12 വര്‍ഷത്തെ പോരാട്ടം, പിന്നാലെ 2018-ലെ വിധി; ശബരിമല യുവതി പ്രവേശന കേസിന് ഇനി എന്ത് സംഭവിക്കും? സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു; ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തലപ്പത്ത്; ബെഞ്ചില്‍ ഏക വനിതാ അംഗമായി ജസ്റ്റിസ് ബി.വി. നാഗരത്ന; ഏപ്രില്‍ ഏഴിന് വാദം കേള്‍ക്കും

സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

Update: 2026-04-04 11:42 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി സുപ്രീം കോടതി ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന് രൂപം നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഈ വിശാല ബെഞ്ച് ഏപ്രില്‍ ഏഴിന് വാദം കേള്‍ക്കല്‍ ആരംഭിക്കും.

ഏപ്രില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ വാദങ്ങളാകും ബെഞ്ച് കേള്‍ക്കുക. തുടര്‍ന്ന് ഏപ്രില്‍ 14, 15, 16 തീയതികളില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങള്‍ നടക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കൂടാതെ ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എ. അമാനുള്ള, അരവിന്ദ് കുമാര്‍, എ.ജെ. മസീഹ്, പി.ബി. വരാലെ, ആര്‍. മഹാദേവന്‍, ജോയ്മാല ബാഗ്ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സുപ്രീം കോടതി വൃത്തങ്ങളില്‍ നിന്നുള്ള സൂചനയനുസരിച്ച്, ജസ്റ്റിസ് ബി.വി. നാഗരത്‌നയാണ് ഒന്‍പതംഗ ബെഞ്ചിലെ ഏക വനിതാ അംഗം.

12 വര്‍ഷം നീണ്ട നിയമനടപടികളിലൂടെയാണു 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി യുവതീ പ്രവേശം അനുവദിച്ചു വിധി പറഞ്ഞത്. ശബരിമലയില്‍ യുവതികളുടെ ദര്‍ശനം നിരോധിച്ചത് അവസാനിപ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 'ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍' അംഗങ്ങളായ വനിതാ അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കാന്‍ 2006 ഓഗസ്റ്റില്‍ സുപ്രീംകോടതി തീരുമാനിച്ചതോടെയാണു കേസിന്റെ തുടക്കം. അയ്യപ്പ ഭക്തര്‍ ഒരു പ്രത്യേക മതവിഭാഗമായതിനാല്‍ ദര്‍ശനം നിയന്ത്രിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു 2007ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം. എന്നാല്‍ സ്ത്രീകള്‍ക്കു പ്രായഭേദമെന്യേ ദര്‍ശനം അനുവദിക്കണമെന്നു വിഎസ് സര്‍ക്കാര്‍ 2008 ഫെബ്രുവരിയിലെ സത്യവാങ്മൂലത്തില്‍ നിലപാട് വ്യക്തമാക്കി.

കേസ് മൂന്നംഗ ബെഞ്ചിനു വിടാന്‍ തീരുമാനിച്ചതോടെ വര്‍ഷങ്ങളോളം കേസ് കോടതിയില്‍ നീണ്ടു. ക്ഷേത്രത്തില്‍ പോകണോ, വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു സ്ത്രീകളാണെന്നു 2016 ജനുവരിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചതോടെ കേസിന്റെ അടുത്ത അധ്യായം തുറന്നു. യുവതീ പ്രവേശത്തെ എതിര്‍ത്തും ആചാരസംരക്ഷണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിനു വിടണമെന്നായിരുന്നു യുഡിഎഫ് നിയോഗിച്ച അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. 2016ല്‍ അധികാരമേറ്റ പിണറായി സര്‍ക്കാര്‍ സ്വന്തം സത്യവാങ്മൂലം നല്‍കിയില്ലെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സത്യവാങ്മൂലം തള്ളിക്കളയണമെന്നും വിഎസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോടതിയെ അറിയിച്ചു. ഇതിനെല്ലാം തുടര്‍ച്ചയായാണ് 2018 സെപ്റ്റംബറില്‍ യുവതീ പ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധിയുണ്ടായത്.

Tags:    

Similar News