നാറ്റോ വിടാന്‍ ഒരുങ്ങി അമേരിക്ക; വെറും കടലാസുപുലിയെന്ന് ട്രംപ്; 'നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല, വിമാനവാഹിനിക്കപ്പല്‍ വെറും ഷോ!' സ്റ്റാര്‍മറെ നാണം കെടുത്തി യുഎസ് പ്രസിഡന്റ്; ഹോര്‍മുസ് പിടിക്കാന്‍ 35 രാജ്യങ്ങളുമായി സ്റ്റാര്‍മറുടെ മറുനീക്കം; എണ്ണയ്ക്കായി നെട്ടോട്ടമോടി വന്‍ശക്തികള്‍!

നാറ്റോ വിടാന്‍ ഒരുങ്ങി അമേരിക്ക

Update: 2026-04-01 12:18 GMT

ലണ്ടന്‍: നോര്‍ത്ത് അത്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) നിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികള്‍ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നതിനെക്കുറിച്ച് താന്‍ ഗൗരവമായി ആലോചിച്ചതെന്ന് ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

ട്രംപ് നാറ്റോയെ ഒരു 'കടലാസ് പുലി' (paper tiger) എന്നാണ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ കരാറില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കുന്നത് ഇപ്പോള്‍ 'പുനര്‍വിചിന്തനത്തിന് അപ്പുറമാണെന്ന്' ട്രംപ് അഭിപ്രായപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, 'ഞാന്‍ ഒരിക്കലും നാറ്റോയാല്‍ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുടിനും അതറിയാം,' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പശ്ചിമേഷ്യയില്‍ ഇസ്രയേലുമായി ചേര്‍ന്ന് യുഎസ് ഇറാനെതിരായി ആരംഭിച്ച സംഘര്‍ഷത്തിന് പിന്നാലെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗതപാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഇത് ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. ഇതിനുപിന്നാലെ, ഈ പാതയിലെ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികള്‍ നിരസിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

സഖ്യകക്ഷികള്‍ക്കിടയില്‍ പരസ്പര സഹകരണമില്ലെന്ന് ട്രംപ് വിമര്‍ശിച്ചു. 'യുക്രൈന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ സ്വയമേവ അവിടെയുണ്ടായിരുന്നു... എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി എവിടെയും ഉണ്ടായിരുന്നില്ല,' മുന്‍കാല സംഘര്‍ഷങ്ങളിലെ പാശ്ചാത്യ പിന്തുണയെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. യുഎസ്-ഇസ്രയേല്‍ സൈനികനീക്കത്തില്‍ ചേരാതിരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തില്‍ യുകെ നേതൃത്വത്തെയും ട്രംപ് കുറ്റപ്പെടുത്തി. 'നിങ്ങള്‍ക്ക് ഒരു നാവികസേന പോലുമില്ല. നിങ്ങള്‍ പ്രായമേറിയവരാണ്, നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാത്ത വിമാനവാഹിനിക്കപ്പലുകളാണ് ഉണ്ടായിരുന്നത്,' കീര്‍ സ്റ്റാര്‍മറെ പരിഹസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

ട്രംപിന്റെ ഈ നിലപാട് നാറ്റോയുടെ ഭാവിക്കും ആഗോള പ്രതിരോധ സഹകരണത്തിനും വലിയ വെല്ലുവിളിയായി മാറിയേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ 35 രാജ്യങ്ങളെ ഒന്നിപ്പിക്കും; നടപടികളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടന്‍ ഈ ആഴ്ച അന്താരാഷ്ട്ര നയതന്ത്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അറിയിച്ചു. പ്രധാന എണ്ണക്കടത്ത് പാതയായ ഇവിടെ സമുദ്ര സുരക്ഷ പുനഃസ്ഥാപിക്കുന്നതിനായി 35 രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ ഒപ്പിട്ടതായും അദ്ദേഹം വ്യക്തമാക്കി.

കപ്പല്‍ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും, കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, അവശ്യ സാധനങ്ങളുടെ നീക്കം പുനരാരംഭിക്കുന്നതിനും ആവശ്യമായ എല്ലാ നയതന്ത്ര-രാഷ്ട്രീയ നടപടികളും യോഗം വിലയിരുത്തുമെന്ന് സ്റ്റാര്‍മര്‍ പറഞ്ഞു. 'ഈ യോഗത്തിന് ശേഷം, പോരാട്ടം അവസാനിച്ചാലുടന്‍ കടലിടുക്ക് സുരക്ഷിതമാക്കാന്‍ നമ്മുടെ സൈനിക ശേഷി എങ്ങനെ വിന്യസിക്കാമെന്ന് പരിശോധിക്കാന്‍ സൈനിക ആസൂത്രകരുടെ യോഗവും വിളിച്ചുചേര്‍ക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ യുദ്ധത്തിന്റെ ആഘാതം ഒരു തലമുറയെത്തന്നെ ബാധിക്കുമെന്നും 1970-കളിലെ ഊര്‍ജ്ജ വിലവര്‍ദ്ധനവിന് സമാനമായ സാഹചര്യം ഉണ്ടായേക്കാമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, 'അമേരിക്കയും ബ്രിട്ടനും ദീര്‍ഘകാലമായി അടുത്ത സഖ്യകക്ഷികളാണെന്നും, ഏത് സമ്മര്‍ദ്ദമുണ്ടായാലും ബ്രിട്ടീഷ് ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും' സ്റ്റാര്‍മര്‍ മറുപടി നല്‍കി.

Tags:    

Similar News