ശബ്ദരേഖ വ്യാജമാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച മാത്യു കുഴല്‍നാടന്‍; കേസു കൊടുത്താല്‍ മറ്റ് വിശദാംശങ്ങള്‍ പറയാമെന്ന് പ്രഭാജും; കൃഷ്ണന്‍കുട്ടി ഇനിയും പോലീസില്‍ പരാതി കൊടുത്തില്ല; അത് നിര്‍മ്മിത ബുദ്ധി ചതിയോ? പ്രളയം മനുഷ്യനിര്‍മ്മിതമെന്ന വാദം ശക്തമാക്കി ആ ഓഡിയോ? മറുതലയ്ക്കലുള്ള വ്യക്തിയെ അറിഞ്ഞാല്‍ കേരളം ഞെട്ടും

Update: 2026-04-09 02:29 GMT

തിരുവനന്തപുരം: കേരളത്തെ തകര്‍ത്തെറിഞ്ഞ മഹാപ്രളയം പ്രകൃതിക്ഷോഭമായിരുന്നോ അതോ ആസൂത്രിതമായ അട്ടിമറിയായിരുന്നോ എന്ന തര്‍ക്കം സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും പുകയുന്നു. വിവാദമായ ഫോണ്‍ സംഭാഷണം പുറത്തുവന്ന് ദിവസം രണ്ടായിട്ടും മാത്യു കുഴല്‍നാടനെതിരെ പോലീസില്‍ പരാതി നല്‍കാനോ നിയമനടപടികള്‍ സ്വീകരിക്കാനോ ആരും തയ്യാറാകാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദം എ.ഐ (നിര്‍മ്മിത ബുദ്ധി) ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന വിശദീകരണത്തെ പരിഹസിച്ച് ജനതാദള്‍ മുന്‍ നേതാവ് ആര്‍.എസ്. പ്രഭാതും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടനും രംഗത്തെത്തിയതോടെ വിഷയം പുതിയ തലത്തിലേക്ക് കടന്നു.

ശബ്ദരേഖ വ്യാജമാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച മാത്യു കുഴല്‍നാടന്റെ നിലപാട് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരു മന്ത്രിയുടെ പേരില്‍ വ്യാജരേഖ ചമച്ചു എന്ന ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും ആഭ്യന്തര വകുപ്പോ പോലീസോ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ശക്തമാണ്. ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ശബ്ദരേഖയിലെ സത്യം പുറത്തുവരുമെന്ന ഭയമാണോ പരാതി നല്‍കുന്നതില്‍ നിന്ന് മന്ത്രിയെ പിന്നോട്ടടിപ്പിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

സംഭാഷണത്തിലെ ശബ്ദം എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ചതാകാമെന്ന മന്ത്രിയുടെ വാദത്തെ ആര്‍.എസ്. പ്രഭാത് ശക്തമായി പരിഹസിച്ചു. എ.ഐ ആണെങ്കില്‍ അത് തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ടെന്നും, എന്തുകൊണ്ടാണ് ഇത്രയും സമയം കഴിഞ്ഞിട്ടും സൈബര്‍ പോലീസിനെ സമീപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. പരാതിയുമായി മുന്നോട്ട് പോയാല്‍ ഈ സംഭാഷണത്തില്‍ മറുതലയ്ക്കല്‍ സംസാരിച്ച വ്യക്തിയുടെ പേര് പരസ്യമായി വെളിപ്പെടുത്തുമെന്ന പ്രഭാതിന്റെ മുന്നറിയിപ്പ് സര്‍ക്കാരിന് പുതിയ തലവേദനയായിട്ടുണ്ട്.

പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന വാദത്തിന് അടിവരയിടുന്ന രേഖകളാണ് മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടത്. 2019 മേയ് മാസത്തില്‍ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്സ് ഇതിന് തെളിവായി അദ്ദേഹം നിരത്തുന്നു. പ്രളയ പ്രതിരോധത്തേക്കാള്‍ ഉപരിയായി തോട്ടപ്പള്ളി സ്പില്‍വേയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കരിമണല്‍ ഖനനത്തിനായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ താല്പര്യം മണല്‍ ലോബിയെ സഹായിക്കാനായിരുന്നുവെന്ന ആരോപണം ഗൗരവകരമാണ്. മുന്‍ മന്ത്രി മാത്യു ടി തോമസിനെതിരെയാണ് ആരോപണം.

മഴക്കാലത്തിന് മുന്‍പ് മണ്ണ് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച സര്‍ക്കാര്‍, അത് ഒഴുകിപ്പോകാതെ നോക്കണമെന്ന് ഉത്തരവിട്ടത് എന്തിനാണെന്ന് കുഴല്‍നാടന്‍ ചോദിക്കുന്നു. ഡാം മാനേജ്മെന്റിന്റെ ഉത്തരവാദിത്തമുള്ള ജലവിഭവ വകുപ്പിന് മണലില്‍ എന്താണ് കാര്യമെന്ന ചോദ്യം മണല്‍ കടത്തിനായുള്ള ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നു. പ്രളയമെന്ന മറവില്‍ നടന്ന ഈ 'കരിമണല്‍ കച്ചവടം' ലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയ ക്രൂരമായ അട്ടിമറിയാണെന്നാണ് യു.ഡി.എഫിന്റെ വാദം.

പ്രളയ വിഷയത്തില്‍ സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ അവിശുദ്ധമായ 'ഡീല്‍' നടന്നുവെന്ന ആരോപണവും കുഴല്‍നാടന്‍ ആവര്‍ത്തിച്ചു. തീവ്രമഴയെക്കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ വീഴ്ച വരുത്തിയത് അന്ന് ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്രയും വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും ബി.ജെ.പി നേതാക്കള്‍ പുലര്‍ത്തുന്ന മൗനം ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. രണ്ട് മുന്നണികളും കുറ്റക്കാരെ സംരക്ഷിക്കാന്‍ ഒത്തുകളിക്കുകയാണെന്നാണ് യു.ഡി.എഫിന്റെ പക്ഷം.

മന്ത്രിയുടെ വിശദീകരണം എ.ഐ എന്ന സാങ്കേതിക വിദ്യയില്‍ ഒതുങ്ങുമ്പോള്‍, അത് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പോലീസ് സ്വമേധയാ തയ്യാറാകാത്തതും ചര്‍ച്ചയാകുന്നു. സാധാരണഗതിയില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മിന്നല്‍ വേഗത്തില്‍ നടപടി എടുക്കുന്ന സൈബര്‍ വിഭാഗം ഈ കാര്യത്തില്‍ പുലര്‍ത്തുന്ന നിശബ്ദത രാഷ്ട്രീയ വൃത്തങ്ങളില്‍ അത്ഭുതമുണ്ടാക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് ആര്‍.എസ്. പ്രഭാതും മാത്യു കുഴല്‍നാടനും വ്യക്തമാക്കിയതോടെ കേരള രാഷ്ട്രീയം വീണ്ടും കലുഷിതമായിരിക്കുകയാണ്. പരാതി നല്‍കാന്‍ മന്ത്രി മടിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം കേരളീയ പൊതുസമൂഹത്തിന് മുന്നില്‍ ബാക്കിയാകുന്നു.

Tags:    

Similar News