ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; ലോക ശക്തിയുടെ അന്ത്യശാസനങ്ങൾ തള്ളി പത്തിന നിബന്ധനകളുമായി ടെഹ്‌റാൻ; അമേരിക്കയെ നാണം കെടുത്തിയ വെടിനിർത്തൽ പ്രഖ്യാപനം; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്; മാറുന്ന ലോകക്രമത്തിൽ ചൈനയും റഷ്യയും കരുത്തരാകുന്നു?; ഗൾഫ് രാഷ്ട്രങ്ങളിൽ കടുത്ത ഭീതി

Update: 2026-04-08 06:35 GMT

വാഷിംഗ്ടൺ: ഒരാഴ്ച കൊണ്ട് ഇറാന്റെ മുനയൊടിക്കാമെന്ന കണക്കുകൂട്ടലില്‍ യുദ്ധത്തിനിറങ്ങിയ ഡൊണാള്‍ഡ് ട്രംപിന് 39-ാം നാള്‍ നേരിടേണ്ടി വന്നത് ലോകത്തിന് മുന്നിലെ സമാനതകളില്ലാത്ത നയതന്ത്ര പരാജയം. യുദ്ധം തുടങ്ങി ആഴ്ചകള്‍ പിന്നിടുമ്പോള്‍ എങ്ങനെയെങ്കിലും തലയൂരാന്‍ വഴി തേടി അമേരിക്ക വെള്ളം കുടിക്കുന്ന കാഴ്ചയ്ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിച്ചത്. ഒടുവില്‍, താന്‍ മുന്നോട്ട് വെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ പുച്ഛിച്ചു തള്ളിയതോടെ, നാണക്കേട് മറയ്ക്കാന്‍ ഇറാന്റെ 'പത്തിന' നിബന്ധനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി താല്‍ക്കാലിക വെടിനിര്‍ത്തലില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് വൈറ്റ് ഹൗസ്.

യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ഇറാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്നും ഇറാനിയൻ സിവിലൈസേഷനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കുമെന്നും ട്രംപ് അവസാന നിമിഷം വരെ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ആക്രമണം തുടങ്ങുമെന്ന അന്ത്യശാസനം പലതവണ നീട്ടിനൽകിയെങ്കിലും ഇറാൻ വഴങ്ങിയില്ല. ട്രംപിന്റെ വെല്ലുവിളികളെ പുച്ഛിച്ചു തള്ളിയ ഇറാൻ മിസൈൽ ആക്രമണങ്ങളിലൂടെ തിരിച്ചടിക്കുകയും ചെയ്തതോടെ അമേരിക്കൻ പ്രതിരോധം പ്രതിസന്ധിയിലായി.

വാക്ക് പാലിക്കാൻ കഴിയാതെ നാണംകെട്ട അവസ്ഥയിൽ ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രിയെയും സൈനിക മേധാവി അസിം മുനീറിനെയും ചർച്ചകൾക്കായി നിയോഗിച്ചു. എന്നാൽ ഇറാന്റെ കടുത്ത നിലപാടുകൾക്ക് മുന്നിൽ ഈ നീക്കങ്ങളും പരാജയപ്പെട്ടു. ഇവിടെയാണ് ചൈന നിർണ്ണായക ഇടപെടൽ നടത്തിയത്. പാകിസ്ഥാൻ വഴി ട്രംപ് മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ, പകരമായി സ്വന്തം നിലയിലുള്ള 10 നിർദ്ദേശങ്ങൾ പാകിസ്ഥാന് കൈമാറി. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ പാടെ തള്ളി.

ഇറാൻ നൽകിയ പ്രൊപ്പോസലുകൾ യുദ്ധത്തിൽ അവർ നേടിയ വിജയത്തിന്റെ വിളംബരമായിരുന്നു. ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ച സമയം അതിക്രമിക്കുകയും മറ്റൊരു വഴി ഇല്ലാതാവുകയും ചെയ്തതോടെയാണ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. പ്രൊപ്പോസലുകളെക്കുറിച്ച് ചർച്ച ചെയ്യാൻ സമയം വേണമെന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണമെങ്കിലും, ഇത് ട്രംപിന്റെ കീഴടങ്ങലായാണ് ലോകരാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. വെടിനിർത്തൽ സ്വന്തം വിജയമായി ആഘോഷിക്കാൻ ട്രംപ് ശ്രമിക്കുമ്പോഴും, തങ്ങൾ ഒത്തുതീർപ്പിന് തയ്യാറായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ അമേരിക്കയ്ക്കുള്ളിൽ തന്നെ ഡെമോക്രാറ്റുകളും സ്വന്തം പാർട്ടിയിലെ നേതാക്കളും രംഗത്തെത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ ട്രംപിന്റെ നിലപാടുകളെ അപലപിച്ചതും അമേരിക്കയെ പ്രതിരോധത്തിലാക്കി. ഇറാൻ മുന്നോട്ടുവെച്ച അവിശ്വസനീയമായ പത്തിന പ്രൊപ്പോസലുകൾ ലോകത്തെയും അമേരിക്കയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നത് ഇറാന്റെ പൂർണ്ണമായ വിജയമായി ചരിത്രം രേഖപ്പെടുത്തുമെന്നിരിക്കെ, ട്രംപിന്റെ നയതന്ത്ര നീക്കം ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്.

ഇറാൻ പുറത്തുവിട്ട നിർദ്ദേശങ്ങൾ അമേരിക്കയെ അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കുന്നതാണ്. പ്രധാനമായും താഴെ പറയുന്നവയാണ് ഇറാന്റെ ആവശ്യങ്ങൾ:

ഇറാന് മേലുള്ള എല്ലാവിധ ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണം.

യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ അവകാശം അംഗീകരിക്കണം.

ഇറാനെതിരെയുള്ള പ്രാഥമിക ഉപരോധങ്ങൾ പിൻവലിക്കണം.

ബാക്കിയുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യണം.

ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാന് തന്നെയാകണം.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ പ്രമേയങ്ങൾ റദ്ദാക്കണം.

ബോർഡ് ഓഫ് ഗവർണേഴ്‌സ് റെസല്യൂഷനുകൾ പിൻവലിക്കണം.

യുദ്ധത്തിൽ ഇറാന് നേരിട്ട നാശനഷ്ടങ്ങൾക്ക് അമേരിക്കയും ഇസ്രായേലും നഷ്ടപരിഹാരം നൽകണം.

ഗൾഫ് (ജി.സി.സി) മേഖലയിൽ നിന്നും അമേരിക്കൻ സേന പൂർണ്ണമായും പിന്മാറണം.

ഇതിൽ ആക്രമണം അവസാനിപ്പിക്കുക എന്നതൊഴികെ ബാക്കി ഒൻപത് നിർദ്ദേശങ്ങളും അമേരിക്കയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണ്. എന്നിട്ടും ചർച്ചകൾക്കായി വെടിനിർത്താൻ ട്രംപ് തയ്യാറായത് അമേരിക്കയുടെ പരാജയമായി വിലയിരുത്തപ്പെടുന്നു.

അമേരിക്കയുടെ സംരക്ഷണത്തിൽ വിശ്വസിച്ചുകഴിയുന്ന യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ജി.സി.സി രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് ശേഷിയില്ലെന്ന് ബോധ്യപ്പെടുന്നത് ഈ രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കും. അമേരിക്ക ഇടയ്ക്കുവെച്ച് പിന്മാറുന്നത് ഇറാൻ കൂടുതൽ കരുത്തരാകാൻ ഇടയാക്കുമെന്നും, അത് മേഖലയിൽ ഇറാന്റെ ആധിപത്യത്തിന് വഴിയൊരുക്കുമെന്നും ഗൾഫ് രാഷ്ട്രങ്ങൾ ഭയപ്പെടുന്നു. ഈ സാഹചര്യത്തിൽ അമേരിക്കയെ വിട്ട് ചൈനയുടെയും റഷ്യയുടെയും സംരക്ഷണം തേടാൻ ഈ രാജ്യങ്ങൾ നിർബന്ധിതരായേക്കും.

വെടിനിർത്തൽ പ്രഖ്യാപിച്ചതായി അമേരിക്ക അവകാശപ്പെടുമ്പോഴും ഇസ്രായേൽ, അബുദാബി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ഇറാൻ ആക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. തിരിച്ച് ഇസ്രായേലും ആക്രമണം നടത്തുന്നുണ്ട്. അതിനാൽ വെടിനിർത്തൽ പ്രായോഗികമായി നടപ്പിലായിട്ടില്ലെന്നതാണ് വസ്തുത. ട്രംപ് ഈ പ്രൊപ്പോസലുകളെക്കുറിച്ച് മൗനം പാലിക്കുന്നത് വലിയ ദുരൂഹതകൾക്ക് ഇടയാക്കുന്നുണ്ട്. ഈ നിബന്ധനകൾക്ക് മുന്നിൽ അമേരിക്ക പൂർണ്ണമായും വഴങ്ങിയാൽ അത് ലോകക്രമത്തിൽ തന്നെ വലിയ മാറ്റങ്ങൾക്കും നാശങ്ങൾക്കും വഴിവെച്ചേക്കാം.

Full View

ഡോണാൾഡ് ട്രംപ് തുടക്കമിട്ട ഇറാൻ യുദ്ധം ആഗോള രാഷ്ട്രീയ ഭൂപടത്തെ അടിമുടി മാറ്റിമറിക്കുന്നു. യുദ്ധത്തിന് മുൻപുണ്ടായിരുന്ന കരുത്തുറ്റ അമേരിക്കയല്ല ഇനി ലോകം കാണാനിരിക്കുന്നത്. ഈ പോരാട്ടം അമേരിക്കയെ അങ്ങേയറ്റം ദുർബലമാക്കിയപ്പോൾ, ഇറാനെ മുൻപത്തേക്കാൾ ശക്തമായ നിലയിലേക്ക് ഉയർത്തിയിരിക്കുകയാണ്. ലോകക്രമത്തിൽ അമേരിക്കയുടെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെയും ചൈനയും റഷ്യയും ആധിപത്യം ഏറ്റെടുക്കുന്നതിന്റെയും സൂചനകളാണ് പുറത്തുവരുന്നത്.

അമേരിക്കൻ സൈനിക ശക്തിയെക്കുറിച്ചും നയതന്ത്ര കരുത്തിനെക്കുറിച്ചും ലോകത്തിനുണ്ടായിരുന്ന അമിതമായ ആത്മവിശ്വാസമാണ് ഈ യുദ്ധത്തിലൂടെ ട്രംപ് ഇല്ലാതാക്കിയത്. ഇറാനെ അതിവേഗം മുട്ടുകുത്തിക്കാമെന്ന കണക്കുകൂട്ടലുകൾ പിഴച്ചതോടെ, ലോകത്തെ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ ശേഷി ചോദ്യം ചെയ്യപ്പെടുകയാണ്. ഇറാന്റെ മതതീവ്രവാദ രാഷ്ട്രീയത്തിന് മുന്നിൽ ലോകത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരുന്ന പുതിയൊരു സാഹചര്യമാണ് സംജാതമാകുന്നത്.

അമേരിക്ക പിന്നോട്ട് പോകുന്നതോടെ ആഗോള രാഷ്ട്രീയത്തിന്റെ നിയന്ത്രണം ചൈനയുടെയും റഷ്യയുടെയും കൈകളിലേക്ക് നീങ്ങുകയാണ്. ഇത് ജനാധിപത്യ മൂല്യങ്ങളിലും ആവിഷ്കാര സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നവർക്ക് വലിയ തിരിച്ചടിയാകും. സ്വതന്ത്രമായ ലോകക്രമത്തിന് പകരം കൂടുതൽ നിയന്ത്രണങ്ങളുള്ള, തീവ്രനിലപാടുകൾക്ക് മുൻഗണന നൽകുന്ന ഒരു വ്യവസ്ഥിതി രൂപപ്പെടാനുള്ള സാധ്യതകൾ ഏറുകയാണ്.

Tags:    

Similar News