പ്രാദേശിക സ്വാധീനം ഇയാള്‍ നേടിയെടുത്തത് എങ്ങനെയെന്നും അന്വേഷണ പരിധിയില്‍ വരും. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തലുകള്‍ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി കര്‍ണാടകയിലും തിരച്ചില്‍ നടത്താനാണ് പോലീസ് നീക്കം. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും യാത്രാ വിവരങ്ങളും നിരീക്ഷിച്ചു വരികയാണ്.
