നോമ്പെടുക്കുന്ന കുട്ടികളെ വെള്ളം കുടിപ്പിക്കും; മറ്റുകുട്ടികളെ കൊണ്ട് വെള്ളം കൊടുപ്പിക്കും; തടയുന്നവരെ തല്ലാന്‍ പ്രേരിപ്പിക്കും; കിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബൈബിളിലെ ചോദ്യങ്ങള്‍ ചോദിച്ച് അപമാനിക്കുന്ന രീതിയും; ഡോ.റാം ഒരു ഗൂണ്ടയെന്ന് നിതിന്‍ രാജിന്റെ സഹോദരി നികിത; പുറത്തുവരുന്നത് കേരളത്തെ ഞെട്ടിക്കുന്ന പീഡനകഥകള്‍!
ഡോ.റാം ഒരു ഗൂണ്ടയെന്ന് നിതിന്‍ രാജിന്റെ സഹോദരി നികിത
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് ഒന്നാം വര്‍ഷ ബി. ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതിക്കൂട്ടിലായ ഡോ. എം.കെ. റാമിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി നിതിന്റെ സഹോദരി നികിത രംഗത്ത്. ഒരു അധ്യാപകനേക്കാള്‍ ഉപരി ഒരു ഗുണ്ടയെപ്പോലെയാണ് ഡോ. റാം വിദ്യാര്‍ത്ഥികളോട് പെരുമാറിയിരുന്നതെന്ന് നികിത ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു.
വര്‍ഗീയ അധിക്ഷേപവും ക്രൂരമായ വിനോദങ്ങളും
ഡോ. റാം മുസ്ലിം വിദ്യാര്‍ത്ഥികളോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്നതായി നികിത ആരോപിക്കുന്നു. റംസാന്‍ കാലത്ത് നോമ്പ് നോല്‍ക്കുന്ന കുട്ടികളെക്കൊണ്ട് നിര്‍ബന്ധിതമായി വെള്ളം കുടിപ്പിക്കുന്നത് ഇയാളുടെ വിനോദമായിരുന്നു. മറ്റ് കുട്ടികളെക്കൊണ്ട് ഇവര്‍ക്ക് വെള്ളം കൊടുപ്പിക്കുകയും ഇത് തടയുന്നവരെ മര്‍ദ്ദിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ ബൈബിളിലെ ചോദ്യങ്ങള്‍ ചോദിച്ച് അപമാനിക്കുന്ന ശൈലിയും ഇയാള്‍ക്കുണ്ടായിരുന്നു.
ജാതി-നിറ അധിക്ഷേപങ്ങള്‍
നിതിന്‍ രാജ് നേരിട്ടത് ക്രൂരമായ മാനസിക പീഡനമാണെന്ന് സഹോദരി വ്യക്തമാക്കുന്നു. 'നീ ട്രാന്‍സ്‌ജെന്‍ഡര്‍ ആണോ?', 'തെരുവുപട്ടിയേക്കാള്‍ കുറഞ്ഞ യോഗ്യതയേ നിനക്കുള്ളൂ' തുടങ്ങിയ അധിക്ഷേപങ്ങള്‍ നിതിന്‍ നേരിട്ടു. കറുത്ത നിറമുള്ള കുട്ടികളെ 'ബ്ലാക്കി' എന്നും മെലിഞ്ഞവരെ 'സ്‌കിന്നി' എന്നും വിളിച്ച് പരിഹസിക്കുന്നത് പതിവായിരുന്നു. പരീക്ഷാ ഉത്തരപേപ്പര്‍ സ്റ്റാഫ് റൂമില്‍ നിന്ന് കൊണ്ടുവന്ന് എല്ലാ കുട്ടികളുടെയും മുന്നില്‍ വെച്ച് ഉറക്കെ വായിച്ച് പരിഹസിക്കുകയും ചിരിക്കാത്ത കുട്ടികളെ അടിക്കുകയും ചെയ്തിരുന്നു.
സര്‍ട്ടിഫിക്കറ്റ് മാഫിയ
കോളേജ് വിട്ടുപോകാന്‍ നിതിന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഡോ. റാമിനെ ഭയന്നാണ് അവിടെ തുടര്‍ന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ ഡോ. റാം കീറിക്കളയുമെന്നും അങ്ങനെയൊന്ന് തന്നിട്ടേയില്ല എന്ന് പറയുമെന്നും നിതിന്‍ ഭയപ്പെട്ടിരുന്നു. മന്ത്രി വീണ ജോര്‍ജിന് പരാതി നല്‍കാന്‍ സഹോദരി നിര്‍ബന്ധിച്ചെങ്കിലും, ഡോ. റാം അറിഞ്ഞാല്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന പേടിയിലായിരുന്നു നിതിന്‍.
പ്രതികള്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
കേസില്‍ ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തതോടെ ഡോ. എം.കെ. റാമും ഡോ. സംഗീത നമ്പ്യാരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
അന്വേഷണം തുടരുന്നു
തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രാഹ്, തഹസില്‍ദാര്‍ എന്നിവര്‍ കോളേജിലെത്തി പ്രിന്‍സിപ്പലില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജറിന്റെ നേതൃത്വത്തിലുള്ള സംഘവും കോളേജിലെത്തി സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി.
നിതിന്റെ മരണശേഷം സഹപാഠികള്‍ ഭയം മൂലം ഒന്നും തുറന്നു പറയാന്‍ തയ്യാറാകുന്നില്ലെന്നും കോളേജിനുള്ളില്‍ അത്രമേല്‍ ഭീകരാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.
കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
അതേസമയം, നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചു ക്‌ളാസുകള്‍ ബഹിഷ്‌കരിച്ചു. വിദ്യാര്‍ത്ഥി സമര പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വിഷു അവധി കാരണമാണ് കോളേജ് അടച്ചതെന്ന് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏപ്രില്‍ 19 ന് വീണ്ടും ക്‌ളാസുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്. എന്നാല്‍, നിതിന്‍ രാജിന്റെ മരണത്തോടെ പരിഭ്രാന്തിയിലാണ് വിദ്യാര്‍ത്ഥികള്‍. ഇതില്‍ ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പഠിപ്പ് നിര്‍ത്താനോ മറ്റു കോളേജിലേക്ക് ടി സി വാങ്ങിപ്പോകാനോ ഒരുങ്ങുകയാണ് ചില വിദ്യാര്‍ത്ഥിനികള്‍.
സഹപാഠിയുടെ അപ്രതീക്ഷിത മരണത്തോടെ പലരും ഷോക്കിലാണ്. രക്ഷിതാക്കള്‍ കഴിഞ്ഞ ദിവസമെത്തിയാണ് പല വിദ്യാര്‍ത്ഥികളെയും ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയത്. ഇതിനിടെ, നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇതില്‍ ഡോ .റാമിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത് ഡോക്ടര്‍ കെ.ടി സംഗീത നമ്പ്യാര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി പെട്ടിട്ടില്ല എന്നാല്‍ എച്ച് ഒഡി മായ റാമിന്റെ അധിക്ഷേപങ്ങളും പീഢനങ്ങളും അറിഞ്ഞിട്ടും സംഗീത നമ്പ്യാര്‍ ഇതിനെതിരെ നിശബ്ദമായി നിന്നു വെന്നാണ് പരാതി. ഡോ.റാമിനെതിരെ വിദ്യാര്‍ത്ഥികള്‍ രേഖാമൂലം നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകാത്തത് ഒത്തുകളിയാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം തിരുവനന്തപുരം എത്തി രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ദന്തല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികള്‍ ആദ്യമേ പ്രതികരിക്കേണ്ടതായിരുന്നു അങ്ങനെയെങ്കില്‍ മകന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാര്‍ഥികള്‍ പുറത്തു വന്ന് കാര്യങ്ങള്‍ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറയണമെന്നും രാജന്‍ പറഞ്ഞു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും രാജന്‍ പ്രതികരിച്ചു. നിതിന്റെ പഠന കാര്യങ്ങള്‍ക്കും വീട്ടിലെ ചിലവുകള്‍ക്കുമായി ആപ്പ് ലോണുകള്‍ എടുത്താണ് അടയ്ക്കുന്നത്. നിതിന്‍ തന്നെയാണ് അതെല്ലാം ചെയ്തുതരാറുള്ളതും. തന്നോട് ചോദിച്ചിട്ടാണ് അതൊക്കെ ചെയ്തിട്ടുള്ളത്. ലോണ്‍ തുക മകന്റെ ആവശ്യങ്ങള്‍ കഴിഞ്ഞശേഷം ബാക്കി തന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയച്ചുതരികയാണ് ചെയ്യാറുള്ളത്. തിരിച്ചടവ് താന്‍ തന്നെയാണ് കൊടുക്കാറുള്ളതും. നിതിന്റെ അമ്മ ഒന്നര മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് തിരിച്ചടവ് മുടങ്ങിയിട്ടുള്ളത് രാജന്‍ പറഞ്ഞു. എന്നാല്‍ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരത്തെത്തിയ പോലീസ് നിതിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. മൊഴി വിശദമായി പരിശോധിക്കും. കോളേജിലെ ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതടക്കം പരിശോധിച്ച ശേഷമാകും തുടര്‍നടപടി.
നിതിന്റെ കുടുംബാംഗങ്ങള്‍ സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖരനെ നേരില്‍ കണ്ടിരുന്നു. അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി കുടുംബത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഡിജിപിക്ക് പരാതി നല്‍കിയത്. അന്വേഷണത്തിനായി രൂപീകരിച്ച ഏഴംഗസംഘം നിതിന്റെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. കോളജില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
