തരൂരിന്റെ പ്രചണജാഥകള്‍ ആവേശമായി; പാലക്കാടും മലപ്പുറവും പിന്നിട്ട് തിരുവനന്തപും എംപി പോയത് കോഴിക്കോട്ടും കണ്ണൂരും തരംഗമാകാന്‍; തരൂരിന്റെ ജനപ്രീതിയില്‍ വിറളിപൂണ്ട് ഗുണ്ടാ ആക്രമണം; തടയാന്‍ ആസൂത്രിത നീക്കമെന്ന് ആരോപണം; പിടിയിലായവര്‍ സിപിഎം അനുകൂലികളായ കൊടും കുറ്റവാളികള്‍; തരൂര്‍ കോണ്‍ഗ്രസിനായുള്ള പ്രചരണ യാത്ര തുടരും

Update: 2026-04-04 04:15 GMT

കോഴിക്കോട്: ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ വണ്ടൂരില്‍ നടന്ന കയ്യേറ്റ ശ്രമത്തിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സംശയം ശക്തമാകുന്നു. കേരളത്തിലുടനീളം ശശി തരൂര്‍ നടത്തുന്ന പര്യടനത്തിന് ലഭിക്കുന്ന വന്‍ ജനപിന്തുണയില്‍ അസ്വസ്ഥരായ രാഷ്ട്രീയ എതിരാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വണ്ടൂര്‍ ചെള്ളിത്തോട് വെച്ച് ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരും സിപിഎം അനുകൂലികളായ ഗുണ്ടാ ലിസ്റ്റിലുള്ളവരാണെന്ന വിവരം ഈ സംശയത്തിന് ബലം നല്‍കുന്നു.

ഇതുവരെ 50 മണ്ഡലങ്ങളിലാണ് ശശി തരൂര്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയത്. മലപ്പുറത്ത് അദ്ദേഹം പങ്കെടുത്ത യോഗങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തരൂര്‍ സൃഷ്ടിച്ച ചലനം പല രാഷ്ട്രീയ കേന്ദ്രങ്ങളെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോട്ടും തരൂരിന് വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് ഇത്തരം ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ജനപിന്തുണ തടയുക എന്ന ലക്ഷ്യത്തോടെ ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് അക്രമിസംഘം എത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഗതാഗതക്കുരുക്കിനിടെ ഹോണ്‍ മുഴക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. എന്നാല്‍ വാഹനത്തിനുള്ളില്‍ എംപി ഉണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അക്രമികളുടെ ശൗര്യം വര്‍ദ്ധിക്കുകയായിരുന്നു. കാറിന്റെ ബോണറ്റില്‍ അടിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഘം, ഇത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ മുതിരുകയായിരുന്നു. പിടിയിലായവര്‍ പോലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളികളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

യാതൊരു പ്രകോപനവുമില്ലാതെ ജനപ്രതിനിധിയുടെ വാഹനം തടയുകയും സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ആസൂത്രിതമാണെന്ന് യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി. ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന രീതി ജനാധിപത്യത്തിന് ഭീഷണിയാണെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വണ്ടൂര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവരികയാണ്.

കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദ്ദനമേല്‍പ്പിച്ചതിനും ഗൗരവകരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ അക്രമത്തിന് പിന്നില്‍ ആരെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. തരൂരിനെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നാണ് യുഡിഎഫ് നിലപാട്.

കേരളത്തിലെ രാഷ്ട്രീയ ഗോദയില്‍ ശശി തരൂര്‍ എംപി നടത്തുന്ന പര്യടനത്തിന് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ ജനപിന്തുണയില്‍ അസ്വസ്ഥരായ രാഷ്ട്രീയ എതിരാളികള്‍ അക്രമത്തിലേക്ക് തിരിയുന്നതായാണ് ആരോപണം. പാലക്കാട്ടെയും മലപ്പുറത്തെയും ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോഴിക്കോട്ടും കണ്ണൂരും തരംഗമാകാന്‍ ലക്ഷ്യമിട്ട് നീങ്ങുന്ന തരൂരിനെ തടയുക എന്നതായിരുന്നു അക്രമികളുടെ ലക്ഷ്യം. ഇതുവരെ 50 ഓളം മണ്ഡലങ്ങളില്‍ തരൂര്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ വലിയ ഉണര്‍വാണ് പ്രകടമാകുന്നത്.

വടക്കന്‍ കേരളത്തില്‍ തരൂര്‍ സൃഷ്ടിക്കുന്ന ഈ സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചുള്ള ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും നിശ്ചയിച്ച പ്രകാരം തന്നെ ശശി തരൂര്‍ തന്റെ പ്രചരണ യാത്ര തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോഴിക്കോട്ടെയും കണ്ണൂരിലെയും വരാനിരിക്കുന്ന പരിപാടികള്‍ കൂടുതല്‍ ആവേശത്തോടെ സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

Tags:    

Similar News