1999 നവംബറിലാണ് കിഫ്ബി രജിസ്റ്റര്‍ ചെയ്തത്; അതനുസരിച്ച് 25-ാം വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്നത് 2024-ലോ പരമാവധി 2025-ലോ; പക്ഷേ ആഘോഷം 2026 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി; തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കിഫ്ബിയുടെ 130 കോടിയുടെ പരസ്യപ്പൊരിച്ചില്‍; ഇത് വന്‍ ധൂര്‍ത്ത് തന്നെ; പാവങ്ങള്‍ പെട്രോള്‍ അടിക്കുമ്പോള്‍ ഊറ്റുന്ന പണം എങ്ങോട്ടു പോകുന്നു? പിടി ചാക്കോ രേഖകള്‍ പുറത്തു വിടുമ്പോള്‍

Update: 2026-04-08 05:48 GMT

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള മാസങ്ങളില്‍ കിഫ്ബിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തിയത് കോടികളുടെ പരസ്യ ധൂര്‍ത്തെന്ന് വെളിപ്പെടുത്തല്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. 129.67 കോടി രൂപയാണ് കിഫ്ബി പരസ്യങ്ങള്‍ക്കായി മാത്രം ചെലവിട്ടതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

വാര്‍ഷികത്തിന്റെ മറവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം?

കിഫ്ബിയുടെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പരസ്യങ്ങള്‍ നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിലെ വൈരുദ്ധ്യം പി.ടി. ചാക്കോ ചൂണ്ടിക്കാട്ടുന്നു:

രജിസ്ട്രേഷന്‍: 1999 നവംബറിലാണ് കിഫ്ബി രജിസ്റ്റര്‍ ചെയ്തത്. അതനുസരിച്ച് 25-ാം വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്നത് 2024-ലോ പരമാവധി 2025-ലോ ആയിരുന്നു.

പരസ്യങ്ങളുടെ സമയം: വാര്‍ഷികം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷം, 2026 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കോടികളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്.

ലക്ഷ്യം: മാര്‍ച്ച് 15-നാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ഈ തീയതിക്ക് തൊട്ടുമുന്‍പ് സര്‍ക്കാര്‍ നേട്ടങ്ങള്‍ കൊട്ടിഘോഷിക്കാന്‍ കിഫ്ബിയുടെ പണം ഉപയോഗിച്ചു എന്നാണ് ആരോപണം.

സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് സാധാരണയായി പിആര്‍ഡി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ നിരക്കാണ് ഈടാക്കാറുള്ളത്. എന്നാല്‍ കിഫ്ബിയുടെ ഈ പരസ്യങ്ങള്‍ക്കായി പിആര്‍ഡി നിരക്കിനേക്കാള്‍ മൂന്നും നാലും മടങ്ങ് അധികമുള്ള 'കൊമേഴ്‌സ്യല്‍ റേറ്റ്' ആണ് നല്‍കിയിരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 8.9% ഉയര്‍ന്ന പലിശയ്ക്ക് എടുത്ത വായ്പാ പണമാണ് ഇത്തരത്തില്‍ പരസ്യങ്ങള്‍ക്കായി പൊടിക്കുന്നതെന്ന് പി.ടി. ചാക്കോ കുറ്റപ്പെടുത്തി. 'നമ്മള്‍ ഓരോ തവണ പെട്രോള്‍ അടിക്കുമ്പോഴും നല്‍കുന്ന നികുതിപ്പണമാണ് കിഫ്ബിയുടെ തിരിച്ചടവിനായി ഉപയോഗിക്കുന്നത്. ആ പണമാണ് ആകാശംമുട്ടെ നില്‍ക്കുന്ന ഹോര്‍ഡിംഗുകള്‍ക്കും കാതടപ്പിക്കുന്ന റേഡിയോ പരസ്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്. കേരളം കുതിക്കുകയല്ല, പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ കിതയ്ക്കുകയാണ് ചെയ്യുന്നത്,' പി.ടി. ചാക്കോ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പിആര്‍ഡിയുടെ 117.24 കോടി രൂപയ്ക്ക് പുറമെയാണ് കിഫ്ബിയുടെ ഈ 130 കോടിയോളം രൂപ. ഫലത്തില്‍ 250 കോടിയിലധികം രൂപയുടെ നികുതിപ്പണം സര്‍ക്കാര്‍ സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ കണക്കുകള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

പിടി ചാക്കോയുടെ പോസ്റ്റ് ചുവടെ

കിഫ്ബിയുടെ പരസ്യം 129.67 കോടി- കേരളം കുതിച്ചില്ല: കിതച്ചു

നമ്മുടെ നികുതിപ്പണത്തിലെ 250 കോടി പൊടിച്ചാണ് പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നു എഫ്ബിയില്‍ കുറിച്ചപ്പോള്‍ പലര്‍ക്കും അത് അവിശ്വസനീയമായിരുന്നു. പിആര്‍ഡിയുടെ 117.24 കോടി, കിഫ്ബിയുടെ 110 കോടി എന്നായിരുന്നു എന്റെ കണക്ക്. പിആര്‍ഡിയുടെതെല്ലാം രേഖകള്‍ വച്ചായിരുന്നു. കിഫ്ബിയുടേതിന് രേഖകളില്ലായിരുന്നു. അതിനുള്ളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇപ്പോള്‍ ഇതാ രേഖയുമെത്തി.

വിവരാവകാശനിയമ പ്രകാരം ഇന്നലെ രാത്രി കിട്ടിയ കിഫ്ബിയുടെ കണക്കു പ്രകാരം 129. 67 കോടി രൂപയാണ് പരസ്യപ്രചാരണത്തിന് ചെലവിട്ടത്! കിഫ്ബിയുടെ 25-ാം വാര്‍ഷികത്തിനാണ് പരസ്യം നല്കിയതെന്നു പറയുന്നു. 1999 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ 25-ാം വാര്‍ഷികം 2024ലോ പരമാവധി 2025ലോ അല്ലേ ആഘോഷിക്കേണ്ടത്? പക്ഷേ പിആര്‍ഡി നിരക്കിനേക്കാള്‍ മൂന്നും നാലും മടങ്ങുള്ള കോമേഴ്സ്യല്‍ നിരക്കിലുള്ള പരസ്യങ്ങള്‍ വന്നത് 2026 ഫെബ്രുവരിയിലും മാര്‍ച്ചിലും.

കേരള നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത് മാര്‍ച്ച് 15ന്!

കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പിആര്‍ഡിയോട് കിടപിടിക്കുന്ന പരസ്യദാതാവായി കിഫ്ബി മാറിയത്.

പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 8.9% നിരക്കിലെടുക്കുന്ന വായ്പയാണ് കിഫ്ബിയുടെ മൂലധനം. അടിസ്ഥാനസൗകര്യവികസനത്തിനെടുക്കുന്ന പണമാണ് ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്.

മോട്ടോര്‍ വാഹന നികുതി, ഇന്ധനനികുതി എന്നിവയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ് തിരിച്ചടവിന് ഉപയോഗിക്കുന്നത്.

ഓരോ തവണയും പെട്രോള്‍ അടിക്കുമ്പോള്‍ ഓര്‍ക്കുക, ആകാശംമുട്ടെ നില്ക്കുന്ന ഹോര്‍ഡിംഗുകളും കാതടപ്പിക്കുന്ന പരസ്യങ്ങളുമെല്ലാം നമ്മുടെ ചെലവിലാണ്. നമ്മുടെ വീട്ടുകാര്‍ അനുഭവിക്കേണ്ട പണമാണ്!

കേരളം കുതിച്ചില്ല; കിതച്ചു


Full View


Tags:    

Similar News