പഞ്ചാഗ്‌നി മധ്യേ തപസ്സ് ചെയ്താലും ഈ പാപം തീരുമോ? അയ്യപ്പനെ വിറ്റവര്‍ക്ക് മാപ്പില്ല; ശബരീശന്റെ തങ്കവിഗ്രഹത്തിന്റെ കാര്യത്തില്‍ പോലും വിശ്വാസികള്‍ക്ക് ഇന്ന് ആശങ്ക; ഭക്തരുടെ കണ്ണീരിനും വഞ്ചനയ്ക്കും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കും; സ്വര്‍ണ്ണം കട്ടവനാരപ്പാ.. പാട്ടുപാടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ

; സ്വര്‍ണ്ണം കട്ടവനാരപ്പാ.. പാട്ടുപാടി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ

Update: 2026-04-07 15:49 GMT

പത്തനംതിട്ട: വിശ്വാസികള്‍ക്ക് അയ്യപ്പന്‍ മോക്ഷദായകനാണെങ്കില്‍, ഭരണകൂടത്തിന് അദ്ദേഹം വെറും തങ്കത്തിന്റെ തൂക്കം മാത്രമാണോ? പുണ്യഭൂമിയായ ശബരിമലയില്‍ നടന്ന സമാനതകളില്ലാത്ത സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലായത് തന്റെ വീഡിയോയിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ. അയ്യപ്പന്റെ തങ്കവിഗ്രഹത്തിന്റെ കാര്യത്തില്‍ പോലും വിശ്വാസികള്‍ക്ക് ഇന്ന് ആശങ്കയുണ്ടെന്നും, ഭക്തരുടെ കണ്ണീരിനും വഞ്ചനയ്ക്കും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകോവിലിന് കാവല്‍ നില്‍ക്കുന്ന ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം കടത്തിയതും, സ്വര്‍ണ്ണത്തിന് പകരം 'ചെമ്പ്' എന്ന് രേഖപ്പെടുത്തി ആസൂത്രിതമായി നടന്ന കൊള്ളയും രാഹുല്‍ വിവരിക്കുന്നു. സ്വര്‍ണ്ണം കട്ടവനാരപ്പാ... സഖാക്കളാണേ അയ്യപ്പാ...എന്ന പാട്ടുപാടി കൊണ്ടാണ് രാഹുല്‍ വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് നിരവധി ചോദ്യങ്ങള്‍ രാഹുല്‍ ഉന്നയിക്കുന്നു.

സ്വര്‍ണ്ണം പൂശാനായി നല്‍കിയ ശില്പങ്ങളില്‍ നിന്ന് നാലര കിലോ സ്വര്‍ണ്ണം അപ്രത്യക്ഷമായത് എങ്ങനെ? സ്വര്‍ണ്ണത്തിന് പകരം രേഖകളില്‍ 'ചെമ്പ്' എന്ന് എഴുതിച്ചേര്‍ത്തതിന് പിന്നിലെ അമ്പലംവിഴുങ്ങികള്‍ ആര്? സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനെന്ന് പറയപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡില്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് ആര്? മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രതിക്കൂട്ടിലാകുന്നത് എന്തുകൊണ്ട്?

അന്വേഷണം മന്ത്രിമാരിലേക്ക് നീളുന്നു എന്ന് കണ്ടപ്പോള്‍ തന്ത്രിയെ അറസ്റ്റ് ചെയ്ത് വാര്‍ത്താ റൂട്ട് മാറ്റാന്‍ ശ്രമിച്ചോ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളുടെ പൊരുളെന്ത്? വയനാട്ടിലെ ദുരിതാശ്വാസ നിധിയിലും കോവിഡ് കാലത്തും കൊള്ള നടത്തിയവര്‍ അയ്യപ്പനെയും വിറ്റുതുലച്ചോ എന്ന വിശ്വാസികളുടെ ചോദ്യത്തിന് ബാലറ്റിലൂടെ മറുപടി ഉണ്ടാകുമെന്നും രാഹുല്‍ പറയുന്നു.

'സ്വര്‍ണ്ണം കട്ടതാരപ്പാ എന്ന് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ സോണിയ ഗാന്ധിയോടൊപ്പം പോറ്റി എടുത്ത ചിത്രത്തെപ്പറ്റിയാണ് പിണറായി വിജയന്‍ പറയുന്നത്. ആ കേരളത്തിന്റെ മുഖ്യമന്ത്രിയോട് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നു ധൈര്യമുണ്ടോ? അങ്ങനെ ഒരു സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശ്രീമതി സോണിയ ഗാന്ധിക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഒരു അന്വേഷണം നടത്താന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്.

പിന്നെ പറയുന്നത് ബഹുമാനപ്പെട്ട അടൂര്‍ പ്രകാശിനോടൊപ്പം ഈ സ്വര്‍ണ്ണം കടത്തിയ പോറ്റി ചിത്രമെടുത്തു എന്നുള്ളതാണ്. ഇവിടെ ചോദ്യം പോറ്റിക്കൊപ്പം ആരൊക്കെ ചിത്രമെടുത്തു എന്നുള്ളതാണോ ഫ്രണ്ട്സ്? പോറ്റി ആരുടെ സഹായത്താല്‍ സ്വര്‍ണ്ണം കടത്തി എന്നുള്ളതാണ്. ഒപ്പമുള്ള ചിത്രത്തെപ്പറ്റി ഞാന്‍ ഒരു വാചകം പറയാം. ഒരാളോടൊപ്പം ചിത്രമെടുത്താല്‍ ആ ചിത്രമെടുത്തയാള്‍ ചെയ്ത എല്ലാ കൊള്ളരുതായ്മകളും നമ്മുടെ പേരില്‍ ആകുന്നത് എങ്ങനെ?'-രാഹുല്‍ ചോദിച്ചു.

സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെ തന്ത്രപ്രധാനമായ ചുമതലകള്‍ ഏല്‍പ്പിച്ചത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിക്കുന്നു. 2019-ല്‍ അനുവാദം നല്‍കുമ്പോള്‍ കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി. സി.പി.എം നിയമിച്ച വാസുവായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.ഇത്രയും ഉന്നതര്‍ സി.പി.എമ്മിന്റേതായിരിക്കെ, കൊള്ളയുടെ ഉത്തരവാദിത്തം പ്രതിപക്ഷത്തിന് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന അന്വേഷണമായിട്ടുപോലും, പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനായി എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരിലേക്ക് അന്വേഷണം നീളുമെന്ന് കണ്ടപ്പോഴാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത് വാര്‍ത്താ പ്രാധാന്യം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നും രാഹുല്‍ ആരോപിക്കുന്നു. തന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'അമ്പലം വിഴുങ്ങുന്ന സര്‍ക്കാര്‍'

കോവിഡ് കാലത്തെ കൊള്ളയും ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുകളും പോലെ തന്നെ വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അയ്യപ്പന്റെ തങ്കവിഗ്രഹത്തിന്റെ കാര്യത്തില്‍ പോലും വിശ്വാസികള്‍ക്ക് ഇന്ന് ആശങ്കയുണ്ടെന്നും, ഭക്തരുടെ കണ്ണീരിനും വഞ്ചനയ്ക്കും ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

'അയ്യപ്പന്റെ പൊന്നിന്റെ വില കണക്കാക്കുന്നത് ഗ്രാമിലല്ല, മറിച്ച് കോടിക്കണക്കിന് വിശ്വാസികളുടെ വികാരത്തിലാണ്. അത് വിറ്റുതുലച്ചവര്‍ക്ക് മാപ്പില്ല.' - രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.


Full View

രാഹുലിന്റെ വാക്കുകള്‍:


പോറ്റിയേ കേറ്റിയെ... സ്വര്‍ണ്ണം ചെമ്പായ് മാറ്റിയേ...

സ്വര്‍ണ്ണപ്പാളികള്‍ മാറ്റിയേ... ശാസ്താവിന്‍ ധനം ഊറ്റിയേ...

സ്വര്‍ണ്ണം കട്ടവനാരപ്പാ... സഖാക്കളാണേ അയ്യപ്പാ...

ലോഹം മാറ്റിയതാരപ്പാ... സഖാക്കളാണേ അയ്യപ്പാ...

'എനിക്ക് പാടാന്‍ അറിയാവുന്നത് കൊണ്ടോ ഞാന്‍ പാടിയത് നന്നായതുകൊണ്ടോ ഒന്നും പാടിയതല്ല. ഇനി മൂന്നരക്കോടി മലയാളികളില്‍ ഞാന്‍ കൂടെ പാടാന്‍ ഈ പാട്ട് ബാക്കിയുണ്ട് എന്നുള്ളതുകൊണ്ട് മാത്രമാണ് പാടിയത്. ഒരു പാട്ട് ഒരു സര്‍ക്കാരിനെ ഇത്രമാത്രം അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ പിന്നെ ആ പാട്ട് പാടുകതന്നെയാണല്ലോ. ശബരിമല സ്വര്‍ണ്ണക്കൊള്ളയെപ്പറ്റി പറയുന്നത്, ശബരിമലയില്‍ ഇവര്‍ സ്വര്‍ണ്ണക്കൊള്ള നടത്തിയെന്നാണ്. ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ശബരിമലയില്‍ വരെ ഇവര്‍ കൊള്ള നടത്തിയെന്നാണ്.

കാരണം എല്ലാ സാധാരണ മനുഷ്യന്മാര്‍ക്കും വലിയ ഭയവും ഭക്തിയും ബഹുമാനവുമൊക്കെയുള്ളതാണ് ഈശ്വര സങ്കല്‍പ്പങ്ങള്‍. അത് ഏത് മതത്തിന്റേതുതന്നെയായിക്കോട്ടെ. ഒരു കാര്യം മനസ്സിലാക്കേണ്ടത് ആ ഈശ്വര സങ്കല്‍പ്പത്തെ കൊള്ളയടിച്ച സര്‍ക്കാര്‍, ആ സര്‍ക്കാരിന് വയനാട്ടിലെ സാധാരണക്കാരായ മനുഷ്യന്മാര്‍ മരിച്ചു കിടക്കുമ്പോള്‍ അവരുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കൊള്ളയടിക്കുവാനോ, കോവിഡ് സമയത്ത് നമ്മളെല്ലാവരും ശ്വാസം കിട്ടുവാന്‍ വേണ്ടി ശ്വാസം മുട്ടി നടന്ന കാലത്ത് കോവിഡ് മറയാക്കി കൊള്ളയടിക്കുവാനോ ഒക്കെ മനസ്സ് കാണിച്ചതിനകത്ത് എനിക്ക് യാതൊരുവിധ അത്ഭുതവുമില്ല.

കേരളത്തിന്റെയോ ഇന്ത്യയുടേതോ മാത്രമല്ല ലോകത്തിന്റെതന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് നമ്മുടെ ശബരിമല. ഒരു അയ്യപ്പ വിശ്വാസി 41 ദിവസത്തെ അതികഠിനമായ വ്രതം നോറ്റ് കാനന പാതയിലൂടെ കല്ലും മുള്ളും താണ്ടി കരിമലയും നീലിമലയും അടക്കമുള്ള 18 മലകള്‍ താണ്ടി 18 മലകളുടെ അധിപനായ അയ്യപ്പനെ തൊഴുത് വണങ്ങുവാന്‍ 18 പടികള്‍ കടന്ന് ശ്രീകോവിലിനുള്ളിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും കാണുന്നത് അയ്യപ്പനെയാണ് എങ്കില്‍ ആ പടികടന്നെത്തുന്ന ഒരു സി.പി.എമ്മിന്റെ നേതാവ് കാണുന്നത് ആ അയ്യപ്പനില്‍ പൊതിഞ്ഞിരിക്കുന്ന തങ്കത്തിന്റെ തൂക്കമാണ് എന്ന് ഈ ദിവസങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുകയാണ്.

ക്ഷേത്രത്തില്‍ പോയിട്ടുള്ള ആളുകള്‍ക്കറിയാം ശ്രീകോവിലിന് പുറത്ത് ദ്വാരപാലക ശില്പങ്ങളുണ്ടാകാറുണ്ട്. അകത്തിരിക്കുന്ന മൂര്‍ത്തിക്ക് കാവല്‍ നില്‍ക്കുന്നു എന്നതാണ് ദ്വാരപാലക ശില്പങ്ങളുടെ സങ്കല്പം. അതായത് കാവല്‍ക്കാരാണ്. കാവല്‍ക്കാരെ കൊള്ളയടിക്കുക എന്ന് നമ്മള്‍ അധികം കേട്ടിട്ടില്ല. അങ്ങനെ കൊള്ള നടത്തിയ ഭഗവാന്റെ കട്ടിളപ്പടിയിലെ സ്വര്‍ണ്ണം അടിച്ചുമാറ്റിയ അമ്പലം വിഴുങ്ങിക്കളഞ്ഞ സര്‍ക്കാരാണ് ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്.

ശബരിമലയിലെ ചെറുതും വലുതുമായ ഒരു വസ്തുപോലും ഹൈക്കോടതിയുടെ അനുവാദമില്ലാതെ പുറത്തുകൊണ്ടുപോകാന്‍ പാടില്ല എന്ന മുന്‍ ഉത്തരവുണ്ട്. ആ ഉത്തരവിനെ ലംഘിച്ചുകൊണ്ട് സ്വര്‍ണ്ണപ്പാളികള്‍ ശബരിമലയില്‍ നിന്ന് കടത്തിയത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ആദ്യമായി കോടതി ഈ വിഷയത്തിനകത്ത് ഇടപെടുന്നത്. 2025 സെപ്റ്റംബര്‍ മാസം 9-ാം തീയതി ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവിലാണ് നമ്മള്‍ തിരിച്ചറിയുന്നത് നാലര കിലോ സ്വര്‍ണ്ണമാണ് ദ്വാരപാലക ശില്പത്തില്‍ നിന്ന് മാത്രം ഈ അമ്പലം വിഴുങ്ങികള്‍ അടിച്ചുമാറ്റിയത്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പിന്നീട് നിറംപിടിപ്പിച്ചത് 'പോറ്റി' എന്ന് പറയുന്ന ഒരു കഥാപാത്രത്തിന്റെ കടന്നുവരവോടു കൂടിയിട്ടാണ്. പോറ്റിയാണ് സ്വര്‍ണ്ണക്കടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണക്കാരന്‍ എന്ന് പറഞ്ഞപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പറഞ്ഞത് 'ഏതോ ഒരു പോറ്റി സ്വര്‍ണ്ണം കടത്തിയതിന് ഞങ്ങള്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നാണ്'. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കിട്ടിയ ഒരു കൂട്ടം മാധ്യമങ്ങള്‍ സര്‍ക്കാരിനെ സഹായിക്കാനായി പിന്നീടുള്ള ദിവസങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നാലെ മാത്രം സൂക്ഷ്മദര്‍ശിനികളുമായി പോയി. ഉണ്ണികൃഷ്ണന്‍ പോറ്റി ആരെയൊക്കെ കണ്ടിട്ടുണ്ട്? ആരോടൊപ്പം ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്? അതിനകത്ത് ആരൊക്കെ പ്രതിപക്ഷത്തുള്ള ആളുകളുണ്ട് അതിനെപ്പറ്റിയായി അന്വേഷണം മുഴുവന്‍. അപ്പോഴും ഈ മാധ്യമങ്ങള്‍ മറച്ചുവെച്ച ഒരു കാര്യമുണ്ട്. ശ്രീ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെ ഈ തന്ത്രപ്രധാനമായ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ചത് ആരാണ്?

2019-ലാണ് ദ്വാരപാലക ശില്പത്തിന് സ്വര്‍ണ്ണം പൂശാനായിട്ടുള്ള അനുവാദം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കിട്ടുന്നത്. 2019-ല്‍ ആരാണ് കേരളത്തിന്റെ മുഖ്യമന്ത്രി? ശ്രീ പിണറായി വിജയനാണ്. 2019-ല്‍ ആരാണ് കേരളത്തിന്റെ ദേവസ്വം മന്ത്രി? ശ്രീ കടകംപള്ളി സുരേന്ദ്രനാണ്. 2019-ല്‍ ആരാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്? അത് സി.പി.എം സര്‍ക്കാര്‍ നിയമിച്ച വാസുവാണ്. അപ്പോള്‍ ഇത്രയും പേര്‍ സി.പി.എമ്മിന്റേതായി കിടക്കുമ്പോള്‍ അതിന് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്തം മറ്റാരിലെങ്കിലും എങ്ങനെയാണ് ചാര്‍ത്തുവാന്‍ കഴിയുക?

മാത്രവുമല്ല 2025 ഒക്ടോബര്‍ മാസം ആറാം തീയതി ബഹുമാനപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിനകത്ത് വളരെ വ്യക്തമായി തന്നെ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പങ്കിനെപ്പറ്റി വിവരിക്കുന്നുണ്ട്. 2019-ാം ആണ്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്പം സ്വര്‍ണ്ണം പൂശാനായി കൊടുക്കുമ്പോള്‍ 'ചെമ്പ്' എന്നാണ് സ്വര്‍ണ്ണത്തിന് പകരം രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വളരെ ഗുരുതരമായ ആസൂത്രിതമായ കുറ്റകൃത്യത്തിന്റെ തുടക്കമാണ്. മാത്രവുമല്ല ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് വാസവും തമ്മിലുള്ള ഇമെയില്‍ ഇടപാടുകളെപ്പറ്റിയും ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള പങ്കിനെപ്പറ്റി ബഹുമാനപ്പെട്ട ഹൈക്കോടതി വളരെ കൃത്യമായി തന്നെ കണ്ടെത്തിയിട്ടുമുണ്ട്.

നിങ്ങള്‍ ഒരു സുഭാഷ് കപൂറിനെപ്പറ്റി കേട്ടിട്ടുണ്ടാകാം. ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ള സമാനതകളില്ലാത്തതാണെന്നും ഇതിന് അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയവും ആ ആശങ്കകളും പങ്കുവെച്ചിരിക്കുന്നത് പ്രതിപക്ഷമല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി സി.പി.എം നേതാക്കന്മാര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഈ സര്‍ക്കാരിന്റെ വാഴ്ത്തുപാട്ടുകാര്‍ പറഞ്ഞ പ്രധാനപ്പെട്ട ക്യാപ്സ്യൂള്‍ 'കണ്ടില്ലേ ഞങ്ങളുടെ പാര്‍ട്ടിക്കാരായിട്ടു കൂടി സര്‍ക്കാര്‍ ഓരോരുത്തരെയും അറസ്റ്റ് ചെയ്യുന്നത്' എന്നാണ്.

ഒരു കാര്യം മനസ്സിലാക്കേണ്ടത് ആ അറസ്റ്റ് ചെയ്തത് അത്രയും എസ്.ഐ.ടി ആണ്. ഈ എസ്.ഐ.ടി സംസ്ഥാന പോലീസാണെങ്കിലും അത് പ്രവര്‍ത്തിക്കുന്നത് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ്. എന്നിട്ടുപോലും ഈ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി എസ്.ഐ.ടി മെല്ലെപ്പോക്ക് തുടരുന്നു. കുറ്റപത്രം കൃത്യമായി സമര്‍പ്പിക്കുന്നില്ല. സ്വാഭാവികമായ ജാമ്യം പ്രതികള്‍ക്ക് കിട്ടുന്നതിന് വേണ്ടി 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കുന്നില്ല എന്നതടക്കമുള്ള രൂക്ഷമായ വിമര്‍ശനം മുന്നോട്ട് വെച്ചതും ബഹുമാനപ്പെട്ട കോടതിതന്നെയാണ്.

ഇതിനകത്ത് പ്രതിപക്ഷത്തെ ചില സമയത്തൊക്കെ മുഖ്യമന്ത്രി അടക്കമുള്ള ആളുകള്‍ വിമര്‍ശിക്കാറുണ്ട്. സ്വര്‍ണ്ണം കട്ടതാരപ്പാ എന്ന് ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധി ചോദിച്ചപ്പോള്‍ ശ്രീമതി സോണിയ ഗാന്ധിയോടൊപ്പം പോറ്റി എടുത്ത ചിത്രത്തെപ്പറ്റിയാണ് പിണറായി വിജയന്‍ പറയുന്നത്. ആ കേരളത്തിന്റെ മുഖ്യമന്ത്രിയോട് വെല്ലുവിളിച്ചുകൊണ്ട് ചോദിക്കുന്നു ധൈര്യമുണ്ടോ? അങ്ങനെ ഒരു സംശയം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശ്രീമതി സോണിയ ഗാന്ധിക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഒരു അന്വേഷണം നടത്താന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്.

പിന്നെ പറയുന്നത് ബഹുമാനപ്പെട്ട അടൂര്‍ പ്രകാശിനോടൊപ്പം ഈ സ്വര്‍ണ്ണം കടത്തിയ പോറ്റി ചിത്രമെടുത്തു എന്നുള്ളതാണ്. ഇവിടെ ചോദ്യം പോറ്റിക്കൊപ്പം ആരൊക്കെ ചിത്രമെടുത്തു എന്നുള്ളതാണോ ഫ്രണ്ട്സ്? പോറ്റി ആരുടെ സഹായത്താല്‍ സ്വര്‍ണ്ണം കടത്തി എന്നുള്ളതാണ്. ഒപ്പമുള്ള ചിത്രത്തെപ്പറ്റി ഞാന്‍ ഒരു വാചകം പറയാം. ഒരാളോടൊപ്പം ചിത്രമെടുത്താല്‍ ആ ചിത്രമെടുത്തയാള്‍ ചെയ്ത എല്ലാ കൊള്ളരുതായ്മകളും നമ്മുടെ പേരില്‍ ആകുന്നത് എങ്ങനെ?

ഇത് എന്റെ ചോദ്യമല്ല സ്വപ്ന സുരേഷുമൊത്തുള്ള വളരെ അടുത്ത ഇടപെഴകിയുള്ള ചിത്രം പുറത്തുവന്നപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞ വാചകമാണ്. ഇത് എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് ബാധകമാകാത്തത്? മാത്രമല്ല 2019 മുതല്‍ നടന്ന സ്വര്‍ണ്ണക്കൊള്ള 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നേരിട്ട് സര്‍ക്കാരിന്റെ സഹായത്തോടുകൂടി നടത്തിയ സ്വര്‍ണ്ണക്കൊള്ളയില്‍ എങ്ങനെയാണ് പ്രതിപക്ഷത്തെ ഒരു എം.പി മാത്രമായിരുന്ന ശ്രീ അടൂര്‍ പ്രകാശിന് പങ്കുണ്ടായിരിക്കുക?

മാത്രമല്ല എസ്.ഐ.ടി ഒരു സംശയം ചോദിച്ചപ്പോള്‍ ചോദ്യം ചെയ്യലിന് നോട്ടീസ് പോലും കൊടുക്കാതെ എസ്.ഐ.ടിക്ക് മുന്നില്‍ പോയി ധൈര്യത്തോടുകൂടി മറുപടി പറഞ്ഞ വ്യക്തിയാണ് ശ്രീ അടൂര്‍ പ്രകാശ്. അത് കഴിഞ്ഞ് മാസം കുറെയായല്ലോ എന്തുകൊണ്ടാണ് നിങ്ങളുടെ പോലീസ് അടൂര്‍ പ്രകാശിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത്? കാരണം അദ്ദേഹത്തിന്റെ കയ്യില്‍ ഈ സ്വര്‍ണ്ണം കടത്തിയതിന്റെ ചെളി പറ്റിയിട്ടില്ല എന്നുള്ള കാര്യം നിശ്ചയമാണ്.

നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതായിട്ടുണ്ട്. എങ്ങനെയാണ് ഇതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തത്തില്‍ നിന്ന് സി.പി.എമ്മിന് മാറുവാന്‍ കഴിയുക? അതിന്റെ ഒരുപാട് രേഖകള്‍ വന്നിട്ടുണ്ട്. 2016-ന് ശേഷം 25 വരെ ശ്രീ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവില്‍ നാല് പേരെയാണ് ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റുമാരായി പിണറായി വിജയന്‍ നിയമിച്ചത്. ആ നാല് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരില്‍ രണ്ട് പേര്‍ ജയിലില്‍ കിടന്നു. ഒരാള്‍ സംശയത്തിന്റെ മുള്‍മുനയിലാണ്.

ജയിലില്‍ കിടന്ന രണ്ട് പേര്‍ നിസ്സാരക്കാരല്ല. ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റും സി.പി.എം നേതാവുമായിരുന്ന വാസു, സി.പി.എമ്മിന്റെ കോന്നി എം.എല്‍.എയും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പത്മകുമാര്‍. ഇവരൊക്കെ ജയിലില്‍ കിടന്നിട്ടും ചില്ലറ ഉളുപ്പൊന്നും പോരാ ഏതോ ഒരു ചിത്രം കാണിച്ചിട്ട് പോറ്റിയും അടൂര്‍ പ്രകാശും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇങ്ങനെ സമാന്തര രേഖകള്‍ വരച്ച് നിങ്ങള്‍ക്ക് ഒരു സഖ്യം രൂപീകരിക്കാന്‍.

കടകംപള്ളി സുരേന്ദ്രനെ നിരവധി തവണ എസ്.ഐ.ടിക്ക് ചോദ്യം ചെയ്യുവാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഉണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെ തന്ത്രപ്രധാനമായ പദവികളിലേക്ക് എത്തിച്ചതും ഈ സ്വര്‍ണ്ണക്കൊള്ളയിലുമൊക്കെ പങ്കുണ്ടായിട്ടും അയാളെ ഇതുവരെ അറസ്റ്റ് ചെയ്യുവാന്‍ ഈ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. അന്വേഷണം മന്ത്രിയിലേക്ക് നീളുന്നു എന്ന ഘട്ടം വന്നപ്പോഴാണ് തന്ത്രിയെ ഈ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് വാര്‍ത്തയുടെ റൂട്ട് മാറ്റുവാന്‍ ശ്രമിച്ചത്. തന്ത്രി ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമൊന്നുമില്ല.

പക്ഷേ നിങ്ങള്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് ശേഷം കോടിക്കണക്കിനായ അയ്യപ്പ വിശ്വാസികളുടെ സങ്കല്‍പ്പത്തിന്റെ ഭാഗമായ തന്ത്രിക്കെതിരായിട്ട് എന്ത് തെളിവാണ് നിങ്ങള്‍ക്ക് കോടതിയില്‍ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞത്? നിങ്ങള്‍ കൊടുത്ത എല്ലാ ഫോള്‍സ് അലിഗേഷന്‍സിനെയും റദ്ദ് ചെയ്തുകൊണ്ട് ബഹുമാനപ്പെട്ട കോടതി തന്ത്രിക്ക് ജാമ്യം കൊടുക്കുമ്പോള്‍ രണ്ട് വട്ടമാണ് തന്ത്രിക്ക് അനുകൂലമായി പറഞ്ഞത്. ഒന്ന് പറഞ്ഞത് 'There is not even an iota of evidence against Thanthri' എന്നാണ്. രണ്ടാമത് പറഞ്ഞിരിക്കുന്നത് 'There is nothing on record against Thanthri' എന്നാണ്. എന്നിട്ടും നിങ്ങള്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് കൃത്യമായി രണ്ട് കാരണങ്ങളുണ്ട്.

ഒന്ന് പത്മകുമാര്‍ പറഞ്ഞ ഒരു വാചകമാണ്. പത്മകുമാര്‍ പറഞ്ഞു 'ദൈവതുല്യനായ ആള് പറഞ്ഞാല്‍ പിന്നെ എന്താണ് ചെയ്യുക' എന്ന്. ഒരു കാര്യം എല്ലാ മനുഷ്യന്മാര്‍ക്കും അറിയാം. പത്മകുമാറിന്റെ ദൈവവും ദൈവതുല്യനും അത് അയ്യപ്പനുമല്ല തന്ത്രിയുമല്ല അത് പിണറായി വിജയനാണ്. രണ്ട്, മന്ത്രിയിലേക്ക് നീളേണ്ട അറസ്റ്റിനെ വഴിതിരിക്കുവാന്‍ വാര്‍ത്ത മാറ്റുവാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അതിനും വിശ്വാസികള്‍ നിങ്ങളോട് ചോദ്യം ചോദിക്കുക തന്നെ ചെയ്യും.

വിശ്വാസ സംബന്ധമായ ഒന്നിന്റെയും മൂല്യം നമുക്ക് വിലകൊണ്ട് നിശ്ചയിക്കുവാന്‍ കഴിയില്ല. അതുകൊണ്ടാണല്ലോ മക്കയില്‍ നിന്ന് കൊണ്ടുവരുന്ന സംസം വെള്ളവും വത്തിക്കാനില്‍ നിന്ന് മാര്‍പ്പാപ്പ വാഴ്ത്തിക്കൊണ്ടുവരുന്ന പൊന്നും നമുക്ക് വിലമതിക്കുവാന്‍ കഴിയാത്തതായി മാറുന്നത്. അതുപോലെതന്നെയാണ് അയ്യപ്പന്റെ പൊന്നും. അയ്യപ്പന്റെ പൊന്നിന്റെ വില കണക്കാക്കുന്നത് ഗ്രാമിലല്ല. ഒരു ഗ്രാമിന് കോടിക്കണക്കിന് രൂപ കൊടുക്കുവാന്‍ മനുഷ്യന്മാരുള്ള ഒരു നാട്ടില്‍ അയ്യപ്പന്റെ കിലോക്കണക്കിന് സ്വര്‍ണ്ണം അടിച്ചുമാറ്റിയ ഒരു സര്‍ക്കാരിന് എത്ര ആയിരം കോടി രൂപയായിരിക്കും അതിലൂടെ കൊള്ളമുതലായി വന്നു ചേര്‍ന്നിട്ടുണ്ടാവുക.

'പഞ്ചാഗ്‌നി മധ്യേ തപസ്സു ചെയ്താലുമീ പാപകര്‍മ്മത്തിന് പ്രതിക്രിയയാകുമോ?' അദ്വൈതം എന്ന് പറയുന്ന മലയാള സിനിമയിലെ പാട്ടിന്റെ ഈ വരികള്‍ എഴുതി വെച്ചിട്ടാണ് ജസ്റ്റിസ് ഭദ്രുദ്ദീന്റെ ബെഞ്ച് ശബരിമലയില്‍ നടന്ന സ്വര്‍ണ്ണക്കൊള്ളയുടെ ഭീകരത, ആ പാപത്തിന്റെ കറയെപ്പറ്റി കൃത്യമായി പരാമര്‍ശിച്ചു വെച്ചിരിക്കുന്നത്. ആ പാട്ടില്‍ പറഞ്ഞിരിക്കുന്നത് പോലെ നിങ്ങള്‍ ഏതൊരു അഗ്‌നിയില്‍ നിന്ന് തപസ്സ് ചെയ്താലും നിങ്ങള്‍ ചെയ്ത പാപത്തിന്റെ കറ, വിശ്വാസികളെ വഞ്ചിച്ചതിന്റെ കറ, വിശ്വാസത്തെ വഞ്ചിച്ചതിന്റെ കറ, അയ്യപ്പനെ വിറ്റതിന്റെ കറ, അവിടുത്തെ തങ്ക വിഗ്രഹം പോലും അവിടെ ഉണ്ടോ എന്ന് ഓരോ വിശ്വാസികളും സംശയത്തോടെ ചിന്തിക്കുന്ന ആ ആശങ്കയുടെ വില ഇതിനും ജനങ്ങള്‍ ബാലറ്റിലൂടെ തന്നെ മറുപടി പറയുക തന്നെ ചെയ്യും.'

Tags:    

Similar News