'അന്ന് ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നു പറഞ്ഞു; ഇപ്പോള്‍ എഫ്.സി.ആര്‍.എ. നിയമത്തിനെതിരെ പ്രതിപക്ഷം നുണകള്‍ പറഞ്ഞുപരത്തുന്നു';ശബരിമല സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കയ്യിലെന്നും നരേന്ദ്ര മോദി; വനിത സംവരണം 2029ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടപ്പാക്കുമെന്നും പ്രധാനമന്ത്രി; സ്ത്രീകളുടെ വോട്ടു നേടാനുള്ള നാടകമെന്ന് കോണ്‍ഗ്രസ്
പത്തനംതിട്ട: എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ആരുടെയൊക്കെയോ പൗരത്വം നഷ്ടപ്പെടുമെന്നുപറഞ്ഞ് രാജ്യംമുഴുവന്‍ കള്ളം പ്രചരിപ്പിച്ചവര്‍, ഇപ്പോള്‍ ഏറ്റവുമൊടുവിലായി എഫ്.സി.ആര്‍.എ. നിയമത്തിനെതിരേയും നുണകള്‍ പറഞ്ഞുപരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും കള്ളംപറയുന്നത് ഒരു സ്വഭാവമാക്കി മാറ്റിയിരിക്കുകയാണ്. തിരുവല്ലയില്‍ എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഏകീകൃത സിവില്‍ കോഡിനെതിരേയും കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി തുടങ്ങിയ സിനിമകള്‍ക്കെതിരേയും പ്രതിപക്ഷം വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്നും മോദി പറഞ്ഞു. എന്ത് നല്ലകാര്യം ചെയ്താലും അതിനെതിരേ കള്ളം പ്രചരിപ്പിക്കാന്‍ ഇവര്‍ ക്വട്ടേഷനെടുത്തിരിക്കുകയാണ്. കേരളത്തില്‍ ബി.ജെ.പി. മാത്രമാണ് ഏക എ ടീമെന്നും മറ്റു രണ്ടുമുന്നണികളും രഹസ്യ പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.
തിരുവല്ലയില്‍ നടന്ന എന്‍ഡിഎ പ്രചാരണ റാലിയില്‍ ശബരിമല സ്വര്‍ണക്കൊള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. സ്വര്‍ണക്കൊള്ളയിലൂടെ ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വര്‍ണക്കൊള്ളക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുടെ ചരട് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ കയ്യിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. മലയാളികള്‍ക്ക് വിഷു, ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.
വനിത സംവരണം ഉറപ്പാക്കും
വനിത സംവരണ ബില്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നു ദിവസം പാര്‍ലമെന്റ് സമ്മേളനം വിളിച്ചപ്പോള്‍ ഇന്ത്യ സഖ്യം അതിനെ എതിര്‍ക്കുകയാണെന്നും വനിത സംവരണത്തെതുടര്‍ന്ന് ദക്ഷിണേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്ന പ്രചാരണം തെറ്റാണെന്നും അഴിമതിയും വര്‍ഗീയതയും കേരളത്തില്‍ ശക്തമാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുകള്‍ കൂട്ടി സംവരണം നടപ്പാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി തിരുവല്ലയിലെ പ്രസംഗത്തില്‍ നല്‍കിയത്. പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതിനിടെ, സര്‍വ്വസമ്മതിയോടെ നിയമഭേദഗതി പാസ്സാക്കണം എന്ന അഭ്യര്‍ത്ഥനയും തിരുവല്ലയിലെ പ്രസംഗത്തില്‍ മോദി മുന്നോട്ടു വെച്ചു. അതേസമയം, ബിജെപിയുടെ വനിത സ്‌നേഹം വോട്ട് ലക്ഷ്യമാക്കിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
ഇതാദ്യമായാണ് വനിത സംവരണ ബില്ലില്‍ നിയമഭേദഗതിക്കാണ് പാര്‍ലമെന്റ് സമ്മേളനം ഈ മാസം 16 മുതല്‍ 3 ദിവസം ചേരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിക്കുന്നത്. കേരളം അടക്കം ജനസംഖ്യാ നിയന്ത്രണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്തും ലോക്‌സഭ സീറ്റ് കുറയില്ലെന്ന ഉറപ്പ് മോദി നല്‍കുന്നു. ആകെ സീറ്റുകളുടെ എണ്ണം അമ്പതു ശതമാനം കൂടി ഉയര്‍ത്തിയാകും വനിത സംവരണം എന്നാണ് സൂചന. അങ്ങനെയെങ്കില്‍ കേരളത്തിലെ ലോക്‌സഭ സീറ്റുകളുടെ എണ്ണം 30 ആയി ഉയരും. ഇതില്‍ പത്ത് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യും. വനിത സംവരണത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നില്‍ക്കുന്നത് കൊണ്ടാണ് സീറ്റുകളുടെ എണ്ണം കൂട്ടി ഇത് പരിഹരിക്കാനുള്ള നീക്കം നടക്കുന്നത്.
കേരളത്തിലും പശ്ചിമ ബംഗാളിലും വനിത സംവരണം തെരഞ്ഞെടുപ്പ് വിഷയം കൂടിയാക്കി ബിജെപി മാറ്റുന്നു എന്ന സന്ദേശമാണ് മോദിയുടെ തിരുവല്ലയിലെ പ്രസംഗം നല്‍കുന്നത്. പ്രത്യേക സമ്മേളനത്തില്‍ സര്‍ക്കാര്‍ നീക്കം ചെറുക്കാനാണ് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടതുപക്ഷ പാര്‍ട്ടികളും ആലോചിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ടു നേടാനുള്ള നാടകമാണ് ബിജെപി നടത്തുന്നതെന്ന ആരോപണം കോണ്‍ഗ്രസ് ആവര്‍ത്തിച്ചു. ബഹളം കാരണം ബില്ല് മാറ്റി വെയ്‌ക്കേണ്ടി വന്നാല്‍ വനിത സംവരണത്തെ പ്രതിപക്ഷം അട്ടിമറിച്ചു എന്ന പ്രചാരണത്തിനാകും ബിജെപിയുടെ നീക്കം.
കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരും
കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്നും ഇപ്പോള്‍ കേരളം വികസനത്തില്‍ ഏറെ പിന്നിലാണെന്നും അനന്തസാധ്യതകളുണ്ടായിട്ടും പ്രയോജനപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും ഒന്നും നടന്നില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. റോഡുകളോ പാലങ്ങളോ ഇല്ല. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? അതിന്റെ അഞ്ച് ഇരട്ടി തുക മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കി.
അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികലെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.
ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. മലയാളത്തില്‍ അഭിസംബോധന ചെയ്ത മോദി കേരളത്തിലെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങുമെന്ന് വ്യക്തമാക്കി. അനൂപ് ആന്റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്ന് പറഞ്ഞ മോദി, തിരുവല്ലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആന്റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും മോദി പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തകരുമായി തന്റെ ബൂത്ത് പരിപാടിയില്‍ സംസാരിച്ചു. എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് അതിലൂടെ മനസിലായെന്നും മോദി പറഞ്ഞു.
